മുൻലോകസുന്ദരി ഐശ്വര്യ റായ്ക്കായി ബാലരാമപുരത്ത് സാരി നെയ്യുന്നു, നാൽപത്തിരണ്ട് ദിവസത്തെ പ്രയത്നം
പന്ത്രണ്ടു വർഷം മുമ്പ് ബാലരാമപുരം പുഷ്പഹാൻഡ്ലൂമിൽ ഐശ്വര്യ റായ്ക്കായി സാരി നെയ്തു. വീണ്ടുമിതാ ‘പുഷ്പ’യിലെ തൊഴിലാളികൾ ഐശ്വര്യക്കു വേണ്ടി പുതിയ സാരി ഡിസൈൻ ചെയ്യുന്നു
അഭിഷേക് ബച്ചൻ്റെ പത്നിയും
മുൻലോകസുന്ദരിയും ബോളിവുഡ് താരവുമായ ഐശ്വര്യറായിക്കു വേണ്ടി കൈത്തറി സാരി ഡിസൈൻ ചെയ്യുകയാണ് ബാലരാമപുരം പുഷ്പ ഹാൻഡ്ലൂമിലെ തൊഴിലാളികൾ.
ഇതാദ്യമായല്ല ഐശ്വര്യറായ് ‘പുഷ്പ’യിലെ കൈത്തറി സാരി ധരിക്കുന്നത്.
പന്ത്രണ്ടു വർഷം മുമ്പ് ഐശ്വര്യക്കായി പുഷ്പഹാൻഡ്ലൂമിൽ സാരി ഡിസൈൻ ചെയ്തിട്ടുണ്ട്.
അന്ന് ഗോൾഡൻ നിറമുള്ള സാരിയാണ് ഐശ്വര്യക്കായി ഡിസൈൻ ചെയ്തത്. താരത്തിന് നൽകിയതുകൂടാതെ അതേ ഡിസൈനിലുള്ള മറ്റൊരു സാരി ഇപ്പോഴും ‘പുഷ്പ’യിൽ ഭദ്രമായുണ്ട്.
ഇന്ത്യൻ അഭിനേത്രിയും മോഡലും മിസ്സ് വേൾഡ് മത്സരത്തിലെ വിജയിയുമാണ് ഐശ്വര്യ റായ് ബച്ചൻ. മണിരത്നത്തിൻ്റെ ‘ഇരുവറി’ലൂടെ 1997-ൽ സിനിമയിലെത്തിയ ഐശ്വര്യയെ ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള വനിത എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
നാൽപത്തിരണ്ടു ദിവസമെടുത്താണ് ഐശ്വര്യക്കായി ഇക്കുറി സാരി ഡിസൈൻ ചെയ്യുന്നത്. ഇതിനകം ഇരുപത്തിയഞ്ച് ദിവസം പിന്നിട്ടു. അരിപ്പശ ചേർത്ത് യാതൊരു കെമിക്കലുകളുമില്ലാതെയാണ് നൂലുണ്ടാക്കുന്നത്. മുമ്പത്തെ സാരി ഡിസൈൻ ചെയ്തതിനോടുള്ള ഇഷ്ടം കൊണ്ടാണ് വീണ്ടും താരം പുഷ്പഹാൻഡ്ലൂമിൽ സാരി ഡിസൈൻ ചെയ്യാൻ ആവശ്യപ്പെട്ടതെന്നാണ് ഉടമ ഉദയൻ പറയുന്നത്.
75 വർഷത്തെ പഴക്കമുള്ള തിരുവനന്തപുരം ബാലരാമപുരത്തെ പുഷ്പ ഹാൻഡ്ലൂമിന് നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.