MovieNEWS

ഈ വര്‍ഷം ഞാനൊരു രാജ്യദ്രോഹി, എന്റെ നേരാണ് എന്റെ തൊഴിൽ,നിങ്ങള്‍ ആ സത്യം അറിയണം; പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ട്‌ ഐഷ സുല്‍ത്താന

സ്വന്തം നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ പോരാടി വാർത്തകളിൽ ഇടംനേടിയ യുവ സംവിധായികയും മോഡലുമായ ഐഷ സുല്‍ത്താന തന്‍റെ രണ്ടാമത്തെ ചിത്രത്തിന്‍റെ ടൈറ്റില്‍ പുറത്തുവിട്ടു. ‘124 (A)’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ പ്രമേയം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏറെ സാമൂഹ്യ പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.

‘കുറുപ്പ്’ സിനിമയിലൂടെ ശ്രദ്ധേയരായ ക്യാമറമാന്‍ നിമിഷ് രവി, ആര്‍ട് ഡയറക്ടര്‍ ബംഗ്ലാന്‍ തുടങ്ങി പ്രശസ്തരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്. കൊച്ചിയിലും പരിസരപ്രദേശങ്ങളുമായി ഒറ്റ ഷെഡ്യൂളില്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തീകരിക്കും.

രചന, സംവിധാനം, നിർമാണം ഐഷ സുല്‍ത്താന, ക്യാമറ നിമിഷ് രവി, സംഗീതം വില്ല്യം ഫ്രാന്‍സിസ്, എഡിറ്റര്‍ നൗഫല്‍ അബ്ദുള്ള, ആര്‍ട് ബംഗ്ലാന്‍, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍, മേക്കപ്പ് ആര്‍. ജെ. വയനാട്, ഡയറക്ടര്‍ ഓഫ് ഓഡിയോഗ്രഫി രഞ്ജുരാജ് മാത്യു, ലൈന്‍ പ്രൊഡ്യൂസര്‍ പ്രശാന്ത് റ്റി.പി., യാസര്‍ അറാഫത്ത് ഖാന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആന്‍റണി കുട്ടമ്പുഴ, പ്രൊജക്റ്റ് ഡിസൈനര്‍- നാദി ബക്കര്‍, പ്രണവ് പ്രശാന്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-മാത്യൂസ് തോമസ്, സ്റ്റില്‍-രാജേഷ് നടരാജന്‍, പി.ആർ.ഒ.പി.ആർ.സുമേരൻ, ഡിസൈനര്‍-ഹസീം മുഹമ്മദ്.

ഐഷയുടെ ഫെയ്‌സ്ബുക്ക് പോസറ്റ്‌:

ഇന്നെന്റെ പിറന്നാളാണ്, മറ്റെല്ലാരെ പോലെയും ഞാനും സന്തോഷിക്കുന്നൊരു ദിവസം, എന്നാൽ എല്ലാ വർഷവും പോലെയല്ല എനിക്കീ വർഷം.

ഞാനിന്ന് ഓർത്തെടുക്കുവാണ് എന്റെ ആ പഴയ കാലം,
ഓർമ്മ വെച്ച നാൾ മുതൽ സ്വാതന്ത്ര്യ ദിനത്തിന്റെ അന്ന് അതിരാവിലെ എഴുന്നേറ്റ് ചിട്ടയോടെ സ്കൂൾ യുണിഫോം ധരിച്ചു സ്കൂൾ മൈതാനത്തു ദേശിയ പതാക ഉയർത്തുമ്പോൾ അഭിമാനത്തോടെ സല്യൂട്ട് അടിക്കുന്ന എന്നെ,”ഇന്ത്യ എന്റെ രാജ്യമാണ്,ഓരോ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്” എന്ന് എല്ലാ ദിവസവും സ്കൂൾ അസംബ്ലിയിൽ ഒരു കൈ മുന്നിലേക്ക് നീട്ടി പിടിച്ചു കൊണ്ട് അഭിമാനത്തോടെ പ്രതിജ്ഞ ചൊല്ലുന്ന എന്നെ, ഹിസ്റ്ററി അറിവുകൾ വേണമെന്ന തീരുമാനത്തിൽ +2 ഹ്യുമാനിറ്റിസ് ഗ്രൂപ്പ്‌ തിരഞ്ഞെടുത്ത എന്നെ, കേരളത്തോടുള്ള അതിയായ ഇഷ്ടത്തോടെ കേരളത്തേയ്ക്ക് എത്തുകയും, മലയാള ഭാഷ തിരഞ്ഞെടുക്കുകയും ചെയ്ത എന്നെ, ഒരു ഒഴുക്കിൽ പെട്ട് സിനിമ ഫീൽഡിൽ എത്തുകയും അവിടന്നുള്ള എല്ലാം ഭാഗ്യവും എന്നെ തേടിവരുമ്പോൾ ഞാൻ തിരഞ്ഞെടുത്തത് ഡയറക്ഷനായിരുന്നു, കാരണം എനിക്ക് ചുറ്റുമുള്ള കലാകാരന്മാരെ വളർത്തുകയും ലക്ഷദ്വീപിലെ കലാകാരന്മാരെ ഇവിടെ എത്തിക്കേണ്ട കടമയും എന്നിലുണ്ടെന്നു തോന്നി, ആദ്യമായി സ്വന്തം കൈപടയിൽ എഴുതിയ സ്ക്രിപ്റ്റ് പോലും ഇന്ത്യ എന്ന എന്റെ രാജ്യത്തോടുള്ള, ലക്ഷദ്വീപ് എന്ന എന്റെ നാടിനോടുള്ള എന്റെ കടപ്പാടും ഇഷ്ടവും കടമയുമായിരുന്നു.

ആ ഞാനിന്നു ഈ വർഷം രാജ്യദ്രോഹി ആയി മാറിയിരിക്കുന്നു, അല്ലാ ചിലർ എന്നെ മാറ്റിയിരിക്കുന്നു…
ഈ പിറന്നാൾ ദിവസം ഈ വർഷം ഞാനൊരു രാജ്യദ്രോഹി

എന്റെ നേരാണ് എന്റെ തൊഴിൽ,
വരും തലമുറയിലെ ഒരാൾക്കും ഞാൻ അനുഭവിച്ചപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കണമെങ്കിൽ നിങ്ങളാ സത്യം അറിയണം.

ഒരിക്കലും മറക്കാനാവാത്ത ഈ പിറന്നാൾ ദിവസം
124(A) എന്ന എന്റെ പുതിയ സിനിമയുടെ ആദ്യത്തെ ടൈറ്റിൽ പോസ്റ്റർ എന്റെ ഗുരുനാഥൻ ലാൽജോസ് സാർ റിലീസ് ചെയ്യുന്നു.

ഇതെന്റെ കഥയാണോ? അല്ലാ… പിന്നെ… ഇന്ത്യൻ ഭരണഘടനയെയും ജനാധിപത്യത്തെയും നെഞ്ചോടു ചേർക്കുന്ന നമ്മൾ ഓരോരുത്തരുടെയും കഥയാണ്
We fall only to rise again.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: