മെഡി. കോളേജ് ആശുപത്രിയുടെ വരാന്തയിൽ കഴിഞ്ഞ ദിവസമെത്തിയ ഭക്ഷണപ്പൊതികളിലൊന്ന് വിശപ്പാറ്റാൻ മാത്രമായിരുന്നില്ല, ഇതുവരെ കാണാത്തൊരാൾക്കായി ഒരമ്മ കരുതിവെച്ച സ്‌നേഹമായി പണവും അതിലുണ്ടായിരുന്നു. അറിയപ്പെടാത്ത സഹോദരന്റെ വിശപ്പറിഞ്ഞ് കനിവോടെ അന്നമൂട്ടിയ അമ്മയും മകളും ഓർക്കാട്ടേരിയിലുണ്ട്. ഓർക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്‌ണോദയയിൽ രാജിഷയാണ് ഡിവൈഎഫ്‌ഐ പ്രവർത്തകർ മെഡി. കോളേജിൽ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കൊപ്പം മകളുടെ പിറന്നാൾ സമ്മാനമായി ചെറിയൊരു തുകയും ചേർത്തുവെച്ചത്.
ഓർക്കാട്ടേരി മേഖലയിലെ ഡിവൈഎഫ്‌ഐ പ്രവർത്തകരാണ് വെള്ളിയാഴ്‌ച മെഡി. കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി പൊതിച്ചോർ ശേഖരിച്ചത്. 3216 പൊതിച്ചോറുകൾ ആശുപത്രിയിലുള്ളവർക്ക് നൽകി മടങ്ങുമ്പോഴാണ് ഒരു യുവാവ് കയ്യിലൊരു കുറിപ്പും ഇരുനൂറ് രൂപയുടെ നോട്ടുമായി സമീപിച്ചത്. ‘‘അറിയപ്പെടാത്താ സഹോദരാ/സഹോദരീ, ഒരു നേരത്തെ ഭക്ഷണം തരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ/ബന്ധുവിന്റെയോ അസുഖം പെട്ടെന്ന് ഭേദമാകാൻ ഞങ്ങൾ പ്രാർഥിക്കാം. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തണേ.. ഈ തുകകൊണ്ട് നിങ്ങൾക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാൻ കഴിയുമെങ്കിൽ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാളാണ്’’ – എന്നായിരുന്നു കുറിപ്പിൽ.
വിളമ്പിയ ഭക്ഷണം കഴിക്കുന്ന രോഗിയെ കാണാനാകാത്തതിനാൽ നല്ലൊരു വാക്കിലൂടെ ആശ്വാസം പകരുകയേ ഉദ്ദേശിച്ചിരുന്നുള്ളുവെന്നും ആരെങ്കിലും തിരിച്ചറിയുമെന്ന് കരുതിയില്ലെന്നും രാജിഷ പറയുന്നു. മൂന്ന് പൊതിയാണ് രാജിഷ നൽകിയത്.കയ്യിലുണ്ടായിരുന്ന 200 രൂപ അതിലൊന്നിൽ വെക്കുകയായിരുന്നു.
മകൻ ഹൃത്ഥ്വിക് നിർബന്ധിച്ചാണ് കുറിപ്പിൽ മകളുടെ പിറന്നാളാണെന്ന് എഴുതിയത്. അടുത്തുള്ള സ്വകാര്യ സ്‌കൂളിൽ ഐടി അധ്യാപികയായിരുന്ന രാജിഷയ്‌ക്ക് കോവിഡ് കാലത്ത് ജോലിയില്ലാതായി. ഒന്നരമാസം മുമ്പ് ഏറാമല കൃഷി ഓഫീസിൽ ഡാറ്റ എൻട്രി ജീവനക്കാരിയായി താൽക്കാലിക ജോലി കിട്ടി. ഗൾഫിലായിരുന്ന ഭർത്താവ് രാമകൃഷ്‌ണനും കോവിഡ് വ്യാപനത്തിനിടെ ജോലി നഷ്ടമായി നാട്ടിലെത്തി. കഴിഞ്ഞ മാസം വീണ്ടും ജോലി തേടി വിദേശത്തേയ്‌ക്ക് മടങ്ങിയിരിക്കയാണ്. രാജിഷയുടെ നല്ല മനസിന് അനുമോദനവുമായി നിരവധിയാളുകളുടെ വിളിയെത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷടക്കമുള്ള നേതാക്കളും വീട്ടിലെത്തി അഭിനന്ദിച്ചു.