NEWS

ഡല്‍ഹിയിൽ ഭീകരാവസ്ഥ, സമ്പൂർണ ലോക്ഡൗൺ വരും; നാളെ മുതല്‍ സ്‌കൂളുകള്‍ക്ക് അവധി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിർത്തി

കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും ദുസ്സഹമായ വായു മലിനീകരണമാണ് ഇത്തവണത്തേത്. ഒക്ടോബർ 24 മുതൽ നവംബർ എട്ടുവരെയുള്ള കാലയളവിലെ വാഹനപ്പുകയാണ് വായുമലിനീകരണത്തിനുള്ള പ്രധാന കാരണം. ഒപ്പം വയലുകളിൽ തീയിടലും മറ്റൊരു കാരണമായി

ന്യൂഡൽഹി: വായു മലിനീകരണ തോത് വർധിക്കുന്നതിനാൽ ഈമാസം 15 മുതൽ ഡൽഹിയിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എന്നാൽ വിദ്യാർഥികൾക്കായി ഓൺലൈൻ ക്ലാസുകൾ തുടരും. ഇതോടൊപ്പം 14 മുതൽ 17 വരെ ഡൽഹിയിലുടനീളമുള്ള നിർമാണ പ്രവർത്തനങ്ങൾ നിർത്തിവെക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പക്ഷേ ഈ ദിവസങ്ങളിൽ 100 ശതമാനം സർക്കാർ ജീവനക്കാരും വീടുകളിലിരുന്ന് ജോലി ചെയ്യണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോമിൽ പോകാൻ നിർദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രിമാരുമാരും മുതിർന്ന ഉദ്യോഗസ്ഥരുമായും നടത്തിയ ഉന്നതതല യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ, പരിസ്ഥിതി മന്ത്രി ഗോപാൽ റായ്, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

“മലിനീകരണസാഹചര്യം മോശമായാൽ ഡൽഹിയിൽ സമ്പൂർണ ലോക്ഡൗൺ സംബന്ധിച്ച് സുപ്രീം കോടതി ഒരു നിർദേശം നൽകിയിരുന്നു. ഇക്കാര്യത്തിൽ ഞങ്ങൾ ഒരു പദ്ധതി തയ്യാറാക്കുകയാണ്. അത് കേന്ദ്രവുമായും ബന്ധപ്പെട്ട ഏജൻസികളുമായി ചർച്ച ചെയ്യും. അങ്ങനെ സംഭവിച്ചാൽ നിർമാണ പ്രവർത്തനങ്ങളും വാഹനഗതാഗതവും നിർത്തിവെക്കും”
കേജ്രിവാൾ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

നിലവിൽ അപകടകരമായ അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ഡൽഹി ദേശീയ തലസ്ഥാന പ്രദേശത്ത് ഏതാനും ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു.
സ്ഥിതി എത്ര മോശമാണെന്നും വീടുകളിൽപോലും മാസ്ക് ധരിക്കേണ്ട സ്ഥിതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

നേരത്തെ, മലിനീകരണം കണക്കിലെടുത്ത് സർക്കാർ-സ്വകാര്യ ഓഫീസുകളിലുള്ളവർ സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം 30 ശതമാനമായി കുറയ്ക്കണമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശിച്ചിരുന്നു. നഗരവാസികൾ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും നിർദേശിച്ചു. സ്കൂളുകൾ അടച്ചിടാനും വാഹനങ്ങൾക്ക് ഒറ്റയക്ക-ഇരട്ടയക്ക നിയന്ത്രണം കൊണ്ടുവരാനും മലിനീകരണ ബോർഡ് നിർദേശിച്ചു.

വയലുകൾക്ക് തീയിട്ട നാലായിരത്തിലേറെ സംഭവങ്ങൾ സമീപ ദിവസങ്ങളിൽ മേഖലയിൽ ഉണ്ടായിട്ടുണ്ട്. നഗരത്തിൽ അനുഭവപ്പെട്ട വായുമലിനീകരണത്തിൽ 35 ശതമാനവും ഇതു കാരണമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. ഇത്തവണ വായുമലിനീകരണം അപകടകരമാണെന്നാണ് സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെൻ്റ് വിലയിരുത്തുന്നത്.

കഴിഞ്ഞ നാലു വർഷത്തിനിടയിലെ ഏറ്റവും ദുസ്സഹമായ വായുനിലവാരമായിരിക്കും ഇത്തവണയെന്നാണ് വിലയിരുത്തൽ. ഒക്ടോബർ 24 മുതൽ നവംബർ എട്ടുവരെയുള്ള കാലയളവിൽ വാഹനപ്പുകയാണ് വായുമലിനീകരണത്തിലേക്കു നയിച്ചതെന്ന് വിലയിരുത്തിയിരുന്നു. പിന്നീട്, വയലുകളിൽ തീയിടലാണ് 25 ശതമാനം വായുമലിനീകരണത്തിനും കാരണമെന്ന് കേന്ദ്രസർക്കാർ ഏജൻസിയായ സഫർ ചൂണ്ടിക്കാട്ടി.

Back to top button
error: