‘ബ്ലൂസട്ടൈ’ മാരൻ്റെ ‘ആൻ്റി ഇൻഡ്യൻ’ വരുന്നു
കൊലചെയ്യപ്പെട്ട ഒരു മൃതശരീരത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത – രാഷ്ട്രീയ സംഘടനകൾ നടത്തുന്ന വടം വലിയാണ് ‘ആൻ്റി ഇൻഡ്യൻ’ എന്ന സിനിമയുടെപശ്ചാത്തലം. മൃതദേഹം തന്നെ കഥാപാത്രമാകുന്ന ആക്ഷേപഹാസ്യ സിനിമ. മാരൻ തന്നെയാണു ചിത്രത്തിലെ ‘ബാഷാ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്
തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്ന സിനിമാ നിരൂപകൻ ബ്ലൂഷർട്ട്.സി ഇളമാരൻ. പതിമൂന്നര ലക്ഷത്തിലേറെ സബ് സ്‌ക്രൈബർമാരുള്ള ‘ തമിഴ് ടാക്കീസ് ‘ എന്ന സ്വന്തം യുട്യൂബ് ചാനലിൽ ഓരോ സിനിമയേയും നിശിതമായി വിമർശിക്കുന്ന ഇളമാരന് ആരാധകർ ഏറെ.
മുഖം നോക്കാതെ, ആരെയും കൂസാതെയുള്ള ഇദ്ദേഹത്തിൻ്റെ വിമർശനങ്ങൾക്കെതിരെ തമിഴ് സിനിമാ ലോകം ഒന്നടങ്കം പ്രതിഷേധിക്കയും പ്രതികരിക്കയും ചെയ്തിട്ടുണ്ട്.
എങ്കിലും ഇളമാരൻ തൻ്റെ നയം മാറ്റിയിട്ടില്ല.
എല്ലാ സംവിധായകരുടെ സിനിമകളെയും വലുപ്പ ചെറുപ്പം നോക്കാതെ, നൂലിഴ കീറി വിമർശിച്ച് ‘നിങ്ങൾക്കൊക്കെ വേറെ വല്ല പണിക്കും പോകരുതോ ?’ എന്ന് പോലും കർശനമായി ചോദിക്കാൻ മടിക്കാത്ത ആളാണ് ഇളമാരൻ.
അതേ സമയം നല്ല സിനിമകളെ പ്രശംസിക്കാനും മടിക്കാറില്ല.
ആ ഇളമാരനെ ഒരിക്കൽ സിനിമാ ലോകം വെല്ലു വിളിച്ചു:
“എങ്കിൽ നീ ഒരു സിനിമ എടുത്ത് കാണിക്ക് …”
ഇളമാരൻ ആ വെല്ലുവിളി സ്വീകരിച്ചു. അതിൻ്റെ ഫലമായി ജന്മം കൊണ്ട സിനിമിയാണ് ‘ആൻ്റി ഇൻഡ്യൻ.’
ബ്ലൂ സട്ടൈ ഇളമാരൻ സംവിധാനം ചെയ്ത് അഭിനയിക്കുന്ന, സമകാലിക രാഷ്ട്രീയത്തെയും സിനിമയേയും ഒരു പോലെ വിമർശിക്കുന്ന ‘ആൻ്റി ഇൻഡ്യൻ’ തുടക്കം മുതലേ വിവാദങ്ങളുടെ കയത്തിലാണ്. സെൻസറിൻ്റെ കടമ്പ കടന്ന് ഡിസംബർ ആദ്യവാരം പ്രദർശനത്തിനെത്തുന്ന ചിത്രത്തിൻ്റെ പരസ്യം തന്നെ സെൻസേഷനായിരുന്നു.
മാരൻ്റെ ചിത്രം വെച്ച് ‘ആദരാഞ്ജലി’ എന്ന തലക്കെട്ടോടെയാണ് ആദ്യ പോസ്റ്റർ തന്നെ പുറത്തു വിട്ടത്. അതു തന്നെ പ്രേക്ഷകരിൽ ആകാംഷ സൃഷ്ടിച്ചു. അതിനു ശേഷം പുറത്തിറക്കിയ ടീസറും, ട്രെയിലറും,പോസ്റ്ററുകളും ആകാംഷ ഇരട്ടിപ്പിച്ചു.
കൊല ചെയ്യപ്പെട്ട ഒരു മൃതശരീരത്തിന് അവകാശം ഉന്നയിച്ച് കൊണ്ട് മത – രാഷ്ട്രീയ സംഘടനകൾ നടത്തുന്ന വടം വലിയുടെ പശ്ചാത്തലത്തിലൂടെയാണ് ഇളമാരൻ ‘ആൻ്റി ഇൻഡ്യൻ’ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. മൃതദേഹം തന്നെ കഥാപാത്രമാകുന്ന സിനിമ.സൂപ്പർ താരം മുതൽ ദേശീയ – പ്രാദേശിക രാഷ്ട്രീയത്തെ വരെ നിശിതമായി വിമർശിച്ച് കൊണ്ടുള്ള ആക്ഷേപഹാസ്യ സിനിമ എന്ന് ട്രെയിലർ സൂചന നൽകുന്നു. മാരൻ തന്നെയാണു ചിത്രത്തിലെ ‘ബാഷാ’ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാധാ രവി, ആടുകളം നരേൻ, സുരേഷ് ചക്രവർത്തി, ‘വഴക്ക്എൺ’ മുത്തു രാമൻ എന്നിവരാണ് മറ്റു വിവാദ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂൺ പിക്ചേഴ്‌സിൻ്റെ ബാനറിൽ ആദം ബാവയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
സി. കെ അജയ് കുമാർ പി.ആർ. ഒ