ബിജെപി നേതാവും പിലിഭിത്ത് എംപിയുമായി വരുണ്‍ ഗാന്ധി തൃണമൂല്‍ കോണ്‍ഗ്രസിനോട് അടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ബിജെപിയുടെ നിലപാടുകളെ പരസ്യമായി വിമര്‍ശിക്കുന്ന പ്രവണത സ്വീകരിച്ച് വരുന്നതിനിടെയാണ് വരുണ്‍ തൃണമൂലിനോട് അടുക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ശക്തമാവുന്നത്.
സുസ്മിത ദേവ്, ബാബുല്‍ സുപ്രിയോ, ലൂസിനോ ഫെലേരിയോ എന്നിവര്‍ക്ക് പിന്നാലെ വരുണ്‍ ഗാന്ധി ടിഎംസിയില്‍ ചേര്‍ന്നേക്കുമെന്ന് ബിസിനസ് സ്റ്റാന്റേര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമത ബാനര്‍ജിയുടെ അടുത്തയാഴ്ചത്തെ ഡല്‍ഹി സന്ദര്‍ശനത്തില്‍ ഇതു സംബന്ധിച്ച നിര്‍ണായക തീരുമാനം ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകണം ഇതുവരെ പുറത്ത് വന്നിട്ടില്ല. ഡല്‍ഹി സന്ദര്‍ശനത്തില്‍ നിര്‍ണായകവും, അത്ഭുതാവഹവുമായ സംഭവം ഉണ്ടാവുമെന്നാണ് മുതിര്‍ന്ന് നേതാക്കള്‍ നല്‍കുന്ന സൂചന.