അമ്പതു വർഷമായി അഭിനയരംഗത്തുള്ള കെപിഎസി ലളിതയ്ക്ക് സിനിമയിൽ നിന്നുള്ള വരുമാനം താരതമ്യേന കുറവാണെങ്കിലും സിനിമ രംഗത്തുള്ള അഭിനേതാക്കളിൽ മറ്റു ബഹുഭൂരിപക്ഷവും കോടീശ്വരന്മാരാണ്.അത് കൂടാതെ സിനിമാ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുണ്ട്; സമ്പന്നരായ നടിമാരുണ്ട്.എന്നിട്ടും കെപിഎസി ലളിതയുടെ ചികിത്സാ ചിലവ് മുഴുവൻ സർക്കാരിന് ഏറ്റെടുക്കേണ്ടി വന്നതെന്തുകൊണ്ടാണ് ? സിനിമാരംഗത്തുള്ളവർക്കുപോലും സർക്കാർ സഹായം വേണ്ടിവരുന്നെങ്കിൽ അപ്പോൾ സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും?
വെള്ളിത്തിരയിൽ പതിറ്റാണ്ടുകളായി അഭിനയിക്കുന്ന കെ പി എ സി ലളിതക്ക് മാരകമായ ഒരസുഖം വന്ന് സ്വകാര്യ ആശുപത്രിയിൽ പ്ര വേശിപ്പിക്കേണ്ടി വന്നപ്പോൾ ആശുപത്രിയിലെ ചികിത്സാചിലവ് മുഴുവൻ സർക്കാർ ഏറ്റെടുത്തതിനെ ചൊല്ലി വിവാദങ്ങൾ കത്തുകയാണ്.അപ്പോൾ സാധാരണക്കാരുടെ മനസ്സിൽ അവശേഷിക്കുന്ന ഒരു ചോദ്യം ലളിതയുടെ കൂടെ അഭിനയിക്കുന്ന നടീ നടന്മാർ അല്ലെങ്കിൽ മലയാള സിനിമാരംഗത്ത് പ്രവർത്തിക്കുന്നവ രൊക്കെ ഇത്ര മനസാക്ഷി കെട്ടവരാണൊ എന്നതാണ്? ജീവ കാരുണ്യമെന്നൊക്കെ പറഞ്ഞ് ഇവർ നടത്തുന്ന പത്രസമ്മേളനങ്ങളൊക്കെ അപ്പോൾ എന്തായിരുന്നു.? പ്രളയവും മറ്റും വന്നപ്പോൾ ഇതിൽ എത്ര പേർ സർക്കാരിന് സംഭാവന നൽകിയിട്ടുണ്ട്.. താരതമ്യേന ഉയർന്ന പ്രതിഫലം വാങ്ങുന്ന സിനിമാക്കാരെ സഹായിക്കാൻ ഒടുവിൽ സർക്കാർ വേണ്ടി വരുന്ന അവസ്ഥ ഖേദകരം എന്നേ പറയേണ്ടതുള്ളൂ.
കെപിഎസി ലളിതയുടെ ചികിത്സാ ചിലവുകൾ സര്‍ക്കാര്‍ ഏറ്റെടുത്തത് മലയാള സിനിമയ്ക്കു നൽകിയ സംഭാവനകളെ മാനിച്ചാണ് എന്നാണ് ഒരു വാദം.
50 വർഷങ്ങളിലേറെ നീണ്ട അഭിനയ ജീവിതമായിരുന്നു അവരുടേത്. 550 ലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1. 4 സംസ്ഥാന അവാർഡുകൾ.
2. 2 ദേശീയ അവാർഡുകൾ.
3. 3 ഏഷ്യാനെറ്റ് അവാർഡുകൾ.
4. 2 തോപ്പിൽ ഭാസി പ്രതിഭ അവാർഡുകൾ.
5. വനിത സമഗ്ര സംഭാവന പുരസ്‌കാരം, 2015.
6. ഫിലിംഫെയർ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, 2009.
7. സൈമ ലൈഫ്ടൈം അച്ചീവ്മെന്റ് അവാർഡ്, 2015.
8. പികെ റോസി അവാർഡ്
9. പി ജെ ആന്റണി സ്മാരക അഭിനയ പ്രതിഭ അവാർഡ്.
> ഇനിയുമുണ്ട് കിട്ടിയ പുരസ്‌കാരങ്ങൾ…
> ഇപ്പോൾ കേരളാ സംഗീത-നാടക അക്കാദമി ചെയർപേഴ്സൺ.
> കേരള സംഗീത നാടക അക്കാഡമിയുടെ കലാരത്ന ഫെല്ലോഷിപ് കിട്ടിയ വ്യക്തി.
മലയാളം കണ്ട ഏറ്റവും മികച്ച അഭിനേത്രി ആരെന്ന ചോദ്യത്തിന് അങ്ങനെ ഒരുപാട് പേരുകൾ ഒന്നും ഒരു മലയാളിയുടെയും മനസ്സിൽ കടന്ന് വരില്ല. അങ്ങനെ കടന്നു വരുന്നവരിൽ എണ്ണാവുന്ന കുറച്ചു പേരിൽ ഒന്നാണ് കെ പി എ സി ലളിത എന്നുതന്നെ ഉറപ്പിച്ചു പറയാൻ കഴിയും.
ഒരു ഡയലോഗ് പോലുമില്ലാതെ ഫ്രയിമിന്റെ ഏതെങ്കിലും ഒരു കോണിൽ നിൽക്കുമ്പോഴും അവർ ചെയ്യുന്ന റിയാക്‌ഷൻസ് തികച്ചും നാച്ചുറലാണ്.അതുതന്നെയാണ് അവരുടെ ഹാൾമാർക്കും.
അഭിനയത്തികവിനോടൊപ്പം വ്യത്യസ്ത്ഥമായ ശബ്ദവും ഈ നടിയെ ശ്രദ്ധേയയാക്കിയിട്ടുണ്ട്. ഒരു സീനില്‍പ്പോലും മുഖം കാണിക്കാതെ, കേവലം ശബ്ദാഭിനയം കൊണ്ട് അടൂര്‍ ഗോപാലകൃഷ്ണൻ്റെ മതിലുകള്‍ എന്ന ചിത്രത്തില്‍ ഈ അഭിനേത്രി വിസ്മയം സൃഷ്ടിച്ചത് ഓർമ്മയില്ലേ?
മനസിനക്കരയിലെ അച്ചപ്പവും കുഴലപ്പവും കൂട്ടുകാരിക്ക് കൊണ്ടുകൊടുക്കുന്ന ചേടത്തി , വിയറ്റ്നാം കോളനിയിലെ മാധവിയമ്മ, അമരത്തിലെ മീൻകാരി, മണിച്ചിത്രത്താഴിലെ ഭാസുര കുഞ്ഞമ്മ , കോട്ടയം കുഞ്ഞച്ചനിലെ തന്റേടിയായായ ഉപ്പുകണ്ടം കുഞ്ഞുമറിയ, … ലിസ്റ്റ് ഒരുപാട് ഒരുപാട് നീളും.വ്യത്യസ്തങ്ങളായ ജീവസുറ്റ എത്ര എത്ര വേഷങ്ങൾ, വേഷ പകർച്ചകൾ…!
അതിലുപരി മലയാള സിനിമയ്ക്ക് നെഞ്ചോട് ചേര്‍ക്കാന്‍, എന്നും ഓർമ്മിക്കാൻ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച അതുല്യ സംവിധായകൻ ഭരതന്റെ ഭാര്യയും.