KeralaNEWS

ചെവിപൊട്ടുന്ന ശബ്ദത്തില്‍ പാട്ട്, പാലക്കാട്ട് പിടിവീണത് 89 സ്വകാര്യ ബസ്സുകൾക്ക് ; പിഴ 19,500 രൂപ

മോട്ടോര്‍വാഹനചട്ടം 289 പ്രകാരം സ്വകാര്യ ബസുകളില്‍ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങള്‍ പ്രവർത്തിപ്പിക്കുന്നത് നിയമപരമല്ല. ടൂറിസ്റ്റ് ബസുകളില്‍ മാത്രമേ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ.അതും അനുവദനീയമായ രീതിയിൽ മാത്രം
പാലക്കാട്: അനധികൃതമായി ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ച സ്വകാര്യ ബസുകൾക്കെതിരേ കർശന നടപടിയുമായി മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം. ജില്ലയിൽ രണ്ടാഴ്ചയായി തുടരുന്ന പരിശോധനയിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ ഘടിപ്പിച്ച 89 സ്വകാര്യ ബസുകൾക്കെതിരെയാണ് ഇതുവരെ നടപടിയെടുത്തത്. 19,500 രൂപ പിഴയും ഇവരിൽ നിന്ന് ഈടാക്കി.
സ്വകാര്യ ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനെതിരേ മനുഷ്യാവകാശ കമ്മിഷനിൽ പരാതിയെത്തുകയും കമ്മിഷൻ വകുപ്പിനോട് റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു.ഇതേത്തുടർന്ന് ട്രാൻസ്പോർട്ട് കമ്മിഷണറാണ് അന്വേഷണം നടത്താൻ എല്ലാ ആർ.ടി.ഒ.മാർക്കും നിർദേശം നൽകിയത്. ജില്ലയിൽ 261 ബസുകളിലാണ് ഇതുവരെ എൻഫോഴ്സ്മെന്റ് പരിശോധന നടത്തിയത്. കൊഴിഞ്ഞാമ്പാറ, വാളയാർ, പട്ടാമ്പി ഭാഗങ്ങളിലാണ് ഇത്തരത്തിൽ കൂടുതൽ പരിശോധന നടന്നത്.അനുവദനീയമല്ലാത്ത സ്ഥലങ്ങളിൽ ഹോൺമുഴക്കുന്നതിനെതിരെയും ഉയർന്ന ശബ്ദത്തിൽ ഹോൺ ഉപയോഗിക്കുന്നതിനെതിരെയുമുള്ള നടപടികളും ഇതോടൊപ്പം നടക്കുന്നുണ്ട്.
ബസ്സിൽ പാട്ട് പാടില്ല
——————————
കേരള മോട്ടോർവാഹനചട്ടം 289 പ്രകാരം സ്വകാര്യ ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ വയ്ക്കുന്നത് നിയമപരമല്ല.ടൂറിസ്റ്റ് ബസുകളിൽ മാത്രമേ ഇത്തരം ഉപകരണങ്ങൾ ഉപയോഗിക്കാൻ അനുവാദമുള്ളൂ. അവിടെയും ഉയർന്നശബ്ദത്തിൽ പാട്ടുവെച്ചാൽ നടപടി വരും. പല മാനസികാവസ്ഥയിലുള്ള യാത്രക്കാരാണ് സ്വകാര്യ ബസുകളിൽ കയറുന്നത്. എല്ലാവർക്കും പാട്ടുവെക്കുന്നത് അവരുടെ യാത്രയുടെ സാഹചര്യങ്ങളിൽ ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ, ടൂറിസ്റ്റ് ബസുകളിൽ വിനോദയാത്രയായതിനാലാണ് ഇത്തരം വിനോദങ്ങൾ അനുവദിക്കുന്നത്. സ്വകാര്യ ബസുകളിൽ പരസ്യംചെയ്യാൻ 50 ഡെസിബലിൽ താഴെവരുന്ന ശ്രവ്യ ഉപകരണം ഉപയോഗിക്കാൻ അനുമതിയുണ്ട്. അതിൽ റോഡ് സുരക്ഷയോ പകർച്ചവ്യാധി തടയൽ നിർദേശങ്ങളോ ഉൾപ്പെടുത്തുകയും വേണം.
പിടികൂടിയാൽ പിഴ
—————————-
ബസുകളിൽ ദൃശ്യ-ശ്രാവ്യ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാൽ 2,000 രൂപവരെ മോട്ടോർ വാഹനവകുപ്പ് പിഴയിടും. ഉപകരണത്തിന്റെ ശബ്ദവും ഉപയോഗിച്ച രീതിയുമെല്ലാം പരിശോധിച്ചാണ് നടപടിയെടുക്കുക. ഒപ്പം ഈ ഉപകരണങ്ങൾ ബസിൽനിന്ന് അഴിച്ചുമാറ്റുകയും വേണം. നിയമലംഘനങ്ങൾ കണ്ടെത്താൻ എല്ലാ താലൂക്കിലും കർശന പരിശോധന തുടരുമെന്ന് മോട്ടോർവാഹനവകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. എം.കെ. ജയേഷ്കുമാർ പറഞ്ഞു.

Back to top button
error: