NEWS

റോഡില്ല, കുണ്ടും കുഴിയും മാത്രം; ശബരിമല തീർത്ഥാടനം തുടങ്ങാൻ ഇനി രണ്ടുനാൾ മാത്രം, ഈ പാതകളിലൂടെ എങ്ങനെ സഞ്ചരിക്കും…?

എരുമേലി-പ്ലാപ്പള്ളി, കീരിത്തോട് – കണമല ബൈപാസ് തുടങ്ങി ശബരിമലയിലേക്കുള്ള പ്രധാന പാതകൾ പ്രളയത്തിലും ഉരുൾപൊട്ടലിലും നാമാവശേഷമായി. മണ്ഡലകാലം ആരംഭിക്കാൻ രണ്ടുനാൾ മാത്രം അവശേഷിക്കേ ശബരിമല തീർത്ഥാടകർ എന്തു ചെയ്യണമെന്ന് പൊതുമരാമത്തും ജനകീയനായ മന്ത്രിയും നിർദ്ദേശിക്കുമോ

എരുമേലി: കഴിഞ്ഞ ഒരു മാസത്തിനിടയിൽ സംഭവിച്ച അസംഖ്യം ഉരുൾപൊട്ടലുകളിൽ എരുമേലി-പ്ലാപ്പള്ളി റൂട്ടിലെ പല സ്ഥലങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം ഉണ്ടായ ഉരുൾപൊട്ടലിലിലും മണ്ണിടിച്ചിലിലും കീരിത്തോട് – കണമല ബൈപാസ് റോഡ് ഒലിച്ചുപോയത്.
റോഡ് ഒലിച്ചു പോകാൻ കാരണം ഉരുൾപൊട്ടൽ മാത്രമല്ലെന്നും നിർമാണത്തിലെ പിഴവുകളാണ് മലവെള്ളപ്പാച്ചിലിൽ റോഡിനെ പൂർണമായി തകർത്തതെന്നുമാണ് നാട്ടുകാരുടെ ആരോപണം.
ആറര കോടി രൂപ ചിലവിട്ട് നിർമിച്ച ഈ പാത ഉദ്ഘാടനം ചെയ്തപ്പോൾ തന്നെ നാട്ടുകാർ മന്ത്രിയെ അറിയിച്ചതാണ് കാര്യങ്ങൾ. ഉദ്ഘാടന വേദിയിൽ വച്ച് നാട്ടുകാർ പരാതി പറഞ്ഞതിനെ തുടർന്ന് മന്ത്രിയുടെ നിർദേശപ്രകാരം അന്വേഷണവും നടന്നു. തുടർന്ന് കരാറുകാരൻ സ്വന്തം ചെലവിൽ അപാകതകൾ പരിഹരിച്ച് പണികൾ നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് റിപ്പോർട്ട് നൽകിയെങ്കിലും പാത സുരക്ഷിതമല്ലെന്നാണ് പോലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചത്. ഇതോടെ ശബരിമല തീർത്ഥാടനത്തിനുള്ള വാഹനഗതാഗതം പോലിസ് നിരോധിച്ചെങ്കിലും മരാമത്ത് വകുപ്പിൽ പരിഹാര നടപടികൾ തുടർന്നുണ്ടായില്ല.

Signature-ad

കണമല ഇറക്കത്തിൽ തീർഥാടനകാലത്ത് അപകടങ്ങൾ പതിവായപ്പോളാണ് ആറുവർഷം മുൻപ് ഇവിടെ സമാന്തരപാത നിർമിച്ചത്. കണമല ഇറക്കം ആരംഭിക്കുന്ന എഴുത്വാപ്പുഴ മുതൽ കീരിത്തോട് വഴി മൂക്കൻപെട്ടി റോഡിലൂടെ കണമല ജംഗ്ഷനിലെത്തുന്ന ബദൽ പാതയുടെ ദൈർഘ്യം 2.300 കിലോമീറ്ററാണ്. 2017 മാർച്ച് 26 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനാണ് ഈ പാതയും ഉത്ഘാടനം ചെയ്തത്.
ഈ റോഡ് പഞ്ചായത്തിന് വിട്ടു നൽകി തലവേദന ഒഴിയാനാണ് പിന്നീട് പൊതുമരാമത്ത് വകുപ്പ് ശ്രമിച്ചത്.
അറ്റകുറ്റ പണികളും പരിപാലനവും ചെലവേറിയതിനാൽ റോഡ് ഏറ്റെടുക്കാനാവില്ലെന്ന് പഞ്ചായത്ത്‌ അധികൃതരും അറിയിച്ചതോടെ നാഥനില്ലാപാതയായി മാറുകയായിരുന്നു ഇത്. 2018 ലെ പ്രളയത്തിലും പിന്നീടുണ്ടായ പെരുമഴക്കാലങ്ങളിലുമായി ഒട്ടേറെ തവണ പാതയിൽ മണ്ണിടിച്ചിലുണ്ടായിട്ടും പണികൾ നടത്തിയില്ല. ഇക്കഴിഞ്ഞ ദിവസം സംഭവിച്ച ഉരുൾപൊട്ടലിലെ മലവെള്ളപ്പാച്ചിലിൽ റോഡിന്റെ സംരക്ഷണഭിത്തികൾ ഒലിച്ചുപോയതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു.

മലമുകളിൽനിന്നും വെള്ളം കുത്തിയൊലിച്ചെത്തിയതാണ് റോഡ് തകരാൻ കാരണമെന്നും നിർമാണത്തിലെ പിഴവുകൾ സംബന്ധിച്ച് അന്വേഷണവും നടപടികളും സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം മരമാത്ത് വകുപ്പ് കയ്യൊഴിഞ്ഞ ഈ പാതയുടെ പുനർ നിർമാണം ഇനി വകുപ്പ് ഏറ്റെടുക്കുമോയെന്നുള്ളതാണ് ഉയരുന്ന പ്രസക്തമായ ചോദ്യം.

ശബരിമല തീർത്ഥാടനകാലത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു പാതയാണിത്. തീർത്ഥാടനം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ എരുമേലി-പ്ലാപ്പള്ളി റൂട്ടിലെ അവസ്ഥ ഇതാണ്. കൂടാതെ കല്ലിടാംകുന്നിലേക്ക് അയ്യപ്പൻമാർ നടന്നുപോകുന്നതും ഇതിലെയാണ്.
പല റോഡുകളും ഉരുൾപൊട്ടലിൽ നശിച്ചും കനത്തമഴയിൽ കുതിർന്നുമിരിക്കയാണ്. തീർത്ഥാടനകാലം ആരംഭിച്ചാൽ അപകടം തുടർക്കഥയാവുമെന്ന ഭീതിയിലാണ് നാട്ടുകാർ.

Back to top button
error: