മലയാള സിനിമയ്ക്ക് പുതുപുത്തന്‍ പ്രതീക്ഷകള്‍ ഒരുക്കുകയാണ് സീമ ശ്രീകുമാര്‍ എന്ന പുതുമുഖ സംവിധായിക. 15 കൊല്ലമായി കാനഡയില്‍ താമസമാക്കിയ ഗായിക കൂടിയായ സീമയുടെ ആദ്യ സംവിധാന സംരംഭമാണ് ‘ഒരു കാനേഡിയന്‍ ഡയറി’. മോണ്‍റിയല്‍, ലണ്ടന്‍, ഒണ്ടാറിയോ തുടങ്ങി കാനഡയിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണവും പൂര്‍ത്തിയാക്കിയത്. റൊമാന്റിക് സൈക്കോ ത്രില്ലര്‍ വിഭാഗത്തില്‍ ഒരുക്കിയ ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചതും സംവിധായികയാണ്.
‘കാനഡയിലെ മനോഹരമായ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ഒരുപാട് വെല്ലുവിളികള്‍ നേടേണ്ടി വന്നിട്ടുണ്ട്. കാലാവസ്ഥ തന്നെയായിരുന്നു പ്രതിക്കൂലമായി നിന്നത്. ക്യാമറ റൂംടെമ്പറേച്ചറില്‍ ഹീറ്റ് ചെയ്തതിന് ശേഷമാണ് കഠിനമായ തണുപ്പില്‍ ഷൂട്ട് ചെയ്തിരുന്നത്. ചിലയിടങ്ങളില്‍ ഷൂട്ട് ചെയ്യാന്‍ നിശ്ചിത തുക ഗവണ്മെന്റിന് നല്‍കണം.’ സീമ പറയുന്നു.
എന്നിരുന്നാലും കാനഡ പോലെയൊരു രാജ്യം സിനിമ മേഖലയ്ക്ക് ഒരുപാട് സാധ്യതകള്‍ തുറന്നുനല്‍കുന്നുണ്ട്. ഒരു സിനിമയെങ്കിലും സംവിധാനം ചെയ്ത് കഴിവുതെളിയിച്ച കനേഡിയന്‍ പൗരത്വമുള്ളവര്‍ക്ക് ഗവണ്‍മെന്റില്‍നിന്ന് സബ്‌സിഡി ലഭിക്കുന്നുണ്ട്. സിനിമാനിര്‍മ്മാണത്തിനും ചാനല്‍ പ്രൊഡക്ഷനുമുള്ള അവസരങ്ങളും ഈ രാജ്യം ഒരുക്കുന്നുണ്ട്. തന്റെ ഈ സിനിമ ഒരുപാട് സ്ത്രീകള്‍ക്ക് ഈ മേഖലയില്‍ ചുവടുറപ്പിക്കാന്‍ പ്രചോദനമാകും എന്നും സീമ കാന്‍ ചാനലിനോട് പറഞ്ഞു.
കേരളത്തിലെ തീയേറ്ററുകളില്‍ ഡിസംബര്‍ 10നാണ് ‘ഒരു കാനേഡിയന്‍ ഡയറി’ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്നത്. പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ പോള്‍ പൗലോസ്, സിമ്രാന്‍, പൂജ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മാണവും ഛായാഗ്രഹണവും നിര്‍വ്വഹിച്ചത് എം.വി. ശ്രീകുമാര്‍ ആണ്. സംഗീതം കെ.എ ലത്തീഫ്.
2018 ല്‍ ടൊറണ്ടോ ഫിലിം സ്‌കൂളില്‍ നിന്ന് ഫിലിം പ്രൊഡക്ഷന്‍ പഠനത്തിന് ശേഷമാണ് സീമ സിനിമ മേഖലയിലേയ്ക്ക് ചുവടുവച്ചത്. കാസര്‍ഗോഡ് സ്വദേശികൂടിയായ സീമ അന്തരിച്ച മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ചെറുമകള്‍ കൂടിയാണ്.