IndiaNEWS

ചെടിച്ചട്ടിയിലെയും ടെറസിലെയും പപ്പായ വളർത്തൽ

ളരെ എളുപ്പത്തിൽ‍ ചെടിച്ചട്ടിയിൽ വളർത്തിയെടുക്കാൻ കഴിയുന്ന ഒരു ഫലവൃക്ഷമാണ് പപ്പായ.ഏതൊരു മരവും നേരിട്ട് മണ്ണിൽ (തറയിൽ) നട്ടുവളർത്തുന്നതാണ് ഉചിതം എന്നാൽ സ്ഥല പരിമിതി ഉള്ളവർക്കും നഗരങ്ങളിൽ താമസിക്കുന്നവർക്കും വേണ്ടിയാണ് ഈ കുറിപ്പ്.
പലതരത്തിലുള്ള പപ്പായ ഇന്ന് ലഭ്യമാണ് ശാസ്ത്രീയമായി വികസിപ്പിച്ചെടുത്ത കുള്ളൻ തൈകള്‍ ,(അധികം പൊക്കം വയ്ക്കാത്തവ-ഡ്വാർഫ് ), വേഗം കായ്ക്കുന്നവ, നിറയെ കായ്ക്കുന്നവ, പല നിറത്തിലും വലുപ്പത്തിലുമുള്ളവ-ഇങ്ങനെ പലത്.
വിത്തുകൾ മുളപ്പിച്ചെടുത്ത പപ്പായ തൈകളാണ് ചട്ടിയിൽ‍ നടുന്നതെങ്കിൽ‍ അധികം പൊക്കം വയ്ക്കാത്ത ഇനം തെരഞ്ഞെടുക്കുന്നതാണ് നല്ലത്.
ഇന്ന് പ്രചാരത്തിലുള്ള റെഡ് ലേഡിയോ മഞ്ഞ നിറത്തിലുള്ള ഗോൾഡൻ ലേഡിയോ യെല്ലോ കിംഗോ മറ്റ് ഇനങ്ങളോ ചെടിച്ചട്ടിയിൽ‍ നടാമെങ്കിലും കോയമ്പത്തൂരിലെ തമിഴ്നാട് കാർഷിക കോളേജും റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത സി ഒ -1, സി ഒ -2, പൂസ ഡ്വാർഫ് എന്നീ കുള്ളൻ ഇനങ്ങളായ പപ്പായകളാണ് ഇതിന് കൂടുതൽ അനുയോജ്യം.പെട്ടെന്ന് കായ്ക്കുന്നവയാണ് ഇത്.
ഇങ്ങനെ കൃഷി ചെയ്യുന്നവർ ലെയറിംഗ് രീതിയില്‍ വേരുകള്‍ ഇറക്കിയ പപ്പായ തൈകള്‍ ചെടിച്ചട്ടിയിൽ‍ നടുന്നതാണ്(അല്ലെങ്കിലും കുഴപ്പമില്ല) ഉത്തമം. കാരണം അധികം പൊക്കം വയ്ക്കാതെ നിറയെ കായ പിടിച്ചു നിൽക്കുന്ന ഇത്തരം പപ്പായ ചെടികൾ കാണാൻ തന്നെ നല്ല ഭംഗിയാണ്.പപ്പായയിൽ‍ എയർ ലെയറിംഗ്ചെയ്യുന്നത് ചെറിയ വ്യത്യാസങ്ങളുണ്ട് (മറ്റ് മരങ്ങളിൽ ലെയറിംഗ് ചെയ്യുമ്പോൾ‍ കമ്പുകളിലെ തൊലി മുറിച്ചു കളയുകയാണെങ്കിൽ പപ്പായയിൽ ശിഖരത്തിലോ പ്രധാന തടിയിലോ മുറിവുണ്ടാക്കിയാണ് വേര് ഇറക്കുന്നത്.
പപ്പായയിൽ എയർ ലെയറിംഗ്
ചെയ്യുമ്പോൾ മാതൃവൃക്ഷത്തിൻ്റെ അതേ ഗുണമുള മുള്ള പപ്പായ തൈകൾ നമുക്ക് ഉൽപാദിപ്പിക്കാൻ പറ്റും .ഇങ്ങനെ ചെയ്യുന്ന പപ്പായ തൈകൾ അധികം പൊക്കം വയ്ക്കില്ല, പെട്ടെന്ന് കായ്ച്ചും തുടങ്ങുന്നു ശിഖരങ്ങൾ ഉള്ള പപ്പായയിൽ ചെയ്യുന്നതാണ് കൂടുതൽ നല്ലത് (ശിഖരങ്ങൾ ഇല്ലെങ്കില്‍ പ്രധാന തടിയിലും ചെയ്യാം) . ശിഖരത്തിൽ കത്തി കൊണ്ട് മുകളിലേക്ക് ചെറിയ ഒരു മുറിവ് ഉണ്ടാക്കുക അതിൽ അല്പം ജൈവ ഹോർമോൺ ( മുരിങ്ങയില നീര് വെള്ളം ചേർത്ത് നേർപ്പിച്ചത് നല്ലതാണ് – ജൈവ ഹോർമോൺ ഇല്ലെങ്കിലും കുഴപ്പമില്ല പക്ഷെ കൂടുതൽ ശ്രദ്ധിക്കണം ) മുറിവ് കൂടിപ്പോയാൽ കാറ്റത്ത് ആ ശിഖരം ഒടിഞ്ഞ് പോകും .ഒരു കമ്പ് (മര കഷണം) ആ വിടവിൽ വയ്ക്കുക .ഒരു നല്ല പ്ളാസ്റ്റിക് കവർ അടിഭാഗവും മുകൾ ഭാഗവും കെട്ടി വയ്ക്കാവുന്ന രീതിയിൽ തയ്യാറാക്കുക .വെള്ളം ഇതിൽ ഇറങ്ങാൻ പാടില്ല .ഇതിലേക്ക് നനവ് കലർന്ന പോട്ടിoഗ് മിശ്രിതം നറയ്ക്കുക .. ചകിരിച്ചോറ് , ചാണകപ്പൊടി , മണൽ ഇവ കലർന്നതാണ് മിശ്രിതം .ഏകദേശം 45 ദിവസങ്ങൾക്കു ശേഷം ലെയറിംഗ് ചെയ്തതിൻ്റെ താഴെ വെച്ച് മുറിച്ചെടുക്കാം.ലെയർ ചെയ്ത ഭാഗം വേര് പിരിച്ച് പുതിയ ഒരു പപ്പായ ചെടിയായി ഇതിനകം മാറിയിട്ടുണ്ടാവും. ലെയർ ചെയ്ത പ്ളാസ്റ്റിക് മാറ്റി സാധാരണ പപ്പായ തൈ നടുന്ന പോലെ പിന്നീട് മാറ്റി നടാം.മാസങ്ങൾകൊണ്ട് ഒരു കുള്ളൻ പപ്പായ മരമായി അത് മാറും.
ഏതോരു വൃക്ഷത്തിൻറെയും നിലനിൽപ്പിന്റെ അടിസ്ഥാനം മണ്ണ്തന്നെയാണ്. അതിനാൽ ചെടിച്ചട്ടിയിലെ കൃഷിക്ക് പോഷകസമ്പുഷ്ടമായ മണ്ണു തന്നെവേണം. കട്ടി വളരെ കുറഞ്ഞതും വെള്ളം കെട്ടിനില്‍ക്കാത്തതും ജലാംശം പിടിച്ചുനിർത്തുന്നതുമായ മണ്ണ് പരുവപ്പെടുത്തി എടുത്തുവേണം കൃഷി ചെയ്യാൻ‍. ചുവന്നമണ്ണ്, മണല്,‍ പച്ചിലവളം, ചാണകപ്പൊടി എന്നിവ തുല്യ അളവില്‍ ചേർത്ത് നടീല്‍ മിശ്രിതത്തില്‍ കുമ്മായം അല്ലെങ്കില്‍ ഡോളോമേറ്റ് ചേർത്ത് നന്നായി ഇളക്കി രണ്ടു ദിവസം കഴിഞ്ഞ് 10കിലോ വളക്കൂട്ടിലേക്ക് 20 ഗ്രാം ട്രൈക്കോഡര്‍മ, 20മില്ലി എഗ് അമിനോ എന്നിവ ഒരു ലിറ്റര്‍ ജലത്തില്‍ ചേർത്ത് കൊടുക്കുക.
പരുവമാക്കിയെടുത്ത നടീല്‍ മിശ്രിതം കൃഷി ചെയ്യാനുദ്ദേശിക്കുന്ന പാത്രങ്ങളുടെ മുക്കാല്‍ ഭാഗം നിറയ്ക്കണം.ചെടിച്ചട്ടിയില്‍ വളക്കൂട്ടുകള്‍ നിറയ്ക്കുമ്പോള്‍ 100 ഗ്രാം വേപ്പിന്‍ പിണ്ണാക്കും 100 ഗ്രാം എല്ലുപൊടിയും കൂടെ ചേര്‍ത്തു കൊടുക്കണം. മഴക്കാലത്ത് ചെടിച്ചട്ടികളുടെ മുകളില്‍ (മരത്തിന്റെ ചുവട്) മള്‍ച്ചിംഗ്ഷീറ്റു കൊണ്ടോ കട്ടികുറഞ്ഞ പ്ലാസ്റ്റിക്ക് ഷീറ്റു കൊണ്ടോ മൂടിയാൽ‍ മൂലകങ്ങള്‍ ഒലിച്ചുപോകുന്നതു തടയാൻ കഴിയും. അധിക ജല സാനിധ്യം ഒഴിവാക്കുകയും ചെയ്യാം. വേനലിന് പുതയിടുന്നതും വളരെ നല്ലതാണ്.
ഫല വൃക്ഷങ്ങൾ നടന്നതിന് സാധാരണയായി ഉപയോഗിക്കുന്ന ചെടിച്ചട്ടികൾ 45 ×60 സെന്റിമീറ്ററും (ഉയരം 45 സെന്റിമീറ്ററും വായ അകലം 60 സെന്റിമീറ്ററും ) താഴെ വശങ്ങളിലായി സുഷിരങ്ങൾ‍ ഉള്ളതുമാകണം. അമിതമായ ജലം വാർന്നു പോകുന്നതിന് ഇത് എത്യാവശ്യമാണ്.ജലം കെട്ടിക്കിടന്ന് ചെടിയുടെ വളർച്ച തടസപ്പെടുത്താതിരിക്കാനാണിത്.
മുറിച്ചെടുത്ത തൈയുടെ വേരുകളിൽ സ്യൂഡോമോണസ് 20 ഗ്രാം 1 ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്പ്രേ ചെയ്ത് ചെടിച്ചട്ടിയുടെ നടുവിലായി നേരെ മുകളിലേക്ക് വച്ച് നടണം. വേര് ഇളകാതിരിക്കാനും തൈ ഒടിഞ്ഞ് വീഴാതിരിക്കാനും ഒരൂ സപ്പോർട്ട് കൊടുക്കുന്നതും നല്ലതാണ്. ( ഒരു കമ്പ് ചട്ടിയില്‍ താഴ്ത്തി തൈയെ കെട്ടിനിർത്തുക)
ചെടിച്ചട്ടികളില്‍ മരങ്ങൾക്ക് ജൈവ ലായിനികൾ നൽകുന്നതാണ് ഏറ്റവും അനുയോജ്യം.
ചെടിച്ചട്ടികളിൽ‍ വളർത്തുന്ന മറ്റ് ഫല വൃക്ഷങ്ങളെ പോലെ പപ്പായക്ക് കമ്പ് കോതലോ വേരു കോതലോ ആവശ്യമായി വരുന്നില്ല.
ചെടിച്ചട്ടിയിലെ മരങ്ങൾക്ക് വേപ്പിന്‍ പിണ്ണാക്കും കടല പിണ്ണാക്കും മറ്റ് ജൈവ വളങ്ങളും ലായനി രൂപത്തിൽ നൽകുന്നതാണ് ഗുണകരം.വിഷമടിക്കാത്ത, ഏറ്റവും എളുപ്പം കായ്ക്കുന്ന രുചികരമായ പപ്പായ(പച്ചയോ/പഴുത്തതോ) നമുക്കിങ്ങനെ വിളയിച്ചെടുക്കാം.

Back to top button
error: