NEWS

ഓഫീസിൽ വച്ച് 25000 രൂപ കൈക്കൂലി വാങ്ങി, മലിനീകരണ നിയന്ത്രണബോര്‍ഡ് എന്‍ജിനീയര്‍ വിജിലന്‍സിന്റെ വലയിൽ കുടുങ്ങി

പാലാ പ്രവിത്താനത്തെ പി.ജെ ട്രെഡ് എന്ന ടയര്‍ റീട്രേഡിങ് സ്ഥാപനത്തിൻ്റെ ലൈസന്‍സ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഹാരീസ് പക്ഷേ 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് സമ്മതിച്ചു

കോട്ടയം: അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ് മലിനീകരണ നിയന്ത്രണബോര്‍ഡിൻ്റെ കോട്ടയം ജില്ലാ ഓഫീസ്. കൈക്കൂലി വാങ്ങുന്നതിനിടെ വീണ്ടും ഇന്ന് രാവിലെ ഈ ഓഫീസിലെ എന്‍വയണ്‍മെന്റല്‍ എന്‍ജിനീയര്‍ വിജിലന്‍സിന്റെ പിടിയിലായി.

Signature-ad

പന്തളം മങ്ങാരം മദീനയില്‍ എ.എം ഹാരിസി(51)നെ കോട്ടയം വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈ.എസ്.പിമാരായ കെ.എ വിദ്യാധരന്‍, എ.കെ വിശ്വനാഥന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.

പാലാ പ്രവിത്താനത്ത് പ്രവര്‍ത്തിക്കുന്ന പി.ജെ ട്രെഡ് എന്ന ടയര്‍ റീട്രേഡിങ്’ സ്ഥാപന ഉടമ ജോബിന്‍ സെബാസ്റ്റ്യനില്‍ നിന്ന് കൈക്കൂലി വാങ്ങുമ്പോഴാണ് വിജിലന്‍സിന്റെ കുടുക്കില്‍ അകപ്പെട്ടത്. സ്ഥാപനത്തിനെതിരേ അയല്‍വാസി ശബ്ദമലിനീകരണത്തിന്, മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ പരാതി നൽകിയിരുന്നു. റീട്രേഡിങിനുള്ള മെഷിനറികള്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം അസഹനീയമാണ് എന്നായിരുന്നു പരാതി.

പരിശോധന നടത്തിയ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. 60 ഡെസിബെല്ലില്‍ താഴെയാണ് യന്ത്രങ്ങളുടെ ശബ്ദം. ഇത് മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമല്ല. സ്വാഭാവികമായി സ്ഥാപനത്തിന് ലൈസന്‍സ് പുതുക്കി കൊടുക്കമായിരുന്നു.
നേരത്തേയുളള ഉദ്യോഗസ്ഥര്‍ ലൈസന്‍സ് പുതുക്കുന്നതിന് ഒരു ലക്ഷം രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. പിന്നീട് വന്ന ഹാരീസ് 25,000 രൂപ തന്നാല്‍ ലൈസന്‍സ് നല്‍കാമെന്ന് അറിയിച്ചു.

സ്ഥാപനം ഉടമ വിജിലന്‍സ് എസ്.പി വി.ജി വിനോദ് കുമാറിന് പരാതി നല്‍കി. അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം റെജി എം.കുന്നിപ്പറമ്പില്‍, നിസാം, രതീന്ദ്രകുമാര്‍ എന്നീ ഓഫീസർമാർ ചേര്‍ന്നാണ് കെണിയൊരുക്കിയത്. ഉദ്യോഗസ്ഥര്‍ നല്‍കിയ മാര്‍ക്ക് ചെയ്ത പണം ഇന്ന് രാവിലെ ഓഫീസില്‍ വച്ച്‌ കൈപ്പറ്റുന്നതിനിടെ വിജിലന്‍സ് സംഘം ഹാരിസിനെഅറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: