KeralaNEWS

കാലിത്തൊഴുത്തുകൾ തേടി

1
 മഞ്ഞുപെയ്യുന്ന തണുപ്പുകാലമായിരുന്നു അത്.അന്തരീക്ഷത്തിലെ ഹിമകണങ്ങൾ അസ്തമന സൂര്യനെ സന്ധ്യക്കു മുമ്പേതന്നെ മറച്ചിരുന്നു.കച്ചവടക്കാർ തങ്ങളുടെ ചരക്കുകളെടുത്തുവച്ച് കടകൾ അടച്ചുതുടങ്ങിയതോടെ തെരുവുകളും വിജനമായി.കാലികളെയുംകൊണ്ട് തിരികെയെത്തിയ ഇടയൻമ്മാർ മാത്രം അങ്ങിങ്ങായി ചിതറി നടന്നുകൊണ്ടിരുന്നു.
അവർ അന്തിയുറങ്ങിക്കൊണ്ടിരുന്ന ആലകൾ മുഴുവൻ ഇതിനകം ഇടിച്ചു നിരത്തപ്പെട്ടിരുന്നു.

“എന്താ ഇത്?” അവിടെ കണ്ട ഒരാളോട് ഇടയമ്മാരിൽ ഒരാൾ തിരക്കി.
“പള്ളി പണിയാനാണ്!”
“പള്ളിയോ..?!”
“എന്താ പള്ളീന്നു കേട്ടിട്ടില്ലേ..”   അയാളുടെ ശബ്ദം മാറിയതോടെ ആ ഇടയൻ പിന്തിരിഞ്ഞു.പിന്നെ, അലച്ചിലും അദ്ധ്വാനവും തങ്ങളെ ഒരിക്കലും വിട്ടുപിരിയുകയില്ല എന്ന തിരിച്ചറിവോടെ മറ്റ് ഇടയന്മാരെയും കാലിക്കൂട്ടത്തെയും കൂട്ടി അവിടെ നിന്നും വേറെ എങ്ങോട്ടേക്കോ നടന്നുമറഞ്ഞു.
 സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു ഇടയന്മാർ.പകലന്തിയോളം മലഞ്ചെരുവുകളിലും മറ്റും കാലികളെ മേയിക്കുകയും അന്തിമയങ്ങുമ്പോൾ ആല തീർത്ത് അവയെ സൂക്ഷിക്കുകയും മഞ്ഞും തണുപ്പും അവഗണിച്ച് അവയ്ക്കു കാവൽ കിടക്കുകയും ചെയ്യുന്നവർ.അവരായിരുന്നു ആദ്യം കുടിയിറക്കപ്പെട്ടവർ!
2
 സത്രങ്ങളെല്ലാം ഇതിനകം നിറഞ്ഞു കഴിഞ്ഞിരുന്നു.
അവയുടെ മുമ്പിലായി തൂക്കിയിട്ടിരിക്കുന്ന റാന്തൽ വിളക്കുകളുടെ കരിപിടിച്ച പ്രകാശത്തിൽ ഇടവഴികളിൽ വീണ്ടും വീണ്ടും നിഴലുകൾ കോലം വരച്ചു കൊണ്ടിരിന്നു.താന്താങ്ങളുടെ പേരുവിവരങ്ങൾ ചാർത്തിക്കിട്ടുവാൻ ഭരണകൂടത്തിന്റെ കൽപന അനുസരിച്ച് പിതൃദേശമായ ബത്ലഹേമിലേക്ക് എത്തിയവരായിരുന്നു അവരൊക്കെയും.
രാത്രി കൂടുതൽ വളരുകയായിരുന്നു…
നിരാശയോടെ ആ പ്രദേശത്തെ അവസാന സത്രത്തിന്റെയും പടിയിറങ്ങുമ്പോൾ സങ്കടത്തോടെയും അതിലേറെ അപമാനത്തോടെയും അയാളുടെ മുഖം കുനിഞ്ഞിരുന്നു.വീഴാതിരിക്കാനെന്നവണ്ണം സത്രത്തിന്റെ തൂണും ചാരി നിന്ന് കിതയ്ക്കുന്ന ഭാര്യയുടെ നേർക്ക് അയാൾ അതീവ ദുഃഖത്തോടെ നോക്കി.പൂർണ്ണഗർഭിണി ആയിരുന്നു അവൾ.
ഒരു സ്ത്രീയ്ക്ക് ഏറെ സുരക്ഷിതത്വവും സ്വകാര്യതയും  ആവശ്യമുള്ള ഈ നേരത്ത്…
ഭയത്താലും മാനസിക സംഘർഷത്താലും അയാൾ വീർപ്പുമുട്ടി.
 പ്രതീക്ഷയോടെയെന്നവണ്ണം അയാൾ വീണ്ടും സത്രമുടമയുടെ നേർക്ക് നോക്കി.
“അറിയാല്ലോ, ഈ പാത, ബത്ലഹേമിലേക്കുള്ളതാണ്. പലയിടത്തും  കൊള്ളക്കാർ പതിയിരിപ്പുണ്ടാവും. “കൈമലർത്തി കാണിക്കുമ്പോളും ഉപദേശം നൽകാൻ പക്ഷെ സത്രമുടമ മറന്നില്ല.
“അല്ലെങ്കിലും, ഈ റോമാക്കാരുടെ ഭരണം വന്നതില്പിന്നെ കള്ളന്മാർക്കും കൊള്ളക്കാർക്കുമെല്ലാം നല്ല കാലമാണ്.”
റോമാക്കാർ ക്രൂരന്മാരാണ്.എത്ര ചെറിയ കാര്യത്തിലും  അവരുടെ ശിക്ഷ  ആളുകളെ ക്രൂശിക്കുക എന്നുള്ളതാണ്.അതാകട്ടെ യൂദന്മാരെയും റോമാക്കാർ ഒഴികെയുള്ള  മറുനാട്ടുകാരെയും മാത്രവും ! അത് അയാൾക്കും അറിവുള്ളതായിരുന്നു.എങ്കിലും അയാൾ ഭാര്യയേയും താങ്ങിപ്പിടിച്ചുകൊണ്ട് മുന്നോട്ടു തന്നെ നടന്നു-നിരാശയുടെ പൂപ്പൽ കലർന്ന മനസ്സുമായി…
അഗസ്ത്യസ് സീസറുടെ ഉത്തരവനുസരിച്ച് പേർവഴി ചാർത്തുവാൻ ജനമൊക്കെയും  ബത്ലഹേമിലേക്കുള്ള യാത്രയിലായിരുന്നു.മരപ്പണിക്കാരനായ ജോസഫ് ദാവീദിന്റെ ഗൃഹത്തിലും കുലത്തിലും ഉൾപ്പെട്ടവനായതുകൊണ്ട് പേർവഴി ചാർത്തുവാൻ ഗലീലയിലെ നസ്രത്ത് പട്ടണത്തിൽ നിന്നും ബത്ലഹേമിലേക്ക് പോകേണ്ടിയിരുന്നു.അങ്ങനെയാണ് പൂർണ്ണഗർഭിണിയായ ഭാര്യ മറിയത്തിനെയും ഒപ്പം കൂട്ടി അയാൾ യാത്ര തിരിക്കുന്നത്.പക്ഷേ…
“റബ്ബീ..!” ജോസഫ് ശബ്ദമില്ലാതെ വിളിച്ചുകൊണ്ട്. ആകാശത്തിലേക്ക് കണ്ണുകളുയർത്തി.
രണ്ടു മൂന്ന് ആട്ടിടയൻമാർ തങ്ങളുടെ  ആട്ടിൻപറ്റവുമായി അവരുടെ മുമ്പിലൂടെ റോഡ് മുറിച്ച് കടന്നു.പെട്ടെന്ന് അതിൽ ഒരാൾ തിരിഞ്ഞു നിന്നു.
സാധാരണ അവർ സന്ധ്യക്കു മുമ്പേ മടങ്ങുന്നവരാണ്.അന്ന് ബത്ലഹേമിലേക്കുള്ള റോഡിൽ ഉണ്ടായ അനിയന്ത്രിതമായ തിരക്കു കാരണം തങ്ങളുടെ ആട്ടിൻപറ്റവുമായി റോഡ് മുറിച്ചു കടക്കാൻ വയ്യാതെ വൈകിപ്പോയതായിരുന്നു.
“നിങ്ങൾ ബത്ലഹേമിലേക്ക് പോകുന്നവരാണോ?”
“അതെ.”
“എവിടെ നിന്ന് വരുന്നു?”
“നസ്റത്തിൽ നിന്നും…”
“ഈ സ്ഥിതിയിലുള്ള ഒരു സ്ത്രീയേം കൊണ്ട്… അതും ഈ നേരത്ത്! നിങ്ങളുടെ ഭാര്യയാണോ ഇത് ?”
“അതെ.സത്രങ്ങളിലൊന്നിലും ഇടം കിട്ടിയില്ല…”
“ങും..”
“ഇവിടെ അടുത്തെങ്ങാനും തൽക്കാലത്തേക്കെങ്കിലും ഒന്നു വിശ്രമിക്കാൻ..”
“ഇനിയങ്ങോട്ട് സത്രങ്ങളൊന്നുമില്ല.വീടുകളിലും ആരും അഭയം തരാൻ സാധ്യതയില്ല.പിന്നെയുള്ളത്…ങാ.. ഇവിടെ നിന്ന് കുറച്ചു കൂടി മുന്നോട്ടു പോയാൽ മലകളുടെ അടിവാരത്തായി നിറയെ തൊഴുത്തുകളുണ്ട്.ജറുസലേമിലേക്ക് പോകുന്ന കച്ചവടക്കാർ തങ്ങളുടെ മൃഗങ്ങളെ കെട്ടുന്ന സ്ഥലമാണ്.വാതിലും കതകുമൊന്നും കാണില്ല.എന്നാലും…”
“നന്ദി സഹോദരാ.. ദൈവം നിങ്ങളെ
 അനുഗ്രഹിക്കട്ടെ…”
മഞ്ഞും നിലാവും ഒരുമിച്ചു പെയ്യുന്ന രാത്രികളുടെ കാലമായിരുന്നു അത്.ബത്ലഹേമിലെ കുന്നിൻ ചെരുവുകളിൽ ഒലിവ് മരങ്ങളും ദേവദാരുക്കളും പൂത്തു നിന്നിരുന്നു.ആകാശത്ത് അസംഖ്യം നക്ഷത്രങ്ങളും!
3
  ‘എന്റെ നന്മകളെല്ലാം എന്റെ ദൈവത്തിന്’ എന്ന് ബിഷപ്പ് ആഹ്വാനം ചെയ്തതോടെയാണ് ഒരു പള്ളിയും കൂടി ആവാമെന്ന് വിശ്വാസികൾക്കും തോന്നിയത്.ഇടയൻമ്മാരെ അടിച്ചോടിച്ചതോടെ കണ്ണായ സ്ഥലമൊന്നു കൈയ്യിൽ വരികയും ചെയ്തു.അങ്ങനെയാണ് മാടുകളുടെ ശബ്ദം ഉയരേണ്ടിയിടത്തു നിന്ന് ജെസിബിയുടെ ശബ്ദം ഉയരാൻ തുടങ്ങിയത്.അവ ഭ്രാന്തെടുത്തതുപോലെ കാലിത്തൊഴുത്തുകൾക്കു മുകളിൽക്കൂടി  തലങ്ങും വിലങ്ങും ഓടി.ചാണകം വീണിരുന്നിടത്ത്  മാർബിളുകൾ നിരന്നു.മാടുകളുടെ ചൂടും ചൂരും നിറഞ്ഞു നിന്നിടത്ത് കോൺക്രീറ്റിന്റെയും പെയിന്റിന്റെയുമൊക്കെ ഗന്ധവും.
 പോർച്ചുഗീസ് വാസ്തുവിദ്യ ശൈലിയിൽ നൂറടി വീതിയിലും ഇരുന്നൂറടി നീളത്തിലുമായിരുന്നു പള്ളി പണിതത്.ഇംഗ്ലണ്ടിൽ നിന്നും ഇറക്കുമതി ചെയ്ത ആറു വിത്യസ്ത നിറങ്ങളിലുള്ള മാർബിൾ കഷണങ്ങൾ പള്ളിയുടെ ചാരുത വർദ്ധിപ്പിച്ചു.ഇറ്റലിയിൽ നിന്നുള്ള തൊഴിലാളികളാണ് പണി നടത്തിയത്.യേശുവിന്റെ ജീവിതത്തിൽ നിന്നും അടർത്തിയെടുത്ത തിരുപ്പിറവി,കുരിശിലേറ്റൽ, സ്വർഗ്ഗാരോഹണം..തുടങ്ങിയവ പള്ളിയുടെ ജനാലചില്ലുകളിൽ ചിത്രീകരിച്ചിരുന്നു.അതായിരുന്നു പള്ളിയിലെ ഏറ്റവും ആകർഷകമായ കാഴ്ചയും.
ശേഷമായിരുന്നു കൂട്ടത്തല്ല്!  ‘കണക്കിനെ’ ചൊല്ലി ഇടവക വിശ്വാസികൾ രണ്ടു തട്ടിലായതാണ് കാരണം.മാത്തച്ചൻ കക്ഷിയും വാവച്ചൻ കക്ഷിയുമായി അതു മാറിയതടെ പോലീസിനും കോടതിക്കും ഇടപെടേണ്ടി വന്നു.അങ്ങനെ പള്ളിക്ക് പൂട്ടു വീഴുകയും ചെയ്തു.
  പാവം ക്രിസ്തു! എവിടെ വന്നു  പിറക്കണമെന്നറിയാതെ ആ തണപ്പിലും അവൻ അലഞ്ഞുകൊണ്ടേയിരുന്നു-പഴയ കാലിത്തൊഴുത്തുകൾ തേടി..
 അതായിരുന്നല്ലോ ആദ്യം ഇടിച്ചുനിരത്തപ്പെട്ടത്!

Back to top button
error: