കെ.എസ്.എഫ്.ഇയിൽ പണയം വെച്ച സ്വർണാഭരണത്തിൽ നിന്ന് മുത്തുകൾ മുറിച്ച് മാറ്റി എന്നാരോപണം, ഇടപാടുകാര്‍ പ്രതിഷേധത്തില്‍
ബ്രേസ് ലെറ്റിലെ രണ്ട് മുത്തുകള്‍ അപ്രൈസർ മുറിച്ച് മാറ്റിയതായി ശ്രദ്ധയിൽ പെട്ടു. ഈ വിവരം മാനേജരേയും മറ്റും അറിയിച്ചപ്പോൾ പരിഹസിക്കുന്ന നിലപാടാണ് അവർ സ്വീകരിച്ചതെന്ന് പരാതിക്കാരിയായ യുവതി പറയുന്നു. ഒടുവില്‍ പയ്യോളി പൊലിസില്‍ യുവതി പരാതി നല്‍കി. മാനേജരേയും അപ്രൈസറേയും സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ അവർ കുറ്റം സമ്മതിച്ചു. മുറിച്ച് മാറ്റിയ ആഭരണത്തിലെ രണ്ട് മുത്തുമണിയുടെ വില നൽകി പൊലീസിന്റെ സാന്നിധ്യത്തില്‍ പ്രശ്നം തീര്‍പ്പാക്കി
വടകര: പയ്യോളി കെ.എസ്.എഫ്.ഇ ബ്രാഞ്ചില്‍ പണയം വെച്ച സ്വര്‍ണ ബ്രേസ് ലെറ്റിൽ നിന്ന് കുറച്ചു ഭാഗം അപ്രൈസര്‍ മുറിച്ചു മാറ്റിയതായി ആരോപണം. പണയം വെക്കുന്നതിനിടെ ആഭരണം മുറിച്ച് മാറ്റിയ ജീവനക്കാരനെതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഇടപാടുകാര്‍ പ്രതിഷേധത്തിനൊരുങ്ങുന്നു.
കഴിഞ്ഞ എട്ടിനാണ് തുറയൂര്‍ സ്വദേശിനിയായ യുവതി ഇരുപത്തി നാലര പവന്‍ സ്വര്‍ണവുമായി സ്ഥാപനത്തിലെത്തിയത്.
സ്വര്‍ണം തൂക്കുമ്പോഴൊക്കെ ഓരോ ആഭരണത്തിന്റെയും തൂക്കം ഇലക്ട്രിക് മെഷീനില്‍ നോക്കി യുവതി എഴുതി എടുത്തു. സ്വര്‍ണം തൂക്കിയതിന് ശേഷം അപ്രൈസര്‍ ഗോപ്യമായി സ്വര്‍ണം മുറിച്ച്മാറ്റുന്നത് യുവതിയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ഒടുവില്‍ കാര്‍ഡില്‍ തൂക്കം എഴുതുന്നത് കാണാതിരിക്കാന്‍ അപ്രൈസര്‍ കൈമറച്ച് വെച്ചത് കൂടുതല്‍ സംശയത്തിനിട നല്‍കി.
യുവതി ഉടനെ മാനേജരെ വിവരം ധരിപ്പിച്ചെങ്കിലും ഇതംഗീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. അപ്രൈസര്‍ ആഭരണം മുറിച്ച് മാറ്റിയെന്ന് സംശയമുണ്ടെന്നും അവ വീണ്ടും കാണണമെന്നും ആവശ്യപ്പെട്ടതിന് ശേഷം പരിശോധിധിച്ചപ്പോള്‍ ഒരു പവന്റെ ബ്രേസ് ലെറ്റിലെ രണ്ട് മുത്തുകള്‍ മുറിച്ച് മാറ്റിയതായി കണ്ടു. ആഭരണം മുറിച്ച് മാറ്റിയതായി ബോധ്യപ്പെട്ടിട്ടും അവിടുത്തെ ജീവനക്കാര്‍ പരിഹസിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്നാണ് യുവതി പറയുന്നത്. ഒടുവില്‍ പയ്യോളി പോലിസില്‍ യുവതി പരാതി നല്‍കി. മാനേജരേയും അപ്രൈസറേയും സ്റ്റേഷനില്‍ വിളിപ്പിച്ചപ്പോള്‍ കുറ്റം സമ്മതിക്കുകയും മുറിച്ച് മാറ്റിയ ആഭരണത്തിലെ രണ്ട് മുത്തുമണിയുടെ വില കൊടുത്ത് പോലിസിന്റെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അതേസമയം ആഭരണം മുറിച്ച് മാറ്റിയ സംഭവം പുറത്തായതോടെ ഇടപാടുകാരൊക്കെ ഭീതിയിലാണ്. വര്‍ഷങ്ങളായി ഇടപാട് നടത്തുന്നവരൊക്ക സ്ഥാപനത്തില്‍ പണയം വെച്ച ആഭരണങ്ങൾ പരിശോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വരുന്നുണ്ട്.
പണയം വെച്ച സ്വര്‍ണ പണ്ടം മുറിച്ചു മാറ്റി കൃത്രിമം കാണിച്ച ജീവനക്കാരനെതിരെ നിയമ നടപടി സ്വീകരിക്കാത്ത അധികാരികളുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് യുഡിവൈഎഫ് പയ്യോളി മുനിസിപ്പല്‍ കമ്മറ്റി കെ.എസ്.എഫ്.ഇ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ മഠത്തില്‍ നാണു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. എസ്.കെ.സമീര്‍ ആധ്യക്ഷനായി. അക്ഷയ് ബാബു, സദക്കത്തുള്ള, ഇ.കെ.ശീതള്‍ രാജ്, അബ്ദുള്‍ ബാസിത്, കെ.ടി.വിനോദന്‍, സുനൈദ്, മേലടി ബഷീര്‍, മുജേഷ് ശാസ്ത്രി, അദൃശ്യ മുല്ലക്കുളം, പ്രവീണ്‍ നടുക്കൂടി, സക്കറിയ എന്നിവര്‍ പ്രസംഗിച്ചു.