കോട്ടയം: പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വികസന കോര്‍പറേഷന്‍ ചെയര്‍മാനായി ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റിനെ നിയമിക്കാന്‍ ശുപാര്‍ശ ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്.
രാഷ്ട്രീയക്കാരനല്ലാത്ത ഒരാളെ കോര്‍പറേഷന്റെ തലപ്പത്തേക്ക് ശുപാര്‍ശ ചെയ്യപ്പെടുന്നത് ആദ്യമായാണ്. ‘ലജ്ജാവതിയേ’ എന്ന ഒറ്റ സിനിമ പാട്ടോടു കൂടി മലയാളികള്‍ക്കിടയില്‍ ഏറെ ശ്രദ്ധേയനായ ഗായകനും സംഗീത സംവിധായകനുമാണ് ജാസി ഗിഫ്റ്റ്. 2019ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നു ഫിലോസഫിയില്‍ പിഎച്ച്ഡി കരസ്ഥമാക്കി. അദ്വൈതവും ബുദ്ധിസവുമായി ബന്ധപ്പെടുത്തി സാഹോദര്യത്തിന്റെ തത്വശാസ്ത്രത്തെ കുറിച്ചുള്ള പഠനത്തിനാണു ഡോക്ടറേറ്റ്. ചെയര്‍മാന്‍ സ്ഥാനം സംബന്ധിച്ച് സിപിഎം സംസ്ഥാന നേതാക്കള്‍ തന്നോട് സംസാരിച്ചിരുന്നതായി ജാസി ഗിഫ്റ്റ് പറഞ്ഞു.
കോര്‍പറേഷന്റെ ആസ്ഥാനം കോട്ടയമാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും മുന്‍ നഗരസഭാധ്യക്ഷനുമായ പി.ജെ.വര്‍ഗീസാണ് നിലവില്‍ ചെയര്‍മാന്‍. പി.ജെ.വര്‍ഗീസിനു 2 വര്‍ഷം കൂടി കാലാവധി ബാക്കിനില്‍ക്കെയാണ് പുതിയ ആളിനെ ചെയര്‍മാനാക്കാന്‍ സിപിഎം സെക്രട്ടേറിയറ്റ് ശുപാര്‍ശ നല്‍കിയത്. എന്നാല്‍ പാര്‍ട്ടിയുടെ കോട്ടയം ജില്ലാ സമ്മേളനത്തിനു ശേഷം മാത്രമേ ഈ ശുപാര്‍ശ നടപ്പാക്കാവൂ എന്നു ജില്ലയില്‍ നിന്നുള്ള മുതിര്‍ന്ന നേതാക്കള്‍ നിര്‍ദേശം വച്ചിട്ടുണ്ട്. ജനുവരി 12 മുതല്‍ 14 വരെയാണ് സമ്മേളനം.
അതേസമയം നിലവിലുള്ള ബോര്‍ഡ് പിരിച്ചുവിട്ട് പുതിയ ചെയര്‍മാനെ ഉടന്‍ തന്നെ നിയമിക്കുമെന്നാണ് സൂചന. ബോര്‍ഡ് ഓഫ് ഡയറക്ടര്‍ അംഗങ്ങളെ പിന്നീട് നിശ്ചയിക്കും. 2019 ജനുവരിയിലാണ് പി.ജെ.വര്‍ഗീസ് ചെയര്‍മാനായി ചുമതലയേറ്റത്. എന്നാല്‍, പുതിയ നിയമനം സംബന്ധിച്ച് അറിയില്ലെന്ന് പി.ജെ.വര്‍ഗീസ് പ്രതികരിച്ചു.