KeralaNEWS

ഒരിടത്തൊരു ഫയൽവാൻ” എന്ന ചിത്രത്തിലെ സെയ്ദ് വിടവാങ്ങി

പി.പത്മരാജൻ സംവിധാനം നിർവഹിച്ച “ഒരിടത്തൊരു ഫയൽവാൻ” എന്ന സിനിമയിൽ ഫയൽവാൻ എന്ന മുഖ്യകഥാപാത്രമായി അഭിനയിച്ച റഷീദിനെ എല്ലാവരും അറിയും. എന്നാൽ ആ ചിത്രത്തിൽ റഷീദിനോട് ഗോദയിൽ ഏറ്റുമുട്ടിയ മറ്റൊരു ഫയൽവാനെ ആരും തന്നെ ഓർത്തിരിക്കാൻ ഇടയില്ല.കോട്ടയം സെയ്ദ് എന്നറിയപ്പെട്ട ആ ഫയൽവാൻ കഴിഞ്ഞ ദിവസം പുലർച്ചെ ജീവിതഗോദയിൽ നിന്ന് വിടവാങ്ങി.കോട്ടയം ടൗണിൽ പ്രൈവറ്റ് ബസ്റ്റ് സ്റ്റാൻഡിൻ്റെ കെട്ടിടത്തിന് താഴെ ലേഡീസ് സ്റ്റോർ നടത്തി കാലയാപനം നടത്തിവന്ന കോട്ടയം സെയ്ദ് തൻ്റെ യൗവനകാലത്ത് സംസ്ഥാനതലത്തിൽ നിരവധി ഗുസ്തി മത്സരങ്ങളിൽ ചാമ്പ്യനായിരുന്നു.
പത്മരാജൻ്റെ ഫയൽവാനോട് ഏറ്റുമുട്ടാനായി പഞ്ചാബിൽ നിന്ന് ഒരു ഗുസ്തിക്കാരനെ ക്ഷണിച്ചുവരുത്തി അഭിനയിപ്പിക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതികകാരണങ്ങളാൽ അത് നടപ്പിലാകാതെ പോയി.പകരത്തിന് കോട്ടയം സെയ്ദിൻ്റെ പേര് നിർദ്ദേശിച്ചത് സെയ്ദിന്റെ സുഹൃത്ത് കൂടിയായ റഷീദ് തന്നെയാണ്. ഈ ചിത്രം പൂർണ്ണമായും കുമരകത്ത് കവണാറ്റിൻകരയിലാണ് ചിത്രീകരിച്ചത്. പള്ളിച്ചിറയിൽ കുരിശടിക്ക് സമീപമുള്ള ഗോദയിലാണ് സിനിമയ്ക്ക് വേണ്ടി സുഹൃത്തുക്കളായ ഇരു ഫയൽവാൻമാരും ഏറ്റുമുട്ടിയത്.
ഇതിനെപ്പറ്റി രസകരമായ ഒരു കഥയുണ്ട്.കഥയല്ല വാസ്തവം തന്നെ.
 “…..പള്ളിച്ചിറയിലെ റെഡ് ഓക്സൈഡ് വിരിച്ച ഗോദയിൽ തിരുവനന്തപുരത്തുകാരനായ റഷീദും കോട്ടയത്തുകാരനായ സെയ്ദും തമ്മിൽ നടന്നത് യഥാർത്ഥ ഗുസ്തിമത്സരം തന്നെയായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. അതിനുള്ള കാരണമിതാണ്:
സിനിമയിലെ നായകനായ ഫയൽമാനോട്
ഗുസ്തി പിടിച്ചു തോൽക്കുന്ന ആളായി അഭിനയിക്കാൻ വന്ന കോട്ടയത്തുകാരനായ സെയ്ദ് മുഹമ്മദ്‌ ഗുസ്തിയിൽ സ്റ്റേറ്റ് ചാമ്പ്യൻ ആയിരുന്നു.
രണ്ടു ക്യാമറ ഉപയോഗിച്ചു കട്ട്‌ ചെയ്യാതെ ഗുസ്തി ഷൂട്ട്‌ ചെയ്യാനായിരുന്നു സംവിധായകന്റെ പദ്ധതി. കാര്യം സിനിമ ഷൂട്ടിംഗ് ആണെങ്കിലും മത്സരം ഒരു കോട്ടയത്തുകാരനും തിരുവനന്തപുരത്തുകാരനും തമ്മിലല്ലേ.
ഷൂട്ടിംഗ് കാണാൻ വന്ന ആരോ സ്റ്റേറ്റ് ചാമ്പ്യനായ സെയ്‌ദിനോട്‌ നമ്മൾ കോട്ടയത്തുകാരുടെ മാനം കാക്കണം എന്ന് പറഞ്ഞുപോയി.
മത്സരത്തിൽ തോറ്റുകൊടുക്കണം എന്ന് സംവിധായകൻ പറഞ്ഞെങ്കിലും സെയ്ദ് തോറ്റുകൊടുക്കാൻ തയ്യാറായില്ല.
മത്സരം യഥാർത്ഥ ആവേശത്തിൽ നിൽക്കുമ്പോൾ തങ്ങൾ ഉദ്ദേശിക്കുന്ന ഫലം കിട്ടില്ല എന്ന് മനസ്സിലാക്കിയ പത്മരാജൻ ശേഷം ഉള്ള ഷൂട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു. സംവിധായകന്റെ നിർദ്ദേശമനുസരിച്ചു പരിശീലനം ചെയ്ത റഷീദ് അടുത്ത ദിവസം സിനിമയ്ക്കു വേണ്ടി സെയ്ദിനെ യഥാർത്ഥമത്സരത്തിൽ തോൽപ്പിക്കുകയായിരുന്നു എന്നാണ് ആ കഥ……..”
ഒരിടത്തൊരു ഫയൽവാനെ കൂടാതെ മാമാങ്കം, തച്ചോളി അമ്പു, ഉപ്പുകണ്ടം ബ്രദേഴ്സ് തുടങ്ങിയ ഏതാനും സിനിമകളിൽ കൂടി സെയ്ദ് മല്ലയുദ്ധരംഗത്ത് അഭിനയിച്ചിട്ടുണ്ട്. സെയ്ദിന്റ ഭൗതികശരീരം   തിരുനക്കര താജ് ജുമാ മസ്ജിദിൽ കബറടക്കി.
പി.പത്മരാജൻ രചനയും സംവിധാനവും നിർവഹിച്ച് 1981-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരിടത്തൊരു ഫയൽവാൻ. റഷീദ്, നെടുമുടി വേണു, ജയന്തി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

Back to top button
error: