നന്നായി ഒന്നുറങ്ങിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ എന്ന് പറഞ്ഞുകേട്ടിട്ടില്ലേ? നല്ല ആരോഗ്യത്തിനും മാനസിക ഉന്മേഷത്തിനും നല്ല ഉറക്കം തന്നെയാണ് പലപ്പോഴും
മരുന്നാകാറുള്ളത്. ശരിയായി ഉറങ്ങിയില്ലെങ്കിൽ ചിലപ്പോൾ വിട്ടുമാറാത്ത അസുഖങ്ങൾക്കും അത് വഴിവച്ചേക്കാം. നമ്മുടെ ശരീരത്തിന് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും, തലച്ചോറിന്റെ പ്രവർത്തനവും ദഹനപ്രവർത്തനങ്ങളുമെല്ലാം ഉറക്കത്തിലൂടെ സുഗമമാക്കാവുന്നതാണ്. ഇങ്ങനെ ഒന്ന് നന്നായി ഉറങ്ങാൻ ശരീരത്തെ സഹായിക്കുന്ന പ്രധാന ഭക്ഷണങ്ങൾ കൂടി മനസിലാക്കാം.
നട്സുകൾ പലവിധേനയാണ് ആരോഗ്യത്തിന് ഗുണം ചെയ്യുന്നത്. ഇങ്ങനെയുള്ള നട്സുകളിൽ തന്നെ കേമനാണ് ബദാമെന്ന് പറയാം. ഒട്ടനവധി പോഷക ഘടങ്ങൾ അടങ്ങിയിട്ടുള്ള ബദാം ഉറക്കം ലഭിക്കാനും മികച്ച പ്രതിവിധിയാണ്.
ബദാമിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള മെലറ്റോണിൻ എന്ന ഹോർമോൺ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഉറക്കം ലഭിക്കാതെ ബുദ്ധിമുട്ടുന്നവർ മഗ്നീഷ്യം കൂടുതൽ ഉൾക്കൊള്ളുന്ന ആഹാരം കഴിയ്ക്കുന്നതും നല്ലതാണ്. ബദാമിൽ മഗ്നീഷ്യം നന്നായി അടങ്ങിയിരിക്കുന്നതിനാൽ ബദാം ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നു.
ഉറക്കത്തിനെതിരെ പ്രവർത്തിക്കുന്ന കോർട്ടിസോൾ എന്ന സ്ട്രെസ് ഹോർമോണിന്റെ അളവ് നിയന്ത്രിക്കുന്നതിനും ഇത് പ്രയോജനപ്പെടുന്നുണ്ട്. ഒരു ഔൺസ് ബദാമിൽ ദിവസേന നമുക്ക് അനിവാര്യമായ 14% ഫോസ്ഫറസ്, 32% മഗ്നീഷ്യം, 17% റൈബോഫ്ലേവിൻ എന്നിവ ഉൾക്കൊള്ളുന്നു.
ബദാം പോലെ ഉറക്കത്തിന്റെ ഗുണനിലവാരം മികച്ചതാക്കുന്ന മറ്റൊരു ഭക്ഷണപദാർഥമാണ് വാൾനട്ട്. ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോർമോണായ മെലറ്റോണിന്റെ ഉറവിടമാണ് ഇവ. വാൾനട്ടിൽ വിറ്റാമിനുകൾ, മിനറലുകൾ, ഫോസ്ഫറസ്, കോപ്പർ മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു.
ഉറക്കപ്രശ്നങ്ങൾ ഉള്ളവർ വാൾനട്ട് കഴിയ്ക്കുന്നത് അത്യുത്തമമാണെന്ന് പറയാൻ കാരണം, ഇതിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും ലിനോലെയിക് ആസിഡും പോലുള്ള ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട് എന്നതിനാലാണ്. വിശപ്പ് കുറയ്ക്കുന്നതിനും ഉറക്കം മെച്ചപ്പെടുത്താനും ഇവയ്ക്ക് സാധിക്കും.
ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ ഫാറ്റി മത്സ്യങ്ങൾ കഴിയ്ക്കുന്നതിലൂടെ ഉറക്കം നന്നാക്കാൻ സാധിക്കും. സാൽമൺ, ട്യൂണ, അയല തുടങ്ങിയ മത്സ്യങ്ങളിൽ കൊഴുപ്പുകൾ കൂടുതലായി അടങ്ങിയിട്ടുണ്ട്. ഇവയിൽ വിറ്റാമിൻ ഡി യുടെ സാന്നിധ്യവും അധികമായുണ്ട്.ഒമേഗ -3 ഫാറ്റി ആസിഡുകൾ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യത്തിന് നല്ലതാണ്. ഈ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും ശരീരത്തിന് ഉറക്കത്തിന്റെ ഗുണനിലവാരം ഏറ്റവും മികച്ചതാക്കി മാറ്റാൻ സഹായിക്കുന്നു.
ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്ന മസ്തിഷ്ക രാസവസ്തുവായ സെറോട്ടോണിന്റെ ഉൽപാദനം വർധിപ്പിക്കുന്നതിന് ഇവ രണ്ടും സഹായകരമാണെന്നും പഠനങ്ങൾ തെളിയിക്കുന്നു.
ഉത്കണ്ഠയും വിഷാദവുമകറ്റാൻ ഉത്തമമാണ് ചമോമൈൽ ചായ. നല്ല ഉറക്കം ലഭിക്കാനും ഇത് ഉപയോഗിക്കാം. ചമോമൈൽ ചായയിൽ അടങ്ങിയിരിക്കുന്ന എപിജെനിൻ എന്ന ആന്റിഓക്സിഡന്റാണ് ഉറക്കത്തെ പ്രോത്സാഹിപ്പിക്കുന്നത്. തലച്ചോറിലെ ചില റിസപ്റ്ററുകളുമായി ബന്ധിപ്പിച്ചുകൊണ്ട് ഉറക്കമില്ലായ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കുന്നതിന് ഇവയ്ക്ക് സാധിക്കും. രാത്രിയിൽ കിടക്കുന്നതിന് മുൻപ് പതിവായി ചമോമൈൽ ചായ കുടിച്ചാൽ, നിങ്ങളുടെ ഉറക്കമില്ലായ്മ പ്രശ്നങ്ങളെ ഒഴിവാക്കാനാകുമെന്ന് പഠനങ്ങളും പറയുന്നു.
ചമോമൈൽ ചായ (chamomile tea) ഔഷധസസ്യം എന്ന നിലയിലും അലങ്കാരസസ്യം എന്ന നിലയിലും ഏറെ പ്രശസ്തമാണ് ഈ ചെടി. വെള്ളഇതളുകള് ഉള്ള ജമന്തിപൂ പോലെയാണ് ഇത്. ഡെയ്സി സസ്യങ്ങൾ ഉൾക്കൊള്ളുന്ന ആസ്റ്ററേസി കുടുംബത്തിലെ വാർഷിക സസ്യമാണിത്.സസ്യമാണിത്. ഇത് ഉണക്കിയാണ് ചാമോമൈല് ടീ ഉണ്ടാക്കുന്നത്.
പ്രതിരോധശേഷി കൂട്ടും, ഉറക്കം നല്കും – ഇവ രണ്ടും ചാമോമൈല് ചായ പ്രദാനം ചെയ്യുന്നുണ്ട്. ചാമോമൈല് ചായ കുടിക്കുന്നത് ജലദോഷം ഇല്ലാതാക്കാന് വരെ സഹായിക്കും. വയറുവേദന , മസ്സില് വേദന എന്നിവയ്ക്കും ഉത്തമപരിഹരമാണ് ചാമോമൈല് ചായ.