NEWS

ആറ്റിൽ നിന്ന് സ്ത്രീയുടെ അലറിക്കരച്ചിൽ, വന്യജീവിയുടേതെന്ന് തെറ്റിദ്ധരിച്ച നാട്ടുകാർ സ്ഥലത്തെത്തിയത് ഒന്നര മണിക്കൂറിനു ശേഷം ; ഒടുവിൽ സംഭവിച്ചത്

ആത്മഹത്യ ചെയ്യാൻ ഇത്തിക്കരയാറ്റിൽ ചാടിയ 23കാരി കുത്തൊഴുക്കിൽ പെട്ട് മുങ്ങിയും പൊങ്ങിയും ഒഴുകുന്നതിനിടയിൽ ചാഞ്ഞുനിന്ന ഒരു മരക്കൊമ്പിൽ കയറിപ്പിടിച്ചു. ഒന്നരമണിക്കൂറിലേറെ നേരം അവിടെ കിടന്ന് നിലവിളിച്ചു. പ്രദേശവാസികളായ യുവാക്കൾ രക്ഷപ്പെടുത്തുമ്പോൾ യുവതിയുടെ കൈകാലുകൾ തണുത്തുമരവിച്ചിരുന്നു

കൊല്ലം: യുവതി പുഴയിൽചാടിയത് ആത്മഹത്യ ചെയ്യാൻ തന്നെയാണ്. പക്ഷേ കുത്തൊഴുക്കിൽ പെട്ട് മുങ്ങിയും പൊങ്ങിയും ഒഴുകുമ്പോഴാണ് സംഗതിയത്ര പന്തിയല്ലെന്ന് ബോധ്യമായത്. ചാഞ്ഞുനിന്ന ഒരു മരക്കൊമ്പിൽ വെപ്രാളത്തോടെ പെട്ടെന്ന് കയറിപ്പിടിച്ചു. പിന്നെ അവിടെ കിടന്ന് ധീനമായി നിലവിളിക്കാൻ തുടങ്ങി. ഒടുവിൽ ഒന്നരമണിക്കൂറിനു ശേഷം നാട്ടുകാരെത്തി യുവതി വലിച്ച് കരക്കെത്തിച്ചു.
കൊല്ലം കാളവയൽ സ്വദേശിനിയായ 23കാരിയാണ് ആത്മഹത്യ ചെയ്യാൻ ഇത്തിക്കരയാറ്റിൽ ചാടിയത്.
ഒടുവിൽ യുവതി മരച്ചില്ലയിൽ പിടിച്ചുകിടന്നത് ഒന്നരമണിക്കൂറിലേറെ നേരം. നിലവിളികേട്ടെത്തിയ പ്രദേശവാസികളായ യുവാക്കൾ യുവതിയെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഇത്തിക്കരയാറ്റിൽ വെളിനല്ലൂർ ശ്രീരാമക്ഷേത്രത്തിനു താഴെ ഈഴത്തറകടവിലെ ആറ്റിലേക്ക് ചാടിയത് കാളവയൽ സ്വദേശിനിയായ 23കാരിയാണ്.

കുത്തൊഴുക്കിൽപ്പെട്ട ഇവർ രണ്ടുപ്രാവശ്യം വെള്ളത്തിൽ മുങ്ങിപ്പൊങ്ങിയശേഷം ആറ്റിലേക്ക് ചാഞ്ഞുനിന്ന മരത്തിന്റെ കൊമ്പിൽ പിടിത്തമിട്ടു. മരക്കൊമ്പിൽ തൂങ്ങിക്കിടന്ന ഇവരുടെ നിർത്താതെയുള്ള കരച്ചിൽ ശബ്ദം പരിസരവാസി മനേഷ് കേൾക്കാനിടയായി.

പക്ഷേ വന്യജീവിയുടെ കരച്ചിലാണെന്നു തെറ്റിദ്ധരിച്ച മനേഷോ മറ്റാളുകളോ ആറ്റുതീരത്തേക്ക് പോയില്ല. ഒന്നര മണിക്കൂറിലേറെ കരച്ചിൽ തുടർന്നപ്പോൾ മനേഷ് മൊബൈൽ ഫോണിൽ പരിസരവാസികളും സുഹൃത്തുക്കളുമായ ചന്ദ്രബോസ്, രാജേഷ്, വിഷ്ണു എന്നിവരെ വിവരമറിയിച്ചു. നാലുപേരുംചേർന്ന് ശബ്ദംകേട്ടഭാഗത്തു നടത്തിയ തിരച്ചിലിലാണ് മരച്ചില്ലയിൽ തൂങ്ങിക്കിടന്ന യുവതിയെ കണ്ടത്.

കുത്തിയൊഴുകുന്ന പുഴയിലിറങ്ങാൻ ആരും ആദ്യം തയ്യാറായില്ല. രാജേഷ് ഉടുത്തിരുന്ന കൈലിമുണ്ട് അഴിച്ചെടുത്ത് കുടുക്കുണ്ടാക്കുകയും ചന്ദ്രബോസ് ആറ്റിലിറങ്ങി യുവതിയുടെ വസ്ത്രത്തിൽ കുടുക്കിട്ട് മുറുക്കിക്കെട്ടുകയും ചെയ്തു. തുടർന്ന് നാലുപേരുംകൂടി വലിച്ച് കരയ്ക്കുകയറ്റുകയായിരുന്നു. വിവരമറിഞ്ഞ് പൂയപ്പള്ളി എസ്.ഐ അഭിലാഷിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയപ്പോഴേക്കും യുവതിയെ കരയ്ക്കെത്തിച്ചിരുന്നു.

മരച്ചില്ലയിൽ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകൾ തണുത്തുമരവിച്ചനിലയിലായിരുന്നു. അല്പസമയത്തിനുള്ളിൽ പൂർവസ്ഥിതിയിലായ യുവതിയെ ബന്ധുക്കൾക്കൊപ്പം വിട്ടു.

Back to top button
error: