KeralaNEWS

ഷാപ്പിലെ കറികളും ഗ്ലാസ്സിലെ നുരയും

ലാൽ വിവാദം കൊഴുക്കുമ്പോൾ ഇതൊന്നും പണ്ടുതൊട്ടേ പ്രശ്നങ്ങളല്ലാത്ത ചില ഇടങ്ങളുണ്ട് നമ്മുടെ നാട്ടിൽ.ആട്, മാട്,പന്നി, താറാവ്, മീൻ,തവള, കൊക്ക്, കൊറ്റി,ആമ, ഞണ്ട്.. എന്നുവേണ്ട,തിരിഞ്ഞുകടിക്കാത്തതെല്ലാം ഇവിടുത്തെ ചട്ടികളിൽ മസാലയിൽ വെന്ത് കിടക്കുന്നുണ്ടാവും ഗ്ലാസ്സിലെ നുരയുന്ന വെള്ളത്തോടൊപ്പം ആമാശയങ്ങളെ ത്രസിപ്പിക്കുന്ന ചൂടോടെ.കേരളത്തിലെ ഷാപ്പുകളുടെ കാര്യമാണ് പറഞ്ഞുവരുന്നത്. ഷാപ്പുകൾ തേടിയെത്തുന്ന മനുഷ്യരുടെ രുചിയാഴങ്ങളിൽ പ്രധാനമായും കുടുങ്ങിക്കിടക്കുന്ന രണ്ടു പേരാണ്-പോത്തും പന്നിയും.കരിമീനും കക്കയും തൊട്ടു പിന്നിലുണ്ട്.ഇതിനൊക്കെ മേമ്പൊടിയായി കപ്പയും കള്ളും.ഇനി ഷാപ്പുകളെന്നു പറഞ്ഞാൽ അത് കോട്ടയത്തെയോ ആലപ്പുഴയിലെയോ ഷാപ്പുകളിൽ തന്നെ പോകുകയും വേണം.വയലിനെയും കായലിനെയും തഴുകി വരുന്ന കാറ്റേറ്റ്, കള്ളും കപ്പയും സേവിച്ച്,ബോട്ടിലൊന്നു കയറി ചുറ്റിയടിച്ച്, അതിന്റെ ലഹരിയിൽ വൈകുന്നേരം മീൻ മപ്പാസോ താറാവ് സ്റ്റൂവോ കൂട്ടി രണ്ടെണ്ണം കൂടി വീശി പെമ്പ്രന്നോർത്തിക്കും കുട്ടികൾക്കുമുള്ള കരിമീൻ പൊള്ളിച്ചതും പോർക്ക് റോസ്റ്റും വാങ്ങി വീട്ടിലേക്കുള്ള മടക്കം.ആഹാ..ഒന്നോർത്തു നോക്കിക്കേ..!!
അന്തിക്കടപ്പൊറത്തൊരോലക്കുടയെടുത്ത് നാലും കൂട്ടി മുറുക്കി നടക്കണതാരാണ്, ആരാണ്..?
കിളിമീൻ വറുത്തതും ചൊകചൊകന്ന നിറത്തോടെയുള്ള തലക്കറിയും ഡക്കും പോർക്കും തേങ്ങാകൊത്തിട്ട് വരട്ടിയ ബീഫും കള്ളപ്പവും ചിക്കനും പിടിയും പാലപ്പവും വാഴയിലയിൽ കിടന്ന് പൊരിഞ്ഞു വെന്ത കരിമീനും കപ്പയും കുടമ്പുളിയിട്ട് വറ്റിച്ച പുഴമീനും, ഞണ്ടും , കക്കയും,പള്ളത്തി വറുത്തതും പിന്നെ സ്പെഷ്യൽ പുല്ലൻ വറുത്തതും ഒക്കെയായി കള്ളുഷാപ്പുകൾ കസ്റ്റമേഴ്സിനെ മാടി മാടി വിളിക്കുകയാണ്, ഒരു ഹലാൽ വിവാദങ്ങൾക്കും ഇടകൊടുക്കാതെ വർഷങ്ങളായി ഇവിടെ.
നമ്മുടെ മനസും ആമാശയവും ഒരേ പോലെ നിറയ്ക്കുന്ന ചില ഷാപ്പുകളാണ് ഹസ്തിനപുരി,തറവാട്,തട്ടേൽ,അമ്പാടി,കരിമ്പിൻകാലാ..തുടങ്ങിയവ.ഫാമിലിയോടെ ഒത്തുതന്നെ പോകാൻ കഴിയുന്നത്.ഇനിയും ഒരുപാടുണ്ട് ഇതേപോലെ.
രാവന്തിയോളം എല്ലുമുറിയെ പണിയെടുത്ത് കിട്ടുന്ന കൂലി മുഴുവന്‍ കള്ളുഷാപ്പുകളില്‍ കൊടുത്ത് അന്തിക്കള്ളും മോന്തി നാലു കാലില്‍ വന്നു കയറുന്ന രക്ഷിതാക്കളായിരുന്നു ഒരു കാലത്ത് നമ്മുടെ കണ്ണില്‍ ലഹരിയുടെ ഉപയോക്താക്കള്‍.ഇന്ന് കാലം മാറി;ഷാപ്പുകളും!ഷാപ്പുകളിലെ ഭക്ഷണം എല്ലാം ഒന്നിനൊന്നു അടിപൊളിയാണ്. അപാര ആമ്പിയൻസ്, കിടു. പോരേ? പക്ഷെ മദ്യപാനം ആരോഗ്യത്തിന് ഹാനികരം എന്നതും ഇതോടൊപ്പം മറക്കരുത്!

Back to top button
error: