ജീവിച്ചിരിക്കെ പി ടി തോമസിന്റെ ശവഘോഷ യാത്ര നടത്തിയെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ഷാഫി പറമ്പിൽ എംഎൽഎ.ഷാഫി പറമ്പിൽ പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം:
ഏതാനും വർഷങ്ങളായി കോൺഗ്രസ് പാർട്ടിയിലെ പി. ടി. തോമസ് അനുകൂലികൾ ഇടുക്കി രൂപതയുടെ പ്രഥമ ഇടയൻ ആയിരുന്ന ആനിക്കുഴിക്കാട്ടിൽ പിതാവിനെതിരെയും ഇടുക്കി രൂപതാ വൈദികർക്ക് എതിരേയും ഉന്നയിച്ച, ഉന്നയിക്കുന്ന ഒരു ആരോപണമാണ് ജീവിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ശവഘോഷ യാത്ര നടത്തി എന്നത്. എന്താണ് ഇതിന്റെ വസ്തുത എന്ന് പലർക്കും വ്യക്തമായി അറിയില്ല.
പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം ലക്ഷ്യമാക്കി മാധവ് ഗാഡ്ഗിൽ കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിൽ മലയോര മേഖലയിലെ കർഷകരുടെ നിലനിൽപ്പിനെ അങ്ങേയറ്റം പ്രതികൂലമായി ബാധിക്കുന്ന നിരവധി നിർദ്ദേശങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തിൽ ഈ നിർദ്ദേശങ്ങൾ പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടാണ് കേരളത്തിലെ ഇടുക്കി ഉൾപ്പെടെയുള്ള കാർഷിക മേഖലകളിൽ പ്രതിഷേധ സമരങ്ങൾ അരങ്ങേറിയത്. 2013 ൽ ആണ് ഈ സംഭവങ്ങളുടെ തുടക്കം. കർഷക പ്രതിഷേധം വ്യാപകമായതിനേ തുടർന്ന് കേന്ദ്രസർക്കാർ കസ്തൂരിരംഗൻ കമ്മിറ്റി രൂപീകരിച്ച് വീണ്ടും പഠനം നടത്തി. കസ്തൂരിരംഗൻ കമ്മിറ്റി റിപ്പോർട്ടിൽ ഒത്തിരി മാറ്റങ്ങളും ഇളവുകളും ഉണ്ടെങ്കിലും കർഷക വിരുദ്ധമായ പല നിർദേശങ്ങളും അതിലും ഉണ്ടായിരുന്നതിനാൽ കർഷക പ്രതിഷേധം വ്യാപകമാവുകയാണ് ഉണ്ടായത്. കേന്ദ്ര സർക്കാരിനും സംസ്ഥാന സർക്കാരിനും എതിരെ വിവിധ പ്രക്ഷോഭങ്ങൾ സംസ്ഥാനത്ത് ഉടനീളം ഉണ്ടായി. കർഷക സമരങ്ങളുടെ ശ്രദ്ധാകേന്ദ്രം ഇടുക്കി ആയിരുന്നു. പട്ടയ പ്രശ്നത്തിൽ കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കാനും വിവിധ കോടതികളിൽ നിയമപോരാട്ടം നടത്താനുമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയോടെ രൂപീകരിച്ച ജനകീയ കൂട്ടായ്മയായ ഹൈറേഞ്ച് സംരക്ഷണ സമിതിയാണ് മാധവ് ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾക്ക് എതിരേയുള്ള സമരത്തിലും മുമ്പന്തിയിൽ നിന്നത്. അതിജീവനത്തിനായുള്ള ഇടുക്കിയിലെ കർഷകർ നടത്തിയ സമരപരമ്പരയിലെ ശ്രദ്ധേയമായ ഒരു ഏടാണ് 2013 നവംബർ 18,19 തീയതികളിൽ നടന്ന തെരുവ് വാസ സമരം. ജില്ലയിൽ മുഴുവൻ രണ്ടു ദിവസം ജനകീയ ഹർത്താൽ പ്രഖ്യാപിച്ച് ജനം റോഡുകളിലേയ്ക്ക് ഇറങ്ങി. വിവിധ കവലകളിൽ ഒരുമിച്ച് കൂടി റോഡിൽ തന്നെ ഭക്ഷണം പാകം ചെയ്ത് കഴിച്ചു കൊണ്ട് നടത്തിയ ഈ സമരത്തിൽ വൻ ജനകീയ പങ്കാളിത്തം ആണ് ഉണ്ടായത്. ഈ സമരത്തിന്റെ രണ്ടാം ദിവസം സമരത്തിന്റെ കേന്ദ്ര ബിന്ദു ആയ ചെറുതോണിയിൽ തെരുവ് വാസ സമരത്തിന്റെ സമാപനം കുറിച്ച് വൻ കർഷക റാലി നടന്നിരുന്നു. അതിന്റെ സമാപനത്തിൽ സ്വാഭാവികമായി ആരുടേയും മുൻ നിശ്ചയമോ നിർദ്ദേശമോ ഇല്ലാതെ കുറേ ചെറുപ്പക്കാർ മാധവ് ഗാഡ്ഗിൽ റിപ്പോർട്ട്, കസ്തൂരിരംഗൻ റിപ്പോർട്ട് എന്നിവയുടെ കോപ്പികൾ അടക്കം ചെയ്ത ഒരു ശവപ്പെട്ടി ഉണ്ടാക്കി അതുമായി ചെറുതോണി ടൗണിലൂടെ പ്രകടനം നടത്തി. സമരത്തിൽ പങ്കെടുക്കാനും നേതൃത്വം നൽകാനുമായി നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്ന ധാരാളം ജനങ്ങളും ഏതാനും അച്ചന്മാരും ഈ പ്രകടനത്തിൽ പങ്കെടുത്തു. പക്ഷേ ഈ ശവപ്പെട്ടിയിൽ പി. ടി. തോമസിന്റെ പടമോ പേരോ ഒന്നും ഇല്ലായിരുന്നു. കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടെ വിവിധ രാഷ്ട്രീയ പാർട്ടികളിലും പെട്ട പ്രവർത്തകരും സമരത്തിൽ സജീവമായി പങ്കെടുത്തിരുന്നു. പ്രകടനത്തിന്റെ അവസാനം ചെറുതോണി ടൗണിന്റെ മധ്യത്തിൽ ഈ പെട്ടി കൊണ്ടുവന്ന് വച്ച് പ്രതീകാത്മകമായി അത് കത്തിക്കുകയുണ്ടായി.
ഇതിനിടയിൽ മറ്റൊരു സംഭവം ഉണ്ടായി. സമരവേദിയുടെ മുന്നിൽ കസ്തൂരിരംഗന്റേയും അന്നത്തെ ഇടുക്കി എം.പി ആയിരുന്ന പി.ടി തോമസിന്റെയും കോലം നേരത്തെ തന്നെ വച്ചിട്ടുണ്ടായിരുന്നു. ആവേശത്തിനിടയിൽ ആരോ ഈ കോലങ്ങൾ ശവപ്പെട്ടിയുടെ സമീപത്ത് കൊണ്ടു വന്നു വച്ചു. അത് ആരോ സാന്ദർഭികമായി ചെയ്തതായിരുന്നു. അല്ലാതെ ഇടുക്കി മെത്രാന്റേയോ, രൂപതയുടേയോ, അല്ലെങ്കിൽ ഏതെങ്കിലും അച്ചന്മാരുടേയോ തീരുമാനമോ ഇടപെടലോ ഈ സംഭവത്തിൽ ഉണ്ടായിട്ടില്ല. പക്ഷേ ഏതാനും അച്ചന്മാർ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നു എന്ന് മാത്രം. അന്നൊന്നും ആരും ഇത് ഒരു വിവാദം ആക്കിയിരുന്നുമില്ല. പിന്നീട് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സമയത്താണ് ഇടുക്കി മെത്രാനും, അച്ചന്മാരും കൂടി പി.ടി തോമസിന്റെ ശവഘോഷ യാത്ര നടത്തി എന്ന് ഒരു ആരോപണം ഉയർന്നത്. പക്ഷേ ആ ആരോപണം അന്ന് ഇടുക്കിയിലെ ജനങ്ങൾ തള്ളിക്കളഞ്ഞതിന്റെ തെളിവാണ് അന്ന് ഇലക്ഷനിൽ അദ്ദേഹം പരാജയപ്പെട്ടത്. അന്നുമുതൽ പലപ്പോഴും അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിനെ അപമാനിക്കാനും ആക്ഷേപിക്കാനുമായി പലവട്ടം ഇതേ ആരോപണം ഉയർത്തിയിരുന്നു. ഇപ്പോൾ അഭിവന്ദ്യ ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ മരണശേഷവും അടിസ്ഥാന രഹിതമായ ഈ ആരോപണം വീണ്ടും ഉയർത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്…
ഇന്ന് ഈ വ്യക്തി മരിച്ച വേളയിൽ അന്ന് അദ്ദേഹം ആനിക്കുഴിക്കാട്ടിൽ പിതാവിനെ അപമാനിച്ചു ഇട്ട അതെ വാക്യം തന്നെ ഇവിടെയും ഇടുന്നു
“മരണം ആരെയും വിശുദ്ധൻ ആക്കുന്നില്ല “
മേൽപ്പറഞ്ഞ സംഭവ സമയത്ത് എടുത്ത ഫോട്ടോകൾ ഇതോടൊപ്പം ചേർക്കുന്നു. ആ ഫോട്ടോകളിൽ ഒന്നും പി.ടി തോമസിന്റെ പടമോ പേരോ ഒന്നും കാണാനില്ല.