IndiaNEWS

വീരപ്പനില്ലാത്ത സത്യമംഗലത്തേക്കൊരു യാത്ര

ത്യമംഗലം എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ആദ്യം വരുന്നത് മീശപിരിച്ചു തോക്കും ചീണ്ടി നില്‍ക്കുന്ന വീരപ്പനെയായിരിക്കും.എന്നാൽ അതൊക്കെ പഴങ്കഥ.ഇന്ന് സത്യമായിട്ടും സത്യമംഗലം ഒരു ശാന്തമംഗലമാണ്.
കോയമ്പത്തൂരില്‍ നിന്നും ഗണപതിപുതൂര്‍-കുറുമ്പപാളയം-ഗണേശപുരം-കരിയാംപാളയം-അന്നൂര്‍-പുളിയാമ്പെട്ടി-അരിയപ്പംപാളയം വഴി 68 കിലോമീറ്റർ ദൂരമുണ്ട്  സത്യമംഗലത്തേക്ക്.തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയില്‍, കാവേരി നദിയുടെ പോഷകനദിയായ ഭവാനി നദിയുടെ കരയിലാണ് സത്യമംഗലം പട്ടണം
സ്ഥിതി ചെയ്യുന്നത്.
വീരപ്പന്റെ പ്രധാന താവളമായി അറിയപ്പെട്ടിരുന്ന സ്ഥലമായ സത്യമംഗലം കാടുകൾ ഇവിടെ അറിയപ്പെടുന്നത് സത്തി എന്ന പേരിലാണ്. കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലൊന്നു കൂടിയാണ്.  വഴിയരുകില്‍ മിന്നിമറയുന്ന കാട്ടു മൃഗങ്ങളും വലിയ വലിയ മരങ്ങളും കോടമഞ്ഞും വലിച്ചിടുന്ന കാറ്റും  വനത്തിനുള്ളിലെ കോട്ടേജുകളിലെ രാത്രി താമസവും ഒക്കെ ചേർന്ന് ഒരു അടിപൊളി സെറ്റപ്പാണ് ഇന്ന് സത്യമംഗലത്തേത്.
സത്യമംഗലം കാടുകള്‍ ഉള്‍പ്പെടുന്ന സത്യമംഗലം വൈല്‍ഡ് ലൈഫ് സാങ്ച്വറി തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വന്യജീവി സംരക്ഷണ കേന്ദ്രവും കടുവ സംരക്ഷണ കേന്ദ്രവുമാണ്.സത്യമംഗലത്തോട് ചേര്‍ന്ന് കര്‍ണ്ണാടകയുടെയും തമിഴ്‌നാടിന്റെയും അതിര്‍ത്തിയിലായി സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഹിൽസ്റ്റേഷനാണ് ബിആര്‍ ഹില്‍സ് എന്ന പേരില്‍ അറിയപ്പെടുന്ന ബിലിദിരംഗാ ഹില്‍സ്.ഇവിടെയാണ് ബിലിദിരംഗാനാഥ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.പശ്ചിമഘട്ടത്തിന്റെയും പൂര്‍വ്വ ഘട്ടത്തിന്റെയും ഭാഗമായ ഇവിടെ രണ്ടു പ്രദേശത്തും കാണുന്ന അപൂര്‍വ്വങ്ങളായ സസ്യങ്ങളെയും കാണുവാന്‍ സാധിക്കും.
തമിഴ്‌നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട അമ്മന്‍ ക്ഷേത്രങ്ങളില്‍ ഒന്നാണ് സത്യമംഗലത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ബന്നാരി അമ്മന്‍ കോവിൽ.മഴയുടെ ദേവതയായ മാരിയമ്മനെയാണ് ഇവിടെ ആരാധിക്കുന്നത്.തൊട്ടടുത്തു തന്നെയാണ്
ഭവാനി സാഗര്‍ ഡാം.ഇവിടെ നിന്ന് ദിംബം ചുരം കയറിയാൽ കർണ്ണാടകമായി.പോകുന്ന വഴിക്കെല്ലാം ചിന്ന ചിന്ന ഊരുകളുണ്ട്.
”സാപ്പിട്ടു പോങ്ക സാർ’ ചിരിയോടെ കുടിലുകളുടെ മുറ്റത്ത് സൊറ പറഞ്ഞിരിക്കുന്ന അമ്മമാർ.ഇത് തമിഴ്നാട്ടിൽ മാത്രം കാണുന്ന ഒരു പ്രത്യേകതയാണ്.അവരുടെ മര്യാദയുടെ ഭാഗം.
വീരപ്പൻ
മേട്ടൂരിലെ വനത്തില്‍ വെറുമൊരു മരംവെട്ടുകാരനായി ആരംഭിച്ച വീരപ്പന്‍റെ ജീവിതം ആനക്കൊമ്പുവേട്ടയും പിന്നീട് ചന്ദനത്തടിമോഷണവുമായി വളര്‍ന്ന് പടര്‍ന്നു പന്തലിക്കുകയായിരുന്നു. സേലം ജില്ലയിലെ മേട്ടൂര്‍,സത്യമംഗലം കാടുകള്‍ പ്രധാന താവളമാക്കിയിരുന്ന വീരപ്പനും സംഘവും കേരള അതിര്‍ത്തിയായ വാളയാര്‍കാടുകള്‍വരെ തന്റെ പ്രവര്‍ത്തനമണ്ഡലം വ്യാപിപ്പിച്ചിരുന്നു. ബില്‍ഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകള്‍, സത്യമംഗലം, ഗുണ്ടിയാല്‍ വനങ്ങള്‍ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ 6,000ത്തോളം ച.കി.മീ വിസ്തൃതിയുള്ള വനങ്ങളില്‍ വീരപ്പന്‍ വിഹരിച്ചു.ഇങ്ങനെ
ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പോലീസ് വെടിയേറ്റ് 2004 ഒക്ടോബർ 18ന് കൊല്ലപ്പെട്ടു.

Back to top button
error: