KeralaLead NewsNEWS

‘ഒമിക്രോണ്‍’ ; കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ പുതിയ വകഭേദമായ ‘ഒമിക്രോണ്‍’ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്തും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള നടപടികള്‍ സ്വീകരിച്ചതായി മന്ത്രി പറഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണം ശക്തമാക്കും. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും എല്ലാവരും കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം.

മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണം. വാക്സീനെടുക്കാത്തവര്‍ എത്രയും വേഗം എടുക്കണം. ആരോഗ്യ വകുപ്പ് അവലോകന യോഗങ്ങള്‍ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിമാക്കിയിട്ടുണ്ട്. കേന്ദ്ര മാര്‍ഗനിര്‍ദേശപ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനകം ആര്‍ടിപിസിആര്‍ പരിശോധന നടത്തി എയര്‍സുവിധ പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യണം. കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളില്‍ പറയുന്ന വിദേശരാജ്യങ്ങളില്‍നിന്നു വരുന്നവരെ കൂടുതല്‍ നിരീക്ഷിക്കും. ഈ രാജ്യങ്ങളില്‍നിന്നു വരുന്നവര്‍ സംസ്ഥാനത്ത് എത്തിയിട്ട് വിമാനത്താവളങ്ങളില്‍ വീണ്ടും ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. എല്ലാ വിമാനത്താവളങ്ങളിലും കൂടുതല്‍ പരിശോധന നടത്താനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി വരുന്നു. ഇവര്‍ കര്‍ശനമായി ഏഴു ദിവസം ക്വാറന്റീനിലിരിക്കണം.

അതിനുശേഷം ആര്‍ടിപിസിആര്‍ പരിശോധന നടത്തണം. കൂടാതെ, ഈ രാജ്യങ്ങളില്‍നിന്നു വരുന്നവരില്‍ സംശയമുള്ള സാംപിളുകള്‍ ജനിതക വകഭേദം വന്ന വൈറസിന്റെ പരിശോധനയ്ക്കായി അയക്കുമെന്നും മന്ത്രി അറിയിച്ചു.

Back to top button
error: