MovieNEWS

പാര്‍വ്വതി അമ്മാളിനും മക്കള്‍ക്കുമായി 10 ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപം നടത്തി നടന്‍ സൂര്യ

ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇരുളര്‍ ഗോത്രത്തിനെതിരെയുണ്ടായ വിവേചനങ്ങളേയും അനീതികളേയും വിചാരണ ചെയ്ത സിനിമയാണ് സൂര്യയുടെ ‘ജയ് ഭീം’.ശക്തമായ രാഷ്ട്രീയ നിലപാട് സംസാരിക്കുന്ന ചിത്രത്തില്‍, ഫീസ് വാങ്ങാതെ മനുഷ്യാവകാശ കേസുകളില്‍ പോരാടുന്ന ചന്ദ്രു എന്ന വക്കീലായി ഗംഭീര പ്രകടനമാണ് സൂര്യ കാഴ്ച്ചവെച്ചത്.

യഥാര്‍ത്ഥ ജീവിതത്തെ ആസ്പമാക്കി ഒരുക്കിയ ചിത്രം, 1993ല്‍ ഇരുളര്‍ വിഭാഗത്തിന് നേരെ പൊലീസ് നടത്തിയ ആക്രമണം വിവരിക്കുന്നു. ക്രൂരമായ ആക്രമണത്തില്‍ പാര്‍വ്വതി എന്ന സ്ത്രീയുടെ ഭര്‍ത്താവ് രാജാകണ്ണ് കൊല്ലപ്പെട്ടിരുന്നു.

 

സെങ്കണി എന്ന കഥാപാത്രത്തിലൂടെയാണ് പാര്‍വതിയുടെ ജീവിതം ചിത്രം പറഞ്ഞത്. സെങ്കണിയെ വെള്ളിത്തിരയില്‍ അവിസ്മരണീയമാക്കിയത് ലിജോമോള്‍ ജോസാണ്. എന്നാല്‍ റിയല്‍ ലൈഫിലെ പാര്‍വ്വതി കുടുംബത്തോടൊപ്പം ഇപ്പോഴും ചെന്നൈയിലെ പോരൂരില്‍ ഓലമേഞ്ഞ കുടിലിലാണ് താമസം.

ഇപ്പോഴിതാ പാര്‍വ്വതി അമ്മാളിന് സഹായവുമായി എത്തിയിരിക്കുകയാണ് നടന്‍ സൂര്യ. സ്ഥിര നിക്ഷേപമായി 10 ലക്ഷം രൂപ സൂര്യ പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. ഇതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യിലെത്തും. മരണശേഷം മക്കള്‍ക്ക് ഈ തുക ലഭിക്കും.

മുന്‍പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമൊരുക്കാന്‍ ഒരുകോടി രൂപ സൂര്യ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് നല്‍കിയിരുന്നു. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് നല്‍കുമെന്നും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഉറപ്പ് നല്‍കിയിരുന്നു.

Back to top button
error: