തിരുവനന്തപുരം വക്കത്ത് ട്രയിന്‍ തട്ടി മരിച്ചെന്ന് കരുതിയ എല്‍.ഐ.സി ഏജന്റ് ജെസിയുടെ മരണം കൊലപാതകമെന്ന് പൊലീസ്.സംഭവത്തിൽ ജെസിയുടെ സുഹൃത്ത് മോഹനന്‍ അറസ്റ്റിലായി. ആവശ്യപ്പെട്ട പണം നല്‍കാത്തതിലുള്ള വൈരാഗ്യവും ഇരുവരും തമ്മിലുള്ള ബന്ധം പുറത്തറിയുന്നതിലുള്ള മാനക്കേടും മൂലം നടത്തിയ കൊലപാതകമാണ് ഇതെന്നും പൊലീസ് അറിയിച്ചു.
വക്കം സ്വദേശിയായ 53 കാരി ജെസിയെ ഈ മാസം 18നാണ് റയില്‍വെ ട്രാക്കിന് സമീപം മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തില്‍ ട്രയിന്‍ തട്ടിയിട്ടുണ്ടായിരുന്നതിനാല്‍ ആത്മഹത്യയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ ജെസി ധരിച്ചിരുന്ന സ്വര്‍ണം കാണാതിരുന്നത് സംശയത്തിന് ഇടയാക്കി. ശ്വാസംമുട്ടിയാണ് മരണമെന്ന് പോസ്റ്റുമോര്‍ട്ടത്തിലും വ്യക്തമായതോടെ കൊലപാതക സാധ്യത കേന്ദ്രീകരിച്ച് അന്വേഷിക്കുകയായിരുന്നു. മരണം നടന്ന ദിവസം അയല്‍വാസിയായ മോഹനനൊപ്പം ജെസി ഓട്ടോയില്‍പ്പോയതായി സാക്ഷിമൊഴിയും ലഭിച്ചതോടെയാണ് അന്വേഷണം വഴിത്തിരിവിലെത്തിയത്.