MovieNEWS

ബറോസ് തുടങ്ങി; ഷെയ്‌ല മാക് കഫ്രിക്ക് പകരക്കാരിയായി മായ

രണ്ടാം ലോക് ഡൗണിന് മുമ്പാണ് ബറോസിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിംഗ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോള്‍തന്നെ ലോകം വീണ്ടും സ്തംഭനാവസ്ഥയിലേയ്ക്ക് പോയി. അതോടെ ബറോസിനും താഴ് വീണു. അത് ഇന്ന് വീണ്ടും തുറക്കപ്പെട്ടിരിക്കുകയാണ്. കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെയും അതിനേക്കാള്‍ പ്രതീക്ഷയോടെയും.

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് ബറോസ് ആദ്യംമുതല്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മറ്റൊരു പ്രധാന ആകര്‍ഷണം പൃഥ്വിരാജും താരനിരയില്‍ ഉണ്ടായിരുന്നു എന്നതാണ്. ഇവരെ ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റഭിനേതാക്കളേറെയും വിദേശത്തുനിന്നുള്ളവരാണ്.

Signature-ad

നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെണ്‍കുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥകൂടിയാണ് ബറോസ് പറയുന്നത്. ഭൂതമായി മോഹന്‍ലാലും പെണ്‍കുട്ടിയായി ഷെയ്‌ല മാക് കഫ്രിയുമാണ് അഭിനയിച്ചത്. എന്നാല്‍ ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോള്‍ ഷെയ്ല ലാലിനൊപ്പമില്ല.

‘ബറോസിന്റെ കാസ്റ്റിംഗ് നടക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു ഷെയ്‌ല മാക് കഫ്രി. അവളേറെ വളര്‍ന്നിരിക്കുന്നു. സ്വാഭാവികമായും ഷെയ്‌ലയ്ക്ക് പകരക്കാരിയെ കണ്ടെത്തണമായിരുന്നു.’ മോഹന്‍ലാല്‍ തന്നെ കാസ്റ്റിംഗ് ചെയിഞ്ചിന്റെ കാര്യം മുമ്പേ സൂചിപ്പിച്ചിരുന്നു.

മുംബയ് സ്വദേശിയായ മായയാണ് ഷെയ്‌ലയ്ക്ക് പകരക്കാരിയായി എത്തുന്നത്. ജന്മംകൊണ്ട് ഇന്ത്യക്കാരിയാണെങ്കിലും മായയുടെ അച്ഛന്‍ ബ്രിട്ടീഷ് പൗരനാണ്. ലാലിന്റെയും മായയുടെയും കോമ്പിനേഷന്‍ സീനുകളാണ് ഇപ്പോള്‍ പകര്‍ത്തിക്കൊണ്ടിരിക്കുന്നതും. ഒരു മാസത്തോളം നവോദ സ്റ്റുഡിയോയില്‍ ഷൂട്ടിംഗ് ഉണ്ടാകും. പിന്നീട് ഗോവയിലേയ്ക്ക് ഷിഫ്റ്റ് ചെയ്യും.

ലാലിന് പുറമെ പൃഥ്വിരാജാണ് ഇതിലെ ഒരു പ്രധാന വേഷം ചെയ്യുന്നതെന്ന് പറഞ്ഞിരുന്നല്ലോ. നിലവിലെ ഷൂട്ടിംഗ് ഷെഡ്യൂളനുസരിച്ച് പൃഥ്വിക്ക് ഈ സിനിമയുടെ ഭാഗമാകാന്‍ കഴിയുമോ എന്ന് ഉറപ്പില്ല. ഡേറ്റ് ക്ലാഷുകള്‍ ഉണ്ടായിട്ടില്ലെങ്കില്‍ മാത്രം പൃഥ്വി ഏറെ കൊതിച്ച ലാല്‍ചിത്രത്തില്‍ ജോയിന്‍ ചെയ്യും.

സന്തോഷ് ശിവനാണ് ഈ ത്രിമാനചലച്ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിര്‍മ്മിക്കുന്നത്. സന്തോഷ് രാമന്റെ നേതൃത്വത്തില്‍ കൂറ്റന്‍ സെറ്റുകളാണ് നവോദയിലും ഗോവയിലുമായി പൂര്‍ത്തിയാക്കിയിട്ടുള്ളത്.

Back to top button
error: