ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏവരുടെയും പ്രശംസ പിടിച്ച് പറ്റുകയാണ് രണ്ട് കുട്ടികൾ. ഇരുവരുടെയും സമയോചിതമായ ഇടപെടലിലൂടെ സ്വന്തം സഹോദരന്റെ ജീവൻ തിരിച്ച് കിട്ടുകയായിരുന്നു. ചമ്പക്കുളം സെന്റ് തോമസ് യുപി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയായ ജസ്‌വിനും അതേ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയായ ജിയയുമാണ് ആ സഹോദരങ്ങൾ.
പമ്പയാറ്റിൽ വീണ കുഞ്ഞനിയനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയാണ് ഈ രണ്ടു സഹോദരങ്ങളും ഇപ്പോൾ ഏവരുടെയും ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.നെടുമുടി പഞ്ചായത്ത് ഒമ്പതാം വാർഡിൽ ആണ് സംഭവം നടക്കുന്നത്.അല്ലെങ്കിൽ ചമ്പക്കുളം പോസ്റ്റോഫീസിന്റെ സമീപത്തുള്ള ജനസേവ കേന്ദ്രത്തിന് എതിർവശത്തു വച്ച്.
ഏറ്റവും ഇളയ കുട്ടിയായ ജസനെയാണ് സഹോദരങ്ങൾ ഇങ്ങനെ പമ്പയാറ്റിൽ നിന്നും രക്ഷപ്പെടുത്തിയത്.അമ്മയ്ക്കൊപ് പം ജനസേവാ കേന്ദ്രത്തിൽ പോയ കുട്ടികൾ തിരക്ക് കണ്ടു പുറത്തുള്ള ആറ്റിറമ്പിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ കാൽവഴുതിയാണ് ഇളയകുട്ടി വെള്ളത്തിൽ വീഴുന്നത്. മക്കളെ പുറത്ത് നിർത്തിയിട്ട് സിമി ജനസേവകേന്ദ്രത്തിനകത്തേക്കു ഇതിനകം പോയിരുന്നു.അതിനാൽത്തന്നെ ഏറ്റവും ഇളയ മകൻ വെള്ളത്തിൽ വീണത് സിമി അറിഞ്ഞതേയില്ല. സഹോദരൻ വെള്ളത്തിൽ വീണ കണ്ട ഉടൻ തന്നെ ബഹളം കൂട്ടുന്നതിനോടൊപ്പം മൂത്ത രണ്ടുപേരും രക്ഷപ്പെടുത്താനുള്ള ശ്രമവും ആരംഭിച്ചുകഴിഞ്ഞിരുന്നു.
ജസ്‌വിൻ സംരക്ഷണഭിത്തിയിൽ ഇരുന്ന് കാലുകൊണ്ട് അനിയനെ കോരി മുകളിലെത്തിക്കുകയും ജിയ ഈ സമയം കുട്ടിയുടെ കൈപിടിച്ചു കരയിലേക്കു വലിച്ചുകയറ്റി രക്ഷപ്പെടുത്തുകയും ആയിരുന്നു. ഈ സംഭവം നടന്നതിനു ശേഷം ആയിരുന്നു അമ്മ സിമി ഈ വിവരം അറിയുന്നത്.ബഹളം കേട്ട് അമ്മ ഉൾപ്പെടെ എല്ലാവരും സംഭവസ്ഥലത്തേക്ക് ഓടിയെത്തിയപ്പോഴേക്കും സഹോദരങ്ങൾ അനിയനെ രക്ഷപ്പെടുത്തി കഴിഞ്ഞിരുന്നു.
നാടുമുഴുവൻ സംഭവം അറിഞ്ഞതോടെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഈ സഹോദരന്മാർക്ക് നിറഞ്ഞ കൈയ്യടികളാണ് ഇപ്പോൾ ലഭിക്കുന്നത്.