ന്യൂഡൽഹി: അസമീസ് സാഹിത്യകാരൻ നീൽമണി ഫൂക്കനും കൊങ്കണി സാഹിത്യകാരൻ ദാമോദർ മോസോയ്ക്കും ജ്ഞാനപീഠ പുരസ്കാരം. ദാമോദർ മോസോയ്ക്ക് ഈ വർഷത്തെ പുരസ്കാരവും നീൽമണി ഫൂക്കനു കഴിഞ്ഞ വർഷത്തെ പുരസ്കാരവുമാണ് പ്രഖ്യാപിച്ചത്. അസം സാഹിത്യത്തിലെ സിംബോളിക് കവിയായി അറിയപ്പെടുന്ന നീല്‍മണി ഫൂക്കന്‍ കേന്ദ്ര, സംസ്ഥാന സാഹിത്യഅക്കാദമി അവാര്‍ഡുകളും അക്കാദമി ഫെല്ലോഷിപ്പുകളും നേടിയിട്ടുണ്ട്.
പ്രശസ്ത കവിതാസമാഹാരമായ കൊബിതാ(കവിത) നിരവധി ഭാഷകളിലേക്ക് തര്‍ജമ ചെയ്യപ്പെട്ടിട്ടുണ്ട്. സാഹിത്യത്തിനും വിദ്യാഭ്യാസത്തിനും നല്‍കിയ സംഭാവനകളെ മാനിച്ചുകൊണ്ട് രാജ്യം പത്മശ്രീ നല്‍കി ആദരിച്ച കവി കൂടിയാണ് നീല്‍മണി ഫൂക്കന്‍.
ഗോവൻ ചെറുകഥാകൃത്തും നോവലിസ്റ്റും നിരൂപകനും കൊങ്കണി തിരക്കഥാകൃത്തുമാണ് ദാമോദർ മോസോ. കാർമേലിൻ എന്ന നോവലിന് 1983-ൽ സാഹിത്യ അക്കാദമി അവാർഡും 2011-ൽ സൂനാമി സൈമൺ എന്ന നോവലിന് വിമല വി.പൈ.വിശ്വ കൊങ്കണി സാഹിത്യ പുരസ്‌കാരവും ലഭിച്ചു. സാഹിത്യ അക്കാദമിയുടെ എക്‌സിക്യൂട്ടീവ് ബോർഡ്, ജനറൽ കൗൺസിൽ, ഫിനാൻസ് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗാഥൺ, സാഗ്രണ, റുമാദ് ഫുൾ, സപൻ മോഗി, സൂനാമി സൈമൺ, സൂദ്, കാർമേലിൻ, ചിത്തരങ്ങി എന്നിവയാണ് പ്രധാന കൃതികൾ.
1990-ൽ നീൽമണിയെ രാജ്യം പത്മശ്രീ നൽകി ആദരിച്ചിരുന്നു. 1981-ലെ അസമീസ് സാഹിത്യ അക്കാദമി അവാർഡും 2002-ൽ കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പും നേടി. സൂര്യ ഹേനോ നമി അഹേ ഈ നദിയേദി, ഫുലി തക സൂര്യമുഖി ഫുൽതോർ ഫാലെ, കബിത എന്നിവയാണ് പ്രധാന കൃതികൾ.