IndiaNEWS

തിരുവല്ലയ്ക്ക് റെയിൽവേയുടെ  ചുവപ്പു സിഗ്നൽ

ത്തനംതിട്ട ജില്ലയിലെ
ഏക റെയിൽവേ സ്റ്റേഷനാണ് തിരുവല്ല റെയിൽവേ സ്റ്റേഷൻ.
ഇത്രയും ഗതികെട്ട ഒരു റെയിൽവേ സ്റ്റേഷൻ കേരളത്തിൽ വേറെ എവിടെയെങ്കിലും ഉണ്ടാകുമോ എന്നതുതന്നെ സംശയമാണ്.ജില്ലയുടെ പ്രശസ്തി ഇന്ത്യയ്ക്കു പുറത്തേക്കുവരെ ഉയർത്തിയ ശബരിമലയിലേക്കും മാരാമണ്ണിലേക്കും വന്നെത്തുന്ന വിശ്വാസലക്ഷങ്ങളെ സ്വീകരിക്കാനുള്ള ഏക മാർഗ്ഗവും ഇതുതന്നെയാണ്.പക്ഷേ മഴ നനയാതെയും
തലയിൽ കാക്ക തൂറാതെയും നിൽക്കാൻ പറ്റിയ ഒരു ഇടം (ഇരിക്കുന്നതൊക്കെ ആർഭാടമാകും ഇവിടെ ) അമേരിക്കക്കാരുടെയും ഗൾഫ്കാരുടെയുമൊക്കെ സിറ്റി എന്നറിയപ്പെടുന്ന തിരുവല്ലയുടെ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർ ആരെങ്കിലും ആഗ്രഹിച്ചു പോയാൽ അവരെ കുറ്റം പറയാനാകില്ല.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ബാങ്ക് ശാഖകളും നിക്ഷേപങ്ങളും ഉള്ള കുമ്പനാടും ഇവിടെ അടുത്തു തന്നെയാണ്.
പക്ഷെ
 വിഴുപ്പുതുണികളുമായി അരവയർ നിറയ്ക്കാൻ ചെന്നൈയിലേക്കും ബംഗളൂരുവിലേക്കും പോകുന്നവർ പക്ഷെ എന്ത് ചെയ്യും..?
ആരോട് പറയാൻ..പറഞ്ഞാൽ ആര് കേൾക്കാൻ !! എംഎൽഎയ്ക്കും വേണ്ട എംപിക്കും വേണ്ട, ജില്ലയിൽ നിന്നുള്ള മന്ത്രിമാർക്കും വേണ്ട എന്ന് സ്ഥിതിയാണ് ഇന്ന് തിരുവല്ല റെയിൽവേ സ്റ്റേഷന്റേത്.അവർക്ക് അതിനായി തൊട്ടടുത്തു തന്നെ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുണ്ട്.
 ദിനംപ്രതി ആയിരക്കണക്കിന് യാത്രക്കാർ വന്നും പോയുമിരുന്ന തിരുവല്ല റെയിൽവേ സ്റ്റേഷന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റിയാണ് പറഞ്ഞു വരുന്നത്.വരുമാനത്തിന്റെ അടിസ്ഥാനത്തിൽ തിരുവല്ല സ്റ്റേഷനെ റെയിൽവേ തരംതാഴ്ത്തുക മാത്രമല്ല, രണ്ടു മാസം മുമ്പ് ഇവിടുത്തെ പാർസൽ ഓഫീസ് വരെ അടച്ചുപൂട്ടുകയും  ചെയ്തു.ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായ തിരുവല്ലയുടെ വികസനത്തിന് ഇനി പച്ചക്കൊടി ലഭിക്കാനുള്ള സാധ്യതയും കുറവാണ്. റെയിൽവേയുടെ പഠന റിപ്പോർട്ടുകൾ പ്രകാരം തിരുവല്ല യാത്രക്കാരുടെ എണ്ണത്തിൽ വളരെ പിന്നിലാണത്രെ.പ്രതിദിനം 25000 യാത്രക്കാരില്ലാത്ത സ്റ്റേഷൻ വികസിപ്പിക്കേണ്ടതില്ലെന്ന നിർദേശമാണ് തിരുവല്ലയ്ക്ക് വിനയാകുന്നത്.അതേസമയം സമീപ സ്റ്റേഷനായ ചെങ്ങന്നൂർ, റെയിൽവെയുടെ ലാഭകരമായ സ്റ്റേഷനുകളുടെ പട്ടികയിലുണ്ടുതാനും.
ഇതിന്റെ കാരണവും വളരെ വ്യക്തമാണ്. ആഴ്ചയിൽ 42 ട്രെയിനുകളുള്ളതിൽ പലതിനും തിരുവല്ലയിൽ സ്റ്റോപ്പില്ല.തന്നെയുമല്ല, ജില്ലയിലെ ഏക സ്റ്റേഷനാണെങ്കിലും 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർ മാത്രമാണ് ഇവിടെ എത്തുന്നത്.ബാക്കിയുള്ളവർ ചെങ്ങന്നൂരിനെയും ചങ്ങനാശേരിയേയുമൊക്കെയാണ് ആശ്രയിക്കുന്നത്.തിരുവല്ലയുടെ 5 കിലോമീറ്റർ ചുറ്റളവിൽ മാത്രം 50000 അതിഥിത്തെ‍ാഴിലാളികളുണ്ട്.പക്ഷെ ഇവരെ‍ാക്കെ നാട്ടിൽ പോകാനും തിരികെ വരാനും ആശ്രയിക്കുന്നത് ചെങ്ങന്നൂർ സ്റ്റേഷനെയാണ്.ബംഗാൾ, അസം എന്നിവിടങ്ങളിൽ ഉള്ളവർ വിവേക് എക്സ്പ്രസിലാണ് യാത്ര. ഗുവാഹത്തി, ഷാലിമാർ എക്സ്പ്രസിനെ ആശ്രയിക്കുന്നവരുമുണ്ട്.നിസാമുദ്ദീൻ എക്സ്പ്രസ്, വിവേക് എക്സ്പ്രസ്, ഡെറാഡുൺ എക്സ്പ്രസ്, യശ്വന്ത്പൂർ ഫുൾ എസി എക്സ്പ്രസ്, ഹംസഫർ എക്സ്പ്രസ് എന്നിവയെല്ലാം ഇതുവഴിയാണ് പോകുന്നതെങ്കിലും ഒന്നിനും തിരുവല്ലയിൽ സ്റ്റോപ്പില്ല !
കോവിഡ് കാലതോടെ
യാത്രക്കാരുടെ എണ്ണത്തിൽ വൻ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. മിക്ക സ്റ്റേഷനുകളുടെയും കാര്യം ഇങ്ങനെയൊക്കെ
തന്നെയാണെങ്കിലും റെയിൽവെയുടെ നഷ്ടക്കണക്കുകളിൽ  അന്നുമിന്നും  ആദ്യം വരുന്നത് തിരുവല്ലയാണ്.തൊട്ടടുത്ത സ്റ്റേഷനുകളായ ചെങ്ങന്നൂരിന്റെയും ചങ്ങനാശേരിയുടെയും വികസനം ശ്രദ്ധിച്ചാൽ അതിന്റെ  ‘കാരണം’ എന്തെന്ന് നമുക്ക് മനസ്സിലാവുകയും ചെയ്യും.ജില്ലയിലെ ഏക റെയിൽവേ സ്റ്റേഷനായിട്ടും പത്തനംതിട്ട ജന സേവാ കേന്ദ്രത്തിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്താൽ അതിന്റെ വരുമാനം പോകുന്നത് ചെങ്ങന്നൂർ സ്റ്റേഷന്റെ കണക്കിലേക്കാണ് !
ഇതുവഴി കടന്നുപോകുന്ന എല്ലാ ട്രെയിനുകൾക്കും തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിക്കുകയും പത്തനംതിട്ടയിലെ റെയിൽവെ ടിക്കറ്റ് റിസർവേഷൻ ബുക്കിങ് തുക തിരുവല്ല റെയിൽവേ സ്റ്റേഷന്റെ കണക്കിൽ വരുത്തുകയും ചെയ്താൽ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ വരുമാനം ഉയരും.അതുപോലെ റാന്നിയിൽ ഒരു റിസർവേഷൻ ബുക്കിങ് ഓഫിസ് തുടങ്ങിയാൽ അത് മലയോര മേഖലയിലുള്ളവർക്ക്  പ്രയോജനകരമാകുക മാത്രമല്ല  തിരുവല്ലയ്ക്കും അത് മുതൽക്കൂട്ടാവും.പക്ഷേ പൂച്ചയ്ക്ക് ആര് മണി കെട്ടും എന്ന ചോദ്യം മാത്രമാണ്  ബാക്കി !

Back to top button
error: