ആലുവ: മൊഫിയ പര്‍വീന്റെ ആത്മഹത്യാക്കേസില്‍ പൊലീസ് സ്റ്റേഷനില്‍ സമരം ചെയ്ത പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം സംശയിക്കുന്നുവെന്ന് പൊലീസ്. തീവ്രവാദം സംബന്ധിച്ച പരാമര്‍ശം കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയില്‍. സമരവുമായി ബന്ധപ്പെട്ട് പൊതുമുതല്‍ നശിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത അല്‍ അമീന്‍, അഷ്റഫ്, നെജീബ് എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് പൊലീസിന്റെ വിവാദമായ പരാമര്‍ശം.
സമരത്തിനിടെ ഡിഐജിയുടെ കാര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞ് നാശനഷ്ടം വരുത്തിയിരുന്നു. ജലപീരങ്കിയുടെ മുകളില്‍ കയറി കൊടി നാട്ടി. പൊതുമുതല്‍ നശിപ്പിച്ചതടക്കം കുറ്റം ചുമത്തി 12 പേരെ പ്രതികളാക്കി കേസെടുത്തു. ഇതില്‍ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കോടതിക്ക് നില്‍കിയ റിപ്പോര്‍ട്ടിലാണ് നേതാക്കള്‍ക്ക് തീവ്രവാദ ബന്ധം ഉണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് ആരോപിക്കുന്നത്.
കൂടാതെ പൊലീസിന്റെ തീവ്രവാദ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. സമരം ചെയ്യുന്നവരെ തീവ്രവാദിയാക്കുന്ന പൊലീസ് നയം കേരളത്തിന് അപമാനമെന്ന് അന്‍വര്‍ സാദത്ത് എം എല്‍ എ വ്യക്തമാക്കി.