KeralaNEWS

ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും വാട്സാപ്പിൽ നോട്ടിഫിക്കേഷൻ; ചരിത്രം രചിച്ച് കെഎസ്ആർടിസി കൂട്ടായ്മ

മാനന്തവാടി-കോയമ്പത്തൂർ കോവൈ കിങ് ബസ് എവിടെ എത്തിയെന്നറിയാൻ കെഎസ്ആർടിസി എൻക്വയറി കൗണ്ടറിലേക്കു ഫോൺ വിളിക്കേണ്ട ആവശ്യമില്ല.ഈ ബസിലെ സ്ഥിരം യാത്രക്കാർക്ക് ബസ് ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും കൃത്യമായി വാട്സാപ്പിൽ നോട്ടിഫിക്കേഷൻ വരും. കോവിഡ് കാലത്തു സർവീസ് നിർത്തിയ മാനന്തവാടി-കോയമ്പത്തൂർ സൂപ്പർ ഫാസ്റ്റ് ബസ് ഒന്നര വർഷത്തിനു ശേഷം 6ന് സർവീസ് പുനരാരംഭിച്ചപ്പോൾ വാട്സാപ് കൂട്ടായ്മ പഴയതിനെക്കാൾ സജീവമാക്കി ആനവണ്ടി ആരാധകർ.അവർ നൽകിയ പേരാണ് കോവൈ കിങ്.
ജീവനക്കാരും യാത്രക്കാരും നാട്ടുകാരും അംഗങ്ങളായ വാട്സാപ് കൂട്ടായ്മ ബസ് സർവീസ് ആരംഭിച്ച കാലം മുതലുള്ളതാണ്. ബസ് ദിവസവും രാവിലെ 7.40ന് മാനന്തവാടിയിൽനിന്നു പുറപ്പെട്ട് കോയമ്പത്തൂരിൽ എത്തുന്ന 3.15 വരെയും കോയമ്പത്തൂർ ഗാന്ധിപുരം സ്റ്റാൻഡിൽനിന്ന് 7ന് പുറപ്പെട്ട് തിരികെ പുലർച്ചെ 2.35ന് മാനന്തവാടി എത്തുന്ന വരെയും കൂട്ടായ്മയിലെ അംഗങ്ങൾ വിവരങ്ങൾ നൽകാനുണ്ടാകും. വാട്സാപ് കൂട്ടായ്മ എന്ന ആശയം ഡ്രൈവർ പയ്യമ്പള്ളി സ്വദേശി കെ.ആർ.ഗിരീഷിന്റെതാണ്.
അതു ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ പ്രതിനിധികളുമായി പങ്കുവച്ചു. മേപ്പാടി ബസ് പാസഞ്ചേഴ്സ് അസോസിയേഷൻ ഭാരവാഹി കെ.പി.ഹൈദരലി, കണ്ടക്ടർമാരായ ശൈലേഷ് മാനന്തവാടി, ചേരമ്പാടിയിലെ അനീഷ് സാന്റോ എന്നിവർ അഡ്മിൻമാരായി ‘എംഡിവൈ ടു കോവൈ’ എന്ന ഗ്രൂപ്പ് രൂപീകരിച്ചു. ഗ്രൂപ്പിൽ ഇപ്പോൾ 70 അംഗങ്ങളാണുള്ളത്. വയനാട്ടിലെയും തമിഴ്നാട്ടിലെയും യാത്രക്കാരും ബിസിനസുകാരും വിദ്യാർഥികളും ബസ് സ്റ്റോപ്പിന് സമീപത്തെ വ്യാപാരികളുമൊക്കെയാണ് ഗ്രൂപ്പിലെ അംഗങ്ങൾ.

Back to top button
error: