ആയിരത്തിതൊള്ളായിരത്തി എഴുപത്തിയേഴില്‍ വിടരുന്ന മൊട്ടുകള്‍ എന്ന സിനിമയിലൂടെ ബാലതാരമായി അരങ്ങേറി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ ഉര്‍വ്വശി ആണ് ഈ വിശേഷണങ്ങള്‍ക്ക് ഉടമ.
തമിഴ് സിനിമകളിലും ഉര്‍വ്വശി ബാലതാരമായി അഭിനയിച്ചു. തന്റെ പതിമൂന്നാം വയസ്സില്‍ നടി നായികയായി തുടക്കം കുറിച്ചതും തമിഴ് സിനിമയിലൂടെ ആയിരുന്നു. കാര്‍ത്തിക് നായകനായ തൊടരം ഉണര്‍വ്വ് ആയിരുന്നു ആദ്യ സിനിമ. എന്നാല്‍ സിനിമ വളരെ വൈകിയാണ് റിലീസായത്. ഭാഗ്യരാജ് സംവിധാനം ചെയ്ത പ്രധാന കഥാപാത്രമായി എത്തിയ മുന്താനൈ മുടിച്ച് എന്ന സിനിമയാണ് ഉര്‍വ്വശിയെ നായികയാക്കി ആദ്യം റിലീസായ സിനിമ.പരിമളം എന്ന നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അതേ വര്‍ഷം തന്നെ അപൂര്‍വ്വ സഹോദരികള്‍ എന്ന തമിഴ് സിനിമയിലും പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായി പ്രേക്ഷകര്‍ ഉര്‍വ്വശിയെ കണ്ടു. എതിര്‍പ്പുകള്‍ എന്ന സിനിമയിലൂടെയാണ് പ്രധാന വേഷം ചെയ്തുകൊണ്ട് ഉര്‍വ്വശി മലയാളത്തില്‍ അഭിനയിക്കുന്നത്. മമ്മൂട്ടി, രതീഷ് തുടങ്ങിയവരായിരുന്നു സിനിമയില്‍ മറ്റ് അഭിനേതാക്കള്‍. ബാലചന്ദ്രമേനോന്‍ സംവിധാനം ചെയ്ത എന്റെ അമ്മു നിന്റെ തുളസി അവരുടെ ചക്കി സിനിമയിലെ തുളസി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും മലയാളത്തില്‍ തിരക്കുള്ള നായികമാരില്‍ ഒരാളായി ഉര്‍വ്വശി മാറുകയും ചെയ്തു.
തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം തന്നെ ഉര്‍വ്വശി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചു. അഭിനയിച്ച മിക്ക സിനിമകളും വലിയ വിജയം നേടി. നിറക്കൂട്ട്, സുഖമോ ദേവി, പൊന്മുട്ടയിടുന്ന താറാവ്, മഴവില്‍ക്കാവടി, മൃഗയ, തലയണമന്ത്രം, ലാല്‍സലാം തുടങ്ങി നിരവധി സിനിമകളില്‍ മികച്ച കഥാപാത്രങ്ങളായി എണ്‍പതുകളുടെ അവസാനം നടി നിറഞ്ഞു നിന്നു. മഴവില്‍ക്കാവടി, വര്‍ത്തമാനക്കാലം തുടങ്ങിയ സിനിമകളിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാനസര്‍ക്കാരിന്റെ പുരസ്‌കാരം നടിയെ തേടിയെത്തി. തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ ഉര്‍വ്വശി ആ നേട്ടം തന്നോട് ചേര്‍ത്തു. അഞ്ച് തവണയാണ് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉര്‍വ്വശി കരസ്ഥമാക്കിയത്. അച്ചുവിന്റെ അമ്മ സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരവും ഉര്‍വ്വശി കരസ്ഥമാക്കി. ഇപ്പോഴും മികച്ച കഥാപാത്രങ്ങളായി തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമാണ് ഉര്‍വ്വശി. മലയാളത്തില്‍ ദിലീപിന്റെ നായികയായി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമ ക്രിസ്തുമസ് റിലീസായി ഹോട്ട് സ്റ്റാറിലൂടെ റിലീസിന് തയ്യാറെടുക്കുകയാണ്.