IndiaNEWS

ഹെലിപ്പാഡ് നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട വ്യാജ വനംമേധാവിയെ പൊലീസ് പിടികൂടി

കുമളി: ഹെലിപ്പാഡ് നിര്‍മിക്കാന്‍ പണം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം മര്‍ദിച്ച വ്യാജ വനം മേധാവി ഒടുവില്‍ പൊലീസ് പിടിയിലായി.തേനി ജില്ലയിലെ ഗുഡല്ലൂര്‍, എം.ജി.ആര്‍ തെരുവില്‍ എംഗല്‍സ് (32) ആണ് അറസ്റ്റിലായത്. ദിണ്ടുക്കല്‍ മുതല്‍ ശബരിമല വരെയുള്ള വനമേഖലയുടെ മേധാവിയെന്ന പേരില്‍ ഭാര്യ വീട്ടുകാരെ കബളിപ്പിച്ച്‌ 2018 ലാണ് അനുമന്ധംപെട്ടി സ്വദേശി കര്‍ണ്ണന്‍റെ മകള്‍ ഹര്‍സിലായെ ഇയാൾ വിവാഹം കഴിച്ചത്.
ഭാര്യ വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ വനം വകുപ്പ് വാഹനത്തിനു മുന്നില്‍ നില്‍ക്കുന്നതും വനപാലകര്‍ സല്യൂട്ട് ചെയ്യുന്നതുമായ ചില ഫോട്ടോകള്‍ വ്യാജമായി തയാറാക്കി നല്‍കുകയും ചെയ്തു. ‘വനം മേധാവിക്ക്’ 10 ലക്ഷം രൂപയും 65 പവന്‍ സ്വര്‍ണ്ണവും നല്‍കിയായിരുന്നു വിവാഹം. ഇവര്‍ക്ക് ഒരു വയസ്സുള്ള പെണ്‍കുഞ്ഞും ഉണ്ട്. അടുത്തിടെ, ഹെലികോപ്ടര്‍ ഇറങ്ങാന്‍ ഹെലിപ്പാഡ് നിര്‍മിക്കണമെന്നും ഇതിനായി ഭാര്യവീട്ടുകാരില്‍ നിന്നും പണം ആവശ്യപ്പെട്ടുമാണ് ഹര്‍സിലയെ നിരന്തരം മര്‍ദിച്ചത്.
ഹെലിപാഡ് കാര്യത്തില്‍ സംശയം തോന്നിയ ഹര്‍സിലയുടെ പിതാവ് കര്‍ണ്ണന്‍ തേനി വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. എംഗല്‍സ് സ്വകാര്യ സ്ഥാപനം നടത്തുന്ന ആള്‍മാത്രമാണെന്നും വനംവകുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായതോടെ ഭാര്യ വീട്ടുകാര്‍ക്കൊപ്പം നാട്ടുകാരും ഞെട്ടി. ഇതോടെ, സ്ത്രീധന പീഡനത്തിന് പരാതിയുമായി ഭാര്യ ഹര്‍സില ഉത്തമപാളയം വനിത പൊലീസ് സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Back to top button
error: