NEWS

ഓണക്കൂറിനും പലേരിക്കും ഒപ്പം കട്ടപ്പനയുടെ സ്വന്തം മോബിൻ മോഹനും കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്

മോബിൻ മോഹന് ലഭിച്ച പുരസ്കാരമാണ് ഇത്തവണത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകളിൽ ഏറെ ശ്രദ്ധേയമായത്. മലയോര കർഷകരുടെ ജീവിതവും ഹൈറേഞ്ചിൻ്റെ സ്പന്ദനങ്ങളും നമ്മുടെ സാഹിത്യരചനകളിൽ കാര്യമായി പ്രതിഫലിപ്പിക്കപ്പെട്ടിട്ടില്ല. കുട്ടനാടും വള്ളുവനാടും ഏറനാടും ഉത്തര കേരളവുമൊക്കെയാണ് എഴുത്തുകാരുടെ ഇഷ്ടപ്പെട്ട ഭൂമികകൾ. ഇടുക്കിയിലെ കുടിയേറ്റ ജീവിതത്തിൻ്റെ കണ്ണീരും വിയർപ്പും തൊട്ടറിഞ്ഞ മോബിൻ മോഹൻ കട്ടപ്പനയുടെ സ്വന്തം എഴുത്തുകാരനാണ്

 ജോർജ് ഓണക്കൂറിൻ്റെ ‘ഹൃദയരാഗങ്ങൾ’ എന്ന ആത്മകഥയ്ക്കും ‘അവർ മൂവരും ഒരു മഴവില്ലും’ എന്ന രഘുനാഥ് പലേരിയുടെ ബാലസാഹിത്യനോവലിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചപ്പോൾ, മാധ്യമങ്ങളും സാഹിത്യ ലോകവും വേണ്ടത്ര ആഘോഷിക്കാതെ വിസ്മരിച്ച ഒരു പുരസ്കാരം കൂടി കേരളത്തിനു ലഭിച്ചു.

Signature-ad

‘ജക്കരന്ത’ എന്ന നോവൽ രചിച്ച മോബിൻ മോഹന് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരമാണത്.

ഇടുക്കി ജില്ലയിൽ കട്ടപ്പനക്കടുത്ത് കാഞ്ചിയാർ സ്വദേശിയാണ് മോബിൻ മോഹൻ. അധ്യാപകൻ, കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ, ഗ്രന്ഥശാല പ്രവർത്തകൻ, എഴുത്തുകൂട്ടം ഇടുക്കി ജില്ലാ പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രശസ്തനാണ്.
പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന സമിതി അംഗമാണ്. ആനുകാലികങ്ങളിൽ കഥയെഴുതുന്നു. പുറമ്പോക്ക്, ആകാശം പെറ്റ തുമ്പികൾ എന്നീ രണ്ട് കഥാസമാഹാരങ്ങളും ‘ജക്കരന്ത’ എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സാംസ്കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഇടുക്കി ജില്ലാ കോർഡിനേറ്റർ ആയിരുന്നു. ബുക്ക്‌ കഫേ അക്ബർ കക്കട്ടിൽ നോവൽ പുരസ്കാരം, നളന്ദ പുരസ്കാരം, മലയാള ഐക്യവേദി കൊലുമ്പൻ കഥാപുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്. 2021 ൽ കേന്ദ്ര സാഹിത്യഅക്കാദമിയുടെ യങ് റൈറ്റേഴ്സ് മീറ്റിൽ മലയാളത്തെ പ്രതിനിധീകരിച്ച് കഥ അവതരിപ്പിച്ചു. കേന്ദ്ര സാഹിത്യഅക്കാദമിയുടെ യുവ പുരസ്കാറിന് മൂന്നുതവണ ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടു. നിരവധി ഓഡിയോ കാസറ്റുകൾക്ക് വേണ്ടി ഗാനങ്ങൾ രചിച്ചിട്ടുണ്ട്.
കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ മോബിൻ, കട്ടപ്പന മുൻസിഫ് കോടതി ജീവനക്കാരനാണ്. മലയാളസാഹിത്യത്തിൻ്റെ ഭാവി വാഗ്ദാനമാണ് ഈ യുവ സാഹിത്യകാരൻ.

Back to top button
error: