Lead NewsMovieNEWS

‘ജയ് ഭീമി’ല്‍ വണ്ണിയാര്‍ സമുദായത്തെ ദുരുപയോഗം ചെയ്തു; സൂര്യ മാപ്പ് പറഞ്ഞ് 5 കോടി നഷ്ടപരിഹാരം നല്‍കണം

ദളിത് രാഷ്ട്രീയം പ്രമേയമാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ സിനിമയാണ് ജയ് ഭീം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ പ്രേക്ഷകപ്രീതി മാത്രമല്ല, നിരൂപക പ്രശംസയും ലഭിച്ചിരുന്നു. ഒപ്പം നിരവധി വിവാദങ്ങളും സിനിമയോടൊപ്പം പിറവികൊണ്ടു. ഏറ്റവും ഒടുവില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് ആരോപണം. ഇതിന്റെ പേരില്‍ സൂര്യയും ജ്യോതികയും സംവിധായകന്‍ ടി.ജെ. ജ്ഞാനവേലും, ആമസോണുമടക്കം മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വണ്ണിയാര്‍ സമുദായം വക്കീല്‍ നോട്ടീസ് അയച്ചു.

വണ്ണിയാര്‍ സമുദായത്തിലെ നേതാവിന്റെ പേര് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിന് ഉപയോഗിച്ചെന്നും ഇതിലൂടെ വണ്ണിയാര്‍ സമുദായത്തെ അപമാനിക്കുകയായിരുന്നെന്നും വണ്ണിയാര്‍ സമുദായ നേതാവ് അരുള്‍മൊഴി പറഞ്ഞു. മാപ്പ് പറഞ്ഞ് നഷ്ടപരിഹാരം നല്‍കാത്ത പക്ഷം സൂര്യയെ റോഡില്‍ ഇറങ്ങി നടക്കാന്‍ അനുവദിക്കില്ല. സൂര്യയുടെ ഒരു സിനിമ പോലും തിയേറ്ററില്‍ റിലീസ് ചെയ്യാനും അനുവദിക്കില്ല. സൂര്യയെ പരസ്യമായി ചവിട്ടുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പട്ടാണി മക്കള്‍ കക്ഷിയും(പിഎംകെ)പറഞ്ഞു.

പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണ്, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുന്ന അഡ്വക്കേറ്റ് ചന്ദ്രു, പോലീസ് ഓഫീസര്‍ പെരുമാള്‍ സ്വാമി എന്നീ കഥാപാത്രങ്ങള്‍ക്ക് അവരുടെ യഥാര്‍ത്ഥ പേരുകള്‍ തന്നെയാണ് ചിത്രത്തിലും ഉപയോഗിച്ചിരിക്കുന്നതെന്ന് വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്. അതേസമയം രാജാകണ്ണിനെ പോലീസ് സ്റ്റേഷനില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ എസ്‌ഐയുടെ യഥാര്‍ത്ഥ പേരല്ല ഉപയോഗിച്ചിരിക്കുന്നത്. ആന്റണിസാമി എന്ന യഥാര്‍ത്ഥ പേരിന് പകരം ഗുരുമൂര്‍ത്തി എന്ന പേരാണ് നല്‍കിയിരിക്കുന്നത്. ഗുരു എന്നാണ് ഇയാളെ വിളിക്കുന്നത്. ഇത് പിഎംകെ നേതാവായ ജെ. ഗുരുവിനെ അപമാനിക്കാന്‍ ബോധപൂര്‍വ്വം ചെയ്തതാണെന്ന് വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. ചിത്രത്തിലെ ഒരു സീനില്‍ ഈ പോലീസ് ഓഫീസറുടെ പിറകിലുളള കലണ്ടറില്‍ അഗ്നികുണ്ഡം കാണിക്കുന്നുണ്ടെന്നും ഇത് വണ്ണിയാര്‍ സമുദായത്തിന്റെ പ്രതീകമാണെന്നും ഇവര്‍ പറയുന്നു.

ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് എം.പിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിനിമക്കെതിരേ രംഗത്തുവന്ന അന്‍പുമണി ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന്‍ സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.

Back to top button
error: