ബംഗളൂരു: ക്രൈസ്തവ വിശ്വാസികൾക്കെതിരെ നടക്കുന്ന അക്രമങ്ങളിലും മതംമാറ്റ നിരോധന നിയമത്തിനെതിരെയും പ്രതിഷേധിക്കാൻ എസ്ഡിപിഐക്ക് ഒപ്പം ബംഗളൂരുവിൽ പ്രതിഷേധം സംഘടിപ്പിച്ച വൈദികരുടെ നടപടി വിവാദമാകുന്നു.കേരളത്തിൽ സമീപകാലങ്ങളിൽ നടന്നിട്ടുള്ള നിരവധി അക്രമ പ്രവർത്തനങ്ങളിലും നിഷ്ഠൂരമായ കൊലപാതകങ്ങളിലും എസ്.ഡി.പി.ഐ പ്രവർത്തകരുടെ പങ്ക് വ്യക്തമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണെന് നും തൊടുപുഴ ന്യൂമാൻ കോളജ് അധ്യാപകനായിരുന്ന പ്രഫ. ടി.ജെ. ജോസഫിനുമേൽ പ്രവാചക നിന്ദ എന്ന കുറ്റം ചുമത്തി പ്രാകൃതമായ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് മറക്കരുതെന്നും ചില ക്രൈസ്തവ വിഭാഗത്തിലുള്ളവർ തന്നെ ചൂണ്ടിക്കാട്ടുന്നു.
എസ്.ഡി.പി.ഐക്കൊപ്പം ക്രൈസ്തവ സന്യസ്തരും വൈദികരും മതംമാറ്റ നിരോധന നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന് അണിനിരന്നത് തെറ്റിദ്ധാരണമൂലമെന്ന് കെ.സി.ബി.സിയും വ്യക്തമാക്കി. ക്രൈസ്തവർക്കുവേണ്ടി എസ്.ഡി.പി.ഐ പ്രതിഷേധിക്കുന്നത് വിരോധാഭാസമാണ്. കേരളത്തിൽ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതിൽ പലപ്പോഴും മുഖ്യ പങ്കുവഹിച്ചിട്ടുള്ള എസ്.ഡി.പി.ഐ ഇതിലൂടെ ലക്ഷ്യംവെക്കുന്നത് ഗൂഢമായ രാഷ്ട്രീയ മുതലെടുപ്പുകൾ മാത്രമാണെന്ന് വ്യക്തമാണെന്നും കെ.സി.ബി.സി ഐക്യജാഗ്രതാ കമീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറഞ്ഞു.