NEWS

സിനിമയെ വെല്ലുന്ന ചെയ്‌സ്, വനംവകുപ്പ് ഉദ്യോഗസ്ഥരെ ഇടിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ച ചന്ദനവേട്ടക്കാരെ വയനാട്ടിൽ സാഹസികമായി പിടികൂടി

ചന്ദനം കയറ്റി വന്ന വാഹനം കൈ നീട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാനാണ് ശ്രമിച്ചത്. പക്ഷേ വാഹനവും പ്രതികളെയും വനം വകുപ്പുദ്യോഗസ്ഥർ അതിസാഹസികമായി പിടികൂടി. പ്രതികൾ സ്ഥിരമായി ചന്ദന മോഷണ സംഘത്തിലുൾപ്പെട്ടരാണോ എന്നതും ഇവർക്ക് അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധങ്ങൾ ഉണ്ടോ എന്നതും അന്വേഷിച്ചു വരുന്നു

കല്പറ്റ: മേപ്പാടി-സൗത്ത് വയനാട് ഡിവിഷനിലെ ആനപ്പാറ വന ഭാഗത്തു നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ച കേസ്സിലെ പ്രതികളെ വനം വകുപ്പുദ്യോഗസ്ഥർ പിടികൂടി.
മലപ്പുറം സ്വദേശികളായ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ്‌ അക്ബർ, മൊയ്ക്കൽ വീട്ടിൽ അബൂബക്കർ, വയനാട് സ്വദേശി ഫർഷാദ് എന്നിവരെയാണ് പിടികൂടിയത്. മരങ്ങൾ മുറിച്ച് കടത്തുന്നതിനുപയോഗിച്ച് കെ.എൽ 52 ഡി 2044 നമ്പർ സ്വിഫ്റ്റ് കാറും കൂടാതെ ചന്ദന മരങ്ങൾ മുറിക്കുന്നതിനുപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടികൂടിയ ചന്ദനത്തടികൾക്ക് ഏകദേശം 150 കിലോയോളം തൂക്കം വരുമെന്ന് മേപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ഡി. ഹരിലാൽ അറിയിച്ചു. മേപ്പാടി റെയ്ഞ്ചിനു കീഴിൽ ചന്ദന മരങ്ങൾ സ്ഥിതി ചെയ്യുന്ന മുഴുവൻ പ്രദേശങ്ങളും ശക്തമായ കാവലും നൈറ്റ് പട്രോളിംഗും ഏർപ്പെടുത്തിയിരുന്നു. അതിന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി നടത്തിയ നൈറ്റ് പട്രോളിംഗിനിടെയാണ് കുറ്റകൃത്യം കണ്ടെത്തിയത്. ചന്ദനം കയറ്റി വന്ന വാഹനം കൈ നീട്ടി നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിച്ച വാഹനവും പ്രതികളെയും വനം വകുപ്പുദ്യോഗസ്ഥർ  അതിസാഹസികമായാണ് പിടികൂടിയത്. പിടിയിലായ പ്രതികൾ സ്ഥിരമായി ചന്ദന മോഷണ സംഘത്തിലുൾപ്പെട്ടരാണോ എന്നതും ഇവർക്ക് അന്തർ സംസ്ഥാന ചന്ദന മാഫിയയുമായി ബന്ധങ്ങൾ ഉണ്ടോയെന്നുള്ളതും അന്വേഷണത്തിലാണെന്നും ഇത്തരത്തിലുളള കുറ്റ കൃത്യങ്ങളിൽ ഉൾപ്പെടുന്നവർക്ക് തക്കതായ ശിക്ഷ നൽകുമെന്നും, കസ്റ്റഡിയിലെടുത്ത വാഹനം സർക്കാരിലേക്ക് കണ്ടു കെട്ടുമെന്നും സൗത്ത് വയനാട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എ. ഷജ്ന പറഞ്ഞു. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Signature-ad

വിപണിയിൽ വൻ വിലയുള്ള ചന്ദനത്തിനായി വൻ റാക്കറ്റ് തന്നെ ജില്ലയിൽ കേന്ദ്രീകരിക്കുന്നുണ്ടെന്നാണ് ഇത്തരം ചന്ദന മോഷണകേസുകൾ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: