മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലിറങ്ങിയ ബിഗ് ബജറ്റ് ചിത്രം മരയ്ക്കാര്‍: അറബിക്കടലിന്റെ സിംഹത്തിന്റെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബര്‍ 17 മുതല്‍ ഇന്ത്യയില്‍ പ്രൈം വീഡിയോയില്‍ പ്രീമിയര്‍ ചെയ്യും.
മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും സിനിമ ലഭ്യമാകും. കുഞ്ഞാലി മരയ്ക്കാറുടെ നേതൃത്വത്തില്‍ പോര്‍ച്ചുഗീസുകാര്‍ക്കെതിരെ നടന്ന ഇതിഹാസ യുദ്ധത്തിന്റെ കഥയാണ് ഈ സിനിമ പറയുന്നത്. 2021 ഒക്ടോബറില്‍ നടന്ന 67-മത് ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ഫീച്ചര്‍ ഫിലിം, മികച്ച സ്പെഷ്യല്‍ ഇഫക്റ്റുകള്‍, മികച്ച വസ്ത്രാലങ്കാരം എന്നീ പുരസ്‌കാരങ്ങളും മലയാള സിനിമ കണ്ടതില്‍ വെച്ച് ഏറ്റവും ചെലവേറിയ ഈ ചിത്രം കരസ്ഥമാക്കുകയുണ്ടായി. പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, സുനില്‍ ഷെട്ടി, അശോക് സെല്‍വന്‍, മുകേഷ്, നെടുമുടി വേണു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്.
അതേസമയം, പ്രൈം വീഡിയോയിലെ മരക്കാറിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ഇത് രാജ്യത്തുടനീളമുള്ള പ്രേക്ഷകര്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് സിനിമ കാണാനുള്ള അവസരം നല്‍കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയറില്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്ന് പ്രിയദര്‍ശന്‍ പ്രതികരിച്ചു. ഈ സിനിമ എന്റെ ഹൃദയത്തോട് വളരെ അടുത്ത് നില്‍ക്കുന്നതാണ്. കഴിഞ്ഞ 20 വര്‍ഷമായി ലാലിന്റെയും എന്റെയും ഒരു കൂട്ടായ സ്വപ്നമാണിതെന്നും അദ്ദേഹം പറഞ്ഞു. ഏറെ കാത്തിരുന്ന ഈ മെഗാ എന്റര്‍ടെയ്നറുമായി ഈ വര്‍ഷം അവസാനിപ്പിക്കുന്നതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നുവെന്ന് ആമസോണ്‍ പ്രൈം വീഡിയോ, ഇന്ത്യയുടെ കണ്ടന്റ് ലൈസന്‍സിംഗ് മേധാവി മനീഷ് മെംഗാനിയും പറഞ്ഞു.