ഒരു വർഷത്തിൽ കൂടുതലായി ദില്ലിയിലേക്കുള്ള കവാടങ്ങളിൽ മഞ്ഞും മഴയും വെയിലും, പോലീസിന്റേതുൾപ്പടെയുള്ള ഭരണകൂട ഭീകരതയേയും അതിജീവിച്ച് സമരം നടത്തിയിരുന്നവർ ഇന്ന് വിജയാഹ്ലാദത്തിന്റെ കണ്ണീർ പൂക്കൾ പൊഴിക്കുമ്പോൾ ഈ കണ്ണൂരുകാരനെ ഓർക്കാതിരിക്കുന്നതെങ്ങനെ ? അതെ, കർഷക സമരം വിജയിക്കുമ്പോൾ അത് വിജൂ കൃഷ്ണൻ എന്ന കണ്ണൂരുകാരന്റെ വിജയം കൂടിയാണ്.
ബംഗളുരുവിലെ ഒരു കോളേജിൽ ഒന്നര ലക്ഷം രൂപ ശമ്പളമുള്ള ഉദ്യോഗവും മറ്റാനുകൂല്യങ്ങളും വലിച്ചെറിഞ്ഞു പ്രൊഫസർ (ഡോ.) ആയിരുന്ന ഈ മനുഷ്യൻ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ച് അവിടുത്തെ ഗ്രാമങ്ങളിലെ കർഷകരെ സംഘടിപ്പിച്ച് വളർത്തിയെടുത്ത ഒരു പ്രസ്ഥാനമാണ് ആൾ ഇന്ത്യ കിസാൻ സഭ (AiKS) ‘ഐതിഹാസിക’ കർഷക സമരവിജയത്തിൽ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മറ്റി അംഗവും അഖിലേന്ത്യ കിസാൻ സഭ ജോയിന്റ് സെക്രട്ടറിയുമായ കണ്ണൂർ സ്വദേശി സഖാവ് വിജൂ കൃഷ്ണൻ എന്ന വ്യക്തിയുടെ അദ്ധ്വാനം അതിനാൽത്തന്നെ ഇവിടെ വിലമതിക്കാൻ കഴിയാത്തതാണ്.
മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, ഒറീസ, തെലുങ്കാന, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ് , ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മാസങ്ങളോളം സഞ്ചരിച്ച് അസംഘടിതരായ പതിനായിരക്കണക്കിന് കർഷകരെ സംഘടിപ്പിച്ചുള്ള നിരന്തര പോരാട്ടം.ഒടുവിൽ ദില്ലി വളയാതെ സമരം വിജയിക്കില്ല എന്ന തിരിച്ചറിവിൽ പതിനായിരങ്ങളെ സംഘടിപ്പിച്ച് ദില്ലിയിലേക്ക് പട നയിച്ച ധീരയോദ്ധാവ്. ദില്ലിക്ക് ചുറ്റുമുള്ള പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളെയും അസംഘടിത കർഷകരെയും ചേർത്ത് പട നയിച്ച മുന്നണി പോരാളി.അതാണ് വിജൂ കൃഷ്ണൻ ! ഇപ്പോൾ കർഷക സമരത്തിന്റെ വിജയത്തിനിടയിൽ ഏറ്റവും കൂടുതൽ മുഴങ്ങി കേൾക്കുന്ന പേരും അതുതന്നെയാണ്.