MovieNEWS

‘മിന്നല്‍ മുരളി’ക്ക് ആശംസകള്‍ നേര്‍ന്ന് ഹോളിവുഡ് സംഗീത സംവിധായകന്‍ അലന്‍ സില്‍വെസ്ട്രി

ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ളിക്‌സ് റിലീസിന് ഒരുങ്ങുകയാണ്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സൂപ്പര്‍ ഹീറോ ചിത്രത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് ഹോളിവുഡ് സംഗീത സംവിധായകന്‍ അലന്‍ സില്‍വെസ്ട്രി.

തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് അലന്‍ മിന്നല്‍ മുരളിയ്ക്ക് ആശംസകള്‍ നേര്‍ന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവെച്ച അദ്ദേഹം ‘ഈ മനോഹര സിനിമയ്ക്ക് ആശംസകള്‍ നേരുന്നു’ എന്ന് കുറിച്ചു. എമ്മി പുരസ്‌കാര ജേതാവായ അലന്‍ ‘ഫോറസ്റ്റ് ഗംപ്’, ‘പ്രെഡേറ്റര്‍, ‘കാസ്റ്റ് എവേ’, ‘ദ അവഞ്ചേഴ്സ്’, ‘റെഡി പ്ലയര്‍ വണ്‍’, ‘അവഞ്ചേഴ്സ്: ഇന്‍ഫിനിറ്റി വാര്‍’, ‘അവഞ്ചേഴ്സ്: എന്‍ഡ് ഗെയിം’ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംഗീത സംവിധായകനാണ്. രണ്ട് തവണ ഓസ്‌കാര്‍, ഗോള്‍ഡന്‍ ഗ്ലോബ് നാമനിര്‍ദ്ദേശവും ലഭിച്ചിട്ടുണ്ട്.
വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖര്‍ മിന്നല്‍മുരളിക്ക് ആശംസ അര്‍പ്പിച്ച് എത്തുമെന്നറിയുന്നു.

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രമാണ് മിന്നല്‍മുരളി. അതുകൊണ്ടുതന്നെ അതിന്റെ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയാകര്‍ഷിച്ച പ്രോജക്ടുകളില്‍ ഒന്നുകൂടിയാണ്. ടൊവിനോയുടെ കരിയറിലെ ബിഗ് ബഡ്ജറ്റ് ചിത്രം കൂടിയാണിത്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു.

Back to top button
error: