കോരുത്തോട് സി. കേശവൻ മെമ്മോറിയൽ എച്ച്.എച്ച്.എസ്സ് സ്കൂളിനെ 1979 മുതൽ 2005 വരെയുള്ള കാലയളവിൽ 16 തവണ സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻമാരാക്കി കായിക പരിശീലനത്തിനുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌ക്കാരമായ ദ്രോണാചാര്യ നേടിയെടുത്ത ആളാണ് കെ പി തോമസ് എന്ന കോരുത്തോടിന്റെ സ്വന്തം തോമസ് മാഷ്.ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ജോസഫ് ഏബ്രഹാം, ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടിയ അഞ്ജു ബോബി ജോർജ്ജ്, ഷൈനി വില്‍സണ്‍, ജിന്‍സി ഫിലിപ്, സി.എസ്. മുരളീധരന്‍, മോളി ചാക്കോ തുടങ്ങി തോമസ് മാഷിന്റെ ശിഷ്യഗണത്തിൽ പെട്ടവർ ധാരാളം.
കോരുത്തോട് കുരിശിങ്കല്‍ ഫിലിപ്പ് തോമസ് എന്ന കെ പി തോമസ് 16 വർഷം പട്ടാളത്തിലായിരുന്നു. അതിനുശേഷമാണ് കായിക പരിശീലകനായത്.1963 മുതൽ 1979 വരെ ആർമി കോച്ചായി പ്രവർത്തിച്ചു. തുടർന്ന് റിട്ടയറായി സ്വന്തം നാടായ കോരുത്തോട്ടിൽ എത്തി.കല്ലും മുള്ളും നിറഞ്ഞ ചെങ്കുത്തായ ഭൂപ്രകൃതിയാണ് കോരുത്തോടിന്റേത്.അടുത്തിടെ ഉരുൾപൊട്ടലുണ്ടായി ഒരു കുടുംബം തന്നെ ഇല്ലാതായ കൂട്ടിക്കലിന്റെ തൊട്ടടുത്തുള്ള പ്രദേശം.
ഇവിടെയുള്ള സി. കേശവൻ മെമ്മോറിയൽ എച്ച്.എച്ച്.എസ്സ് എന്ന സ്കൂളിലേക്ക് കായികാധ്യാപകനായി 1979 ലാണ് തോമസ് മാഷിന്റെ വരവ്.അന്നുമുതൽ 2005 വരെ ഇവിടെ കായിക അദ്ധ്യാപകനായിരുന്ന അദ്ദേഹം ഈ കാലയളവിൽ 16 തവണയാണ് തന്റെ സ്കൂളിനെ സംസ്ഥാന സ്കൂൾ കായിക മേളയിൽ ചാമ്പ്യൻമാരാക്കിയിട്ടുള്ളത്. സ്കൂള്‍കുട്ടികളുടെ ഒളിമ്പിക്സ് എന്നു വിശേഷിപ്പിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയെ ഇന്നത്തെ ആവേശത്തിലേക്കും പോരാട്ടത്തിലേക്കും വളര്‍ത്തുന്നതിലും അഞ്ജു ബോബി ജോര്‍ജ് ഉള്‍പ്പെടെ രാജ്യത്തിന്റെ അഭിമാന പതാക പാറിച്ച താരങ്ങളെ കണ്ടെത്തുന്നതിലും കൈപിടിച്ചുയര്‍ത്തുന്നതിലുമെല്ലാം ഈ കാലയളവിൽ തോമസ് മാഷിന് സാധിച്ചിട്ടുണ്ട്. അതെ, മറ്റുപലരേക്കാളും മുമ്പേ നടന്ന കായികകേരളത്തിന്റെ ഗുരുവര്യനായിരുന്നു തോമസ് മാഷ്. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടായി സ്കൂള്‍ കായികരംഗവുമായി ഇത്രയേറെ ബന്ധപ്പെട്ട മറ്റൊരു പരിശീലകനുമില്ല.
1979 മുതല്‍ 2005 വരെ കോരുത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെയും തുടര്‍ന്ന് 2009 വരെ ഏന്തയാര്‍ ജെ ജെ മര്‍ഫി സ്കൂളിന്റെയും ഇപ്പോള്‍ തൊടുപുഴ വണ്ണപ്പുറം സ്കൂളിന്റെയും പരിശീലകനാണ് തോമസ് മാഷ്.തന്റെ എഴുപത്തെട്ടാം വയസ്സിലും കർമ്മനിരതനായ കെ പി തോമസ് മാഷ് കായികവിദ്യ മാത്രമല്ല, കൃഷിയും ജീവിതത്തിന്റെ നല്ലപാഠങ്ങളുമൊക്കെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന നല്ലൊരു ഗുരുനാഥൻ കൂടിയാണ്. ശരിക്കും ദ്രോണർ.2013 ലായിരുന്നു കായിക പരിശീലനത്തിലെ ഏറ്റവും വലിയ പുരസ്കാരമായ ദ്രോണാചാര്യ അവാര്‍ഡ് അദ്ദേഹത്തിന് ലഭിക്കുന്നത്.സ്കൂള്‍തലത്തിലെ ഒരു കായികാധ്യാപകനു ലഭിക്കുന്ന ആദ്യ ദ്രോണാചാര്യ അവാര്‍ഡുമായിരുന്നു അത്.