കാബൂള്‍: സ്ത്രീകളെ തനിച്ച് ദൂരയാത്രയ്ക്ക് അനുവദിക്കില്ലെന്ന് താലിബാന്‍. അഫ്ഗാനിന്റെ അടുത്തുള്ള സ്ഥലങ്ങളില്‍ നിന്ന് വിട്ട് ദൂരെയ്ക്ക് സ്ത്രീകള്‍ തനിച്ച് പോകാന്‍ പാടില്ലെന്നും കുടുംബത്തിലെ ഒര പുരുഷ അംഗത്തിനൊപ്പം മാത്രമേ ദൂരെയാത്ര ചെയ്യാന്‍ പാടുള്ളൂവെന്നുമാണ് പുതിയ ഉത്തരവ്.
ഇസ്ലാമിക് വേഷമായ ഹിജാബ് ധരിച്ച സ്ത്രീകളെ മാത്രമേ വാഹനങ്ങളില്‍ കയറ്റാവൂ എന്നും താലിബാന്‍ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. സ്ത്രീകള്‍ പുരുഷ കുടുംബാംഗം ഇല്ലാതെ 72 കിലോമീറ്ററിനപ്പുറം യാത്ര ചെയ്യാന്‍ പാടില്ല. വളരെ അടുത്ത കുടുംബാംഗമായിരിക്കണമെന്നും ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.
വാര്‍ത്ത അവതരിപ്പിക്കുമ്പോള്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഹിജാബ് ധരിക്കണമെന്നും അഫ്ഗാന്‍ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
വാഹനങ്ങളില്‍ ഗാനങ്ങള്‍ വയ്ക്കാന്‍ പാടില്ല, യാത്രയില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണം ഇങ്ങനെ പോകുന്നു പുതിയ നിര്‍ദ്ദേശങ്ങള്‍. ഓഗസ്റ്റില്‍ അഫ്ഗാന്റെ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ ശക്തമായ നിയന്ത്രണങ്ങളാണ് താലിബാന്‍ കൊണ്ടുവന്നത്.