MovieNEWS

‘കടുവ’യില്‍ ‘കട്ടപ്പ’യും

കട്ടപ്പയോടൊപ്പം എന്ന തലക്കെട്ടില്‍ സത്യരാജിനോടൊപ്പമുള്ള പടം ഷാജി കൈലാസ് പോസ്റ്റ് ചെയ്തിട്ട് മണിക്കൂറുകളേയായിട്ടുള്ളൂ. കടുവയുടെ ഷൂട്ടിംഗ് ഇപ്പോള്‍ കോട്ടയത്ത് പുരോഗമിക്കുമ്പോള്‍ ഒന്ന് ഉറപ്പിക്കേണ്ടിവരും. ‘ബോബി’ക്ക് (വിവേക് ഒബ്‌റോയി) പിന്നാലെ ഇപ്പോള്‍ കട്ടപ്പയും കടുവയുടെ ഭാഗമാവുകയാണ്.

കടുവയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് ഒരു ബോളിവുഡ് താരം ചിത്രത്തിലുണ്ടാകുമെന്ന് സൂചനകള്‍ സംവിധായകന്‍ നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഷൂട്ടിംഗ് തുടങ്ങി ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ആ ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണെന്ന് ഞങ്ങള്‍ എഴുതിയിരുന്നു. അതിനു പിന്നാലെ വിവേക് കടുവയില്‍ ജോയിന്‍ ചെയ്യുന്നു. കാഞ്ഞിരപ്പള്ളിയില്‍ നിന്ന് ഷൂട്ടിംഗ് കോട്ടയത്തേയ്ക്ക് ഷിഫ്റ്റ് ചെയ്തതിന് പിന്നാലെയാണ് പുതിയ ട്വിസ്റ്റ്. കട്ടപ്പയോടൊപ്പമുള്ള സംവിധായകന്റെ ഫോട്ടോ കൃത്യമായ സൂചനകളാണ്.

ഇപ്പോള്‍ കടുവയുടെ ക്ലൈമാക്‌സ് രംഗങ്ങളാണ് ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്. നൈറ്റ് സീന്‍ ആയതുകൊണ്ട് വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറ് വരെയാണ് ഇപ്പോഴത്തെ ഷെഡ്യൂള്‍. തീപാറുന്ന ആക്ഷന്‍ രംഗങ്ങളാണ് ഒരുക്കുന്നത്. ഷാജിയുടെ സാമ്യതകളില്ലാത്ത ഷോട്ട്‌സ് കൂടിയാകുമ്പോള്‍ സ്‌ക്രീനില്‍ അത് ഗംഭീരമാകുമെന്നുറപ്പ്.
ഒരാഴ്ചയ്ക്കുള്ളില്‍ കോട്ടയത്തെ ഷൂട്ടിംഗ് അവസാനിക്കും. തുടര്‍ന്ന് എറണാകുളത്തേയ്ക്കും അവിടുന്ന് കുമിളിയിലേയ്ക്കും പിന്നീട് തിരുവനന്തപുരത്തേയ്ക്കും ഷിഫ്റ്റ് ചെയ്യും. ജനുവരി ആദ്യം ഷൂട്ടിംഗ് അവസാനിക്കും.

Back to top button
error: