NEWS

ജനങ്ങൾ തീരാദുരിതത്തിൽ, തുടർക്കഥയാകുന്ന പെരുമഴയും ഉരുൾപൊട്ടലുകളും

ചരിത്രത്തിലാദ്യമായി ഒന്നിച്ച്, എല്ലാ ഡാമുകളും തുറന്നു വിടേണ്ടി വന്നതും ഈ വർഷമാണ്. വൃശ്ചിക മാസമായിട്ടും ഇപ്പോഴും സംസ്ഥാനത്ത് മഴയ്ക്ക് ഒരു ശമനവുമില്ല. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും തുടർക്കഥയാവുകയാണ്.

കേരളചരിത്രത്തിൽ കാലവർഷം കുറച്ചു പെയ്ത മൂന്നാമത്തെ സീസണാണ് ഈ വർഷത്തേത്. ജൂൺ ആദ്യം ആരംഭിച്ച് സെപ്റ്റംബറിൽ അവസാനിക്കുന്നതാണ് നമ്മുടെ കാലവർഷമഴ അല്ലെങ്കിൽ ഇടവപ്പാതി. പക്ഷെ ഈ ഒക്ടോബറിൽ കേരളത്തിൽ പെയ്ത മഴ സർവ്വകാലറെക്കോർഡാണ്. ഒപ്പം സമാനതകളില്ലാത്ത ഉരുൾപൊട്ടൽ പോലുള്ള ദുരന്തങ്ങളും ഈ ഒക്ടോബർ നമുക്ക് സമ്മാനിച്ചു.
കോട്ടയത്തിന്റെ കിഴക്കൻ പ്രദേശങ്ങളായ കൂട്ടിക്കൽ,വണ്ടൻ പതാൽ,പൂഞ്ഞാർ പത്തനംതിട്ട ജില്ലയിലെ സീതത്തോട്, പനംങ്കുടന്ത, കുറുമ്പൻമൂഴി, പ്ലാപ്പള്ളി, കണമല, കീരിത്തോട്, ഏയ്ഞ്ചൽ വാലി, കൊക്കാത്തോട് തിരുവനന്തപുരത്ത്, കൊല്ലത്ത്, ഇടുക്കിയിൽ, പാലക്കാട്ട് അങ്ങനെ പലയിടങ്ങളിലും ഉരുൾപൊട്ടലുകൾ ഉണ്ടായി. ചരിത്രത്തിലാദ്യമായി ഒന്നിച്ച്, എല്ലാ ഡാമുകളും തുറന്നു വിടേണ്ടി വന്നതും ഈ വർഷമാണ്. വൃശ്ചിക മാസമായിട്ടും ഇപ്പോഴും സംസ്ഥാനത്ത് മഴയ്ക്ക് ഒരു കുറവുമില്ല. പ്രത്യേകിച്ച് തെക്കൻ കേരളത്തിൽ. ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും തുടർക്കഥയാവുകയാണ്.

ഇതിൽ പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. അതാകട്ടെ മലയോര പ്രദേശങ്ങളായ കോന്നിയിലും റാന്നിയിലും പമ്പാവാലിക്ക് അടുത്തുള്ള കണമലയിലും പരിസര പ്രദേശങ്ങളിലും. ശബരിമല തീർത്ഥാടകർ ഏറെ സഞ്ചരിക്കുന്ന കല്ലിടാംകുന്നിലേക്കുള്ള പാതയായ എരുമേലി-കണമല-പ്ലാപ്പള്ളി റൂട്ടിൽ പല റോഡുകളും ഉരുൾപൊട്ടലിലും കനത്തമഴയിലും ഒലിച്ചുപോയി.
നാളെ മുതൽ ശബരിമല തീർത്ഥാടനം ആരംഭിക്കുകയാണ് എന്നതും ഇതിന്റെ ഭീതി വർധിപ്പിക്കുന്നു.

ഇപ്പോഴും പത്തനംതിട്ടയിൽ കനത്തമഴ തുടരുകയാണ്. അടൂര്‍ കൊട്ടാരക്കര പാതയില്‍ പട്ടാഴിമുക്ക്, കോന്നി പത്തനാപുരം റോഡില്‍ വകയാര്‍ എന്നിവിടങ്ങളില്‍ വലിയ വാഹനങ്ങള്‍ക്ക് മാത്രമേ കടന്നു പോകാനാകൂ. അതുപോലെയുള്ള കുത്തൊഴുക്കാണ് റോഡിൽ പലയിടത്തും. അട്ടച്ചാക്കല്‍ കോന്നി പാതയിലും പന്തളം മെഡിക്കല്‍ മിഷന്‍ കവലയിലും വെള്ളക്കെട്ടു രൂപപ്പെട്ടിട്ടുണ്ട്.
ഏഴംക്കുളം -കൈപ്പട്ടൂര്‍ റോഡിലും ഗതാഗതം ദുഷ്‌കരമാണ്. കൈപ്പട്ടൂർ പാലത്തിന്റെ അപ്രോച്ച് റോഡ് തകരുകയും മല്ലപ്പള്ളിയിൽ പാലത്തിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്. കുളത്തുമൺ ഉൾപ്പടെ മൂന്നു സ്ഥലങ്ങളിൽ ഉരുൾപൊട്ടിയിട്ടുണ്ട്.
കൊടുമണ്‍ ഒറ്റത്തേക്ക് കൊച്ചുകല്ലില്‍ പ്‌ളാന്റേഷന്‍ കോര്‍പ്പറേഷന്റ റബ്ബര്‍ തോട്ടത്തിലും ഉരുള്‍പൊട്ടിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. മലവെള്ളപാച്ചിലില്‍ അങ്ങാടിക്കല്‍, ഒറ്റത്തേക്ക് , കൊച്ചുകല്‍ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി ജനജീവിതം ഇതിനോടകം തന്നെ ഒറ്റപ്പെട്ടിരിക്കയാണ്.

പമ്പാ നദിയിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇന്നലെ വൈകുന്നേരത്തോടെ റാന്നി അരയാഞ്ഞിലിമണ്‍, കുറുമ്പന്‍ മുഴി, മുക്കം ക്രോസ് വേകള്‍ മുങ്ങിയിട്ടുണ്ട്.പുള്ളോലിയിലും സെന്റ് മേരീസ് സ്കൂളിന്റെ മുൻവശത്തും അങ്ങാടി ബൈപാസിലും ചെത്തോങ്കരയിലും റോഡിൽ വെള്ളം കയറിക്കൊണ്ടിരിക്കയാണ് മഴ ശക്തമായതോടെ ശബരിമല തീര്‍ത്ഥാടനവും ആശങ്കയിലായിരിക്കയാണ്. മണ്ണാറക്കുളഞ്ഞി-ചാലക്കയം പാതയിൽ നരിക്കുഴിയിലും വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം സ്തംഭിച്ചിരിക്കയാണ്.
മണ്ണിടിച്ചിലും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ ശബരിമല ഉൾപ്പെടെയുള്ള മലയോര മേഖലകളിൽ രാത്രി യാത്രക്കും ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലാ ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്

പമ്പയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ത്രിവേണിയിലെ പമ്പാ സ്‌നാനത്തിനും നിയന്ത്രണം ഉണ്ടാകും. കനത്തമഴ തുടരുന്നതിനാൽ പത്തനംതിട്ട ജില്ലയില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിട്ടുള്ളത്. വരും മണിക്കൂറില്‍ ജില്ലയില്‍ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Back to top button
error: