കോഴിക്കോട്: കൃഷ്ണപ്രിയയുടെയും നന്ദകുമാറിന്റെയും മരണത്തിന് ശേഷവും സമൂഹമാധ്യമങ്ങളില്‍ ക്രൂരമായ വിദ്വേഷപ്രചാരണം നടക്കുന്നതായി കുടുംബം. നേരത്തെ നന്ദു വീട്ടില്‍ വന്ന ദിവസം പ്രശ്‌നമുണ്ടാകരുതെന്ന് കരുതി സംസാരിച്ച കാര്യങ്ങള്‍ റെക്കോഡ് ചെയ്തത് ഇപ്പോള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുകയാണെന്ന് കൃഷ്ണപ്രിയയുടെ അച്ഛന്‍ മനോജ് പറഞ്ഞു. വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് കുടുംബം.
ഡിസംബര്‍ 17ന് രാവിലെയാണ് കോഴിക്കോട് തിക്കോടിയില്‍ പെണ്‍കുട്ടിയെ യുവാവ് തീകൊളുത്തി കൊന്നത്. തിക്കോടി സ്വദേശി കൃഷ്ണപ്രിയയാണ് മരിച്ചത്. ഇരുവര്‍ക്കും 90 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. വെള്ളിയാഴ്ച വൈകീട്ടോടെ കൃഷ്ണപ്രിയ മരണത്തിന് കീഴടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ നന്ദകുമാറും മരിച്ചു. പ്രണയത്തില്‍ നിന്നും കൃഷ്ണപ്രിയ പിന്തിരിഞ്ഞതാണ് കടുംകൈക്ക് പ്രേരിപ്പിച്ചതെന്നാണ് യുവാവ് പൊലീസിന് നല്‍കിയ മൊഴി.
തിക്കോടി കാട്ടുവയല്‍ സ്വദേശി മനോജന്റെ മകളാണ് ഇരുപത്തിരണ്ടുകാരിയായ കൃഷ്ണപ്രിയ. ആക്രമണം നടക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കൃഷ്ണപ്രിയ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി താല്‍കാലിക ജോലിക്ക് കയറിയത്. പ്രതിയായ നന്ദകുമാര്‍ പള്ളിത്താഴം സ്വദേശിയാണ്.