സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ ജില്ലാ കമ്മിറ്റി ഓഫിസുകളിലൊന്നായ എകെജി മന്ദിരത്തിന്റെ ഉദ്ഘാടനം ഡിസംബർ 26-ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.വിദ്യാനഗർ ദേശീയപാതയ്ക്കു സമീപം ചാലയിൽ വില കൊടുത്തു വാങ്ങിയ 41 സ്ഥലത്താണ് എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 32,000 ചതുരശ്രയടി വിസ്തീർണമുള്ള ബഹുനില കെട്ടിടം നിർമിച്ചത്. അഞ്ചരക്കോടിയോളം രൂപയാണ് ഇതിനായി ജില്ലാ കമ്മിറ്റി ചെലവഴിച്ചത്.
ലൈബ്രറി, വായനാമുറി, ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി എന്നീ യോഗങ്ങൾ ചേരുന്നതിനായി പ്രത്യേക ഹാളുകൾ, മിനി കോൺഫറൻസ് ഹാൾ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾക്കു പ്രത്യേക ക്യാബിനുകൾ, മീഡിയാ മുറി, ഫയൽ മുറി, ഭക്ഷണശാല, ഡോർമെറ്ററി, അതിഥികൾക്കു താമസിക്കുന്നതിനുള്ള സൗകര്യം, വർഗ ബഹുജന സംഘടനകൾക്കും ഇഎംഎസ് പഠന കേന്ദ്രത്തിനും പ്രത്യേകം മുറി, വൈഫൈ ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഓഫിസ് സ്റ്റാഫുകൾക്കു പ്രത്യേക മുറിയും ഉണ്ട്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ വിശാലമായ സൗകര്യമാണു താഴെ നിലയിലുള്ളത്. മൂന്നാം നിലയിലാണു വിശാലമായ സമ്മേളന ഹാൾ.
26നു വൈകിട്ട് 4നു മുഖ്യമന്ത്രി പിണറാജി വിജയൻ പുതിയ ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ.വിജയരാഘവൻ ചരിത്ര ശിൽപവും ഇ.പി.ജയരാജൻ സാമൂഹിക ചിത്ര ശിൽപവും കെ.കെ.ശൈലജ എംഎൽഎ ഫോട്ടോ അനാഛാദനവും നിർവഹിക്കും. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി.കരുണാകരൻ സി.കൃഷ്ണൻ നായർ സ്മാരക ഹാളും ഗ്രന്ഥാലയം പി.കെ.ശ്രീമതിയും മന്ത്രി എം.വി.ഗോവിന്ദൻ മീഡിയ മുറിയും ഉദ്ഘാടനം ചെയ്യും.