ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗറില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരവാദികള്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ജെയ്ഷെ മുഹമ്മദ് ഭീകരനായ സുഹൈല്‍ അഹമ്മദ് റാഥേര്‍ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഡിസംബര്‍ 13-ന് സേവാനില്‍ പോലീസ് ബസിനു നേരെയുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരനാണ് സുഹൈല്‍. അന്നത്തെ ആക്രമണത്തില്‍ മൂന്നു പോലീസുകാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു. കൂടാതെ നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശ്രീനഗറിനടുത്ത് പാന്താചൗക്കില്‍ രാത്രിയോടെ ആയിരുന്നു ഏറ്റുമുട്ടല്‍. മൂന്നു പോലീസുകാര്‍ക്കും ഒരു സി.ആര്‍.പി.എഫ്. ജവാനും ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. ഈ ഓപ്പറേഷനോടു കൂടി ജമ്മു കശ്മീര്‍ പോലീസിനു നേര്‍ക്കുണ്ടായ ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഭീകരരും കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു.
36 മണിക്കൂറിനിടെ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. നേരത്തെ, അനന്ത്നാഗിലും കുല്‍ഗാമിലും നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളില്‍ ആറ് ഭീകരവാദികള്‍ കൊല്ലപ്പെട്ടിരുന്നു. ഇതില്‍ റണ്ടുപേര്‍ പാകിസ്താന്‍ പൗരന്മാരാണ്. മൂന്നു പേരേക്കൂടി വധിച്ചതോടെ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം ഒന്‍പതായി ഉയര്‍ന്നു.