കുമളി: കാട് വെട്ടിത്തെളിച്ച് നെല്‍കൃഷിയിറക്കിയ കര്‍ഷകരെ വട്ടംചുറ്റിച്ച് ആനകള്‍ വിലസിയ സ്ഥലമാണ് പിന്നീട് ആനവിലാസമായി മാറിയത്.
കുമളി, വണ്ടന്മേട്, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍ പഞ്ചായത്തുകള്‍ അതിരിടുന്ന ആനവിലാസത്ത് ഇപ്പോള്‍ നെല്‍കൃഷിയില്ല.പകരം ഇടതൂര്‍ന്ന് നില്ക്കുന്ന ഏലച്ചെടികളാണുള്ളത്.ആ നവിലാസം മേഖലയില്‍ കോട്ടയം ജില്ലയില്‍ നിന്നെത്തിയ കര്‍ഷകരുടെ കുടിയേറ്റം ആരംഭിക്കുന്നത് 1945 കാലഘട്ടത്തിലാണ്. പ്രധാനമായും നാല് കുടുംബക്കാരാണ് അന്ന് കൊടും കാടുകള്‍ വെട്ടിതെളിച്ച് നെല്‍കൃഷി തുടങ്ങിയത്.
കൃഷികള്‍ തകര്‍ത്ത് കാട്ടാനകള്‍ വിലസുന്നത് പതിവായതോടെ നെല്‍കൃഷിക്ക് പകരം കരിമ്ബ് കൃഷിയാക്കി. ഇതും ആനകള്‍ക്ക് ഇഷ്ട ഭക്ഷണമായതോടെ മറ്റ് കൃഷികളിലേക്ക് കടന്നു. തമിഴ്നാട്ടില്‍ നിന്നെത്തിയ എന്‍.എം.ആര് കുടുംബം സമീപ പ്രദേശമായ ശാസ്താംനടയില് ഏലകൃഷി ആരംഭിച്ചതോടെയാണ് പ്രദേശമാകെ വ്യാപിച്ച ഏലകൃഷിയുടെ തുടക്കം. വന്‍കിട തോട്ട ഉടമകളും ആനവിലാസം പ്രദേശത്തേക്ക് എത്തി ഏലകൃഷി തുടങ്ങി. വനഭൂമി വെട്ടിത്തെളിച്ച് കൃഷിയിറക്കിയതിനാല്‍ മിക്ക ഭാഗങ്ങളും ഇപ്പോഴും ഏലം കുത്തകപ്പാട്ട ഭൂമിയായി നിലനില്ക്കുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം വനംവകുപ്പിനാണ്.
ആനവിലാസം ടൗണില്‍ പ്രധാനമായും എത്തുന്നത് വിവിധ സംസ്ഥാനങ്ങളില്‍നിന്ന് തോട്ടം മേഖലയില്‍ തൊഴില്‍ തേടിയെത്തിയ തൊഴിലാളികളാണ്. കാട് നീങ്ങി ഏലം വിളഞ്ഞതോടെ ആനകള്‍ മറ്റ് പ്രദേശങ്ങളിലേക്കുപോയി. ചക്കുപള്ളം പഞ്ചായത്ത് 15ാം വാര്‍ഡ്, അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് ഒമ്ബതാം വാര്‍ഡ്, കുമളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവ ചേരുന്നതാണ് ആനവിലാസം ടൗണ്‍.