KeralaLead NewsNEWS

പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകൾ : മുഖ്യമന്ത്രി

പരിസ്ഥിതി സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടുകളാണ് സംസ്ഥാന സർക്കാർ കൈക്കൊള്ളുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പി.സി. വിഷ്ണുനാഥിന്റെ അടിയന്തര പ്രമേയത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാലാവസ്ഥാവ്യതിയാനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ലോകരാഷ്ട്രങ്ങൾ ചർച്ച ചെയ്യുന്ന അവസരമാണ്. ഇംഗ്ലണ്ടിലെ ഗ്ലാസ്ഗോയിൽ ലോകരാഷ്ട്രങ്ങളുടെ ഉന്നതതല യോഗം നടക്കുകയാണ്. ഇന്റർ ഗവൺമെന്റൽ പാനൽ ഫോർ ക്ലൈമറ്റ് ചേഞ്ച് ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒരു വിദഗ്ധ സമിതിയാണ്. ആഗോളതാപനില ഉയരുന്നതിനെപ്പറ്റിയും അതിന്റെ പരിണിതഫലങ്ങളെയും പറ്റി വിശദമായി തന്നെ ഗവേഷകർ നടത്തുന്ന കണ്ടെത്തലുകൾ ക്രോഡീകരിച്ചാണ് റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുന്നത്.

ആഗോളതാപനില ഉയരുന്നതിന്റെ തോത് വർദ്ധിക്കുന്നതായി ആഗസ്റ്റ് 9, 2021 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പരാമാർശമുണ്ട്. പ്രസ്തുത റിപ്പോർട്ടിലെ പരാമർശങ്ങൾ അടിസ്ഥാനപ്പെടുത്തി യു.എസ്.എ യിലെ നാസ ചില നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചില ശാസ്ത്രജ്ഞർ കേരളത്തിലെ തീരദേശ ജില്ലകളുടെ ചില ഭാഗങ്ങൾ 2150 ഓടെ ജലനിരപ്പ് ഉയരുന്നതുവഴി നഷ്ടമാകാൻ സാധ്യതയുണ്ടെന്ന് അഭിപ്രായം പറഞ്ഞിട്ടുള്ളത്. ഇതാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

2011 – 2020 കാലഘട്ടത്തിൽ ഇത് 1850 – 1900 കാലഘട്ടത്തേക്കാൾ ശരാശരി 1.09 ഡിഗ്രി കൂടുതലാണ്. കടലിലെ താപനില 0.88 ഡിഗ്രിയും കരയിലെ താപനില 1.95 ഡിഗ്രിയുമാണ് കൂടിയിട്ടുള്ളത്. ഇതിന്റെ ഗൗരവം എല്ലാ സർക്കാരുകളും ഉൾക്കൊള്ളണം. വളരെ ഗൗരവത്തോടെയാണ് ഇതിനെ കേരള സർക്കാർ സമീപിക്കുന്നതും നടപടികൾ സ്വീകരിക്കുന്നതും. കേരളത്തിന്റെ വികസനപരിപ്രേഷ്യം എങ്ങനെയായിരിക്കണം എന്ന കാഴ്ചപ്പാടാണ് ഇവിടെ പ്രധാനം. സാമ്പത്തികവളർച്ചയും പരിസ്ഥിതി സംരക്ഷണവും സന്തുലിതമാകുന്ന ഒരു വികസന പരിപ്രേഷ്യമാണ് സർക്കാരിനുള്ളത്. വികസനപ്രവർത്തനങ്ങൾ നടത്തുമ്പോൾ തന്നെ പരിസ്ഥിതി സംരക്ഷണത്തെ പ്രധാനമായി കാണുന്നു എന്നതുകൊണ്ടാണ് കേരളത്തിന്റെ പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഒരു ധവളപത്രം എൽ ഡി എഫ് സർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്. നേരത്തെ തന്നെ പാരിസ്ഥിതിക പ്രശ്നത്തെ ഗൗരവമായി കാണുകയും തുടർന്ന് ഓരോ ഘട്ടത്തിലും ഉയർന്നുവരുന്ന പ്രശ്നത്തെ കണ്ട് പരിഹരിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.കേരളം സമയബന്ധിതമായി ഗ്രീൻഹൗസ് ഗ്യാസുകളുടെ ബഹിർഗമനം ഗണ്യമായി കുറച്ചുകൊണ്ടുവരാനുള്ള പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്.

ഓരോ മേഖലയിലും ഉണ്ടാകുന്ന ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനത്തിന്റെ കണക്ക് ചർച്ചക്കായുള്ള രേഖയിൽ ഉൾപ്പെടുത്തി ലക്ഷ്യം എങ്ങനെ നിറവേറ്റാമെന്നാണ് സർക്കാർ പരിഗണിക്കുന്നത്. ഇത് നടപ്പിൽ വരുത്താനായി പരിസ്ഥിതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയിൽ ഊർജ്ജ – തദ്ദേശസ്വയംഭരണ, വനം – ശാസ്ത്രസാങ്കേതിക വകുപ്പ് എന്നിവയുടെ ചുമതലുള്ള സെക്രട്ടറിമാരും അംഗങ്ങളാണ്. സമയബന്ധിതമായി സംസ്ഥാനത്തെ കാർബൺ ന്യൂട്രൽ ആക്കാനുള്ള കർമ്മപദ്ധതി തയ്യാറാക്കുകയാണ് സമിതിയുടെ ദൗത്യം. ഇതിന്റെ ആദ്യ യോഗം നവംബർ 19 ന് ചേരും.
ഇതിനു പുറമെ ദുരന്താഘാത പ്രതിരോധ ശേഷിയുള്ള കേരള നിർമ്മിതിക്കുള്ള നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനം, ജലവിഭവം, തദ്ദേശസ്വയംഭരണം, റവന്യൂ, കൃഷി, ഗതാഗതം, ശാസ്ത്രസാങ്കേതികം എന്നീ വകുപ്പുകളുടെ സെക്രട്ടറിമാർ ഉൾപ്പെടുന്ന ഉന്നതാധികാര സമിതിയും രൂപീകരിച്ചിട്ടുണ്ട്.

ദുരന്താഘാതം താങ്ങാൻ ശേഷിയുള്ള നവകേരള നിർമ്മിതിയാണ് സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിനായി രൂപീകരിക്കപ്പെട്ടതാണ് റിബിൽഡ് കേരള ഇൻഷ്യേറ്റീവ് (ആർ.കെ.ഐ). 12 വകുപ്പുകളിലായി 7791.14 കോടി രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നൽകിയിട്ടുണ്ട്. ഇവ നിർവ്വഹണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 5,271.88 കോടി രൂപയുടെ പദ്ധതികൾ ടെണ്ടർ ചെയ്തിട്ടുമുണ്ട്. ആർ.കെ.ഐ പദ്ധതികൾ കേവലം നിർമ്മാണ പദ്ധതികളല്ല. ദുരന്തപ്രതിരോധ ശേഷിയുള്ളവയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഭവനനിർമ്മാണ പദ്ധതിയായ ലൈഫ് പ്രി ഫാബ് സാങ്കേതികവിദ്യ സ്വീകരിച്ചിട്ടുണ്ട്. പ്രകൃതിവിഭവ ചൂഷണം പരമാവധി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ സാങ്കേതികവിദ്യ.നമ്മുടെ നെൽപ്പാടങ്ങളും തണ്ണീർത്തടങ്ങളും പ്രകൃതിദുരന്തങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. ഇക്കാര്യം കണക്കിലെടുത്താണ് 2006-2011 ലെ സർക്കാർ 2008 ൽ തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമനിർമ്മാണം നടത്തിയതും ഇത് കഴിഞ്ഞ സർക്കാരും ഈ സർക്കാരും ഫലപ്രദമായി നടപ്പിലാക്കി വരുന്നതും.
വർഷകാലത്ത് ഒഴുകിയെത്തുന്ന ജലം മണ്ണിലൂർന്ന് ഇറങ്ങാൻ നെൽകൃഷിക്കുള്ള പങ്ക് ചെറുതല്ല. 2016 – 21 കാലഘട്ടത്തിൽ സർക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃപരമായ പങ്കോടെയാണ് നെൽകൃഷി വ്യാപനം നടന്നുവരുന്നത്. ഇതിനുപുറമെ നദികളുടെ സ്വാഭാവികമായ ഒഴുക്ക് ഉറപ്പാക്കാൻ ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ‘ഇനി ഞാൻ ഒഴുകട്ടെ’ എന്ന പദ്ധതി നടപ്പാക്കിയിട്ടുണ്ട്. നവകേരളം മിഷന്റെ നേതൃത്വത്തിൽ ഇത്തരം പരിപാടികൾ തുടരും.

നദികളിലും ഡാമിലും അടിഞ്ഞുകൂടിയിട്ടുള്ള എക്കൽ നീക്കം ചെയ്യാനുള്ള പരിപാടിയും സർക്കാർ നടപ്പാക്കിവരുന്നുണ്ട്. ഇവയെല്ലാം തന്നെ പ്രളയാഘാതം കുറയ്ക്കാൻ ഗണ്യമായി സഹായിക്കുന്നതാണ്.
ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനം ഉണ്ടാകുന്ന ഒരു മേഖല പരമ്പരാഗത ഊർജ്ജ ഉത്പാദനത്തിലൂടെയാണ്. പാരമ്പര്യേതര ഊർജ്ജ ഉത്പാദനത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. സൗരോർജ്ജോത്പാദനത്തിനായി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ആവശ്യമായ ഭേദഗതികളും വരുത്തിയിട്ടുണ്ട്.കാർബൺ ന്യൂട്രാലിറ്റിക്കായി ഏറ്റവും ഫലപ്രദമായ നടപടി വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കലാണ്. വനദിനത്തിനു വൃക്ഷങ്ങൾ വെച്ചുപിടിപ്പിക്കുന്നതിനു പുറമെ ഒരു കോടി വൃഷത്തൈകൾ വെച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇത് തുടരും.
വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും കാരണങ്ങൾ പരിശോധിക്കാനും സമഗ്രമായ റിപ്പോർട്ട് സമർപ്പിക്കാനും സംസ്ഥാന സാങ്കേതിക പരിസ്ഥിതി കൗൺസിൽ മുൻകൈ എടുത്തിട്ടുണ്ട്. ഇതിനെ അടിസ്ഥാനമാക്കി നടപടി സ്വീകരിച്ചു വരികയാണ്.

റി ബിൽഡ് കേരളയുടെ ഭാഗമായി അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ എടുക്കുന്നത് കാലാവസ്ഥാ വ്യതിയാനം തടയാനും ദുരന്തപ്രതിരോധ ശേഷിയുള്ള കേരള നിർമ്മിതി ലക്ഷ്യമിട്ടുകൂടിയാണ്.
കാർബൺ ന്യൂട്രാലിറ്റിക്ക് അനിവാര്യമായ മറ്റൊരു പരിഷ്‌ക്കരണം ഗതാഗത മേഖലയിലാണ്. പരമ്പരാഗത ഇന്ധനങ്ങൾ ഉപയോഗിക്കുന്നതുവഴി ഉണ്ടാകുന്ന ഗ്രീൻഹൗസ് വാതക ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും തടയാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ഇ-വെഹിക്കിൾ നയം രൂപീകരിക്കുകയും ആവശ്യമായ നടപടികൾ മുന്നോട്ടുനീക്കാനുള്ള പരിശ്രമം നടത്തിവരികയുമാണ്. പലവിധ തടസ്സങ്ങൾ നേരിട്ടെങ്കിലും ഇത് മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാരിന്റെ തീരുമാനം.

ഗ്രീൻഹൗസ് വാതകങ്ങളുടെ ബഹിർഗമനത്തിനുള്ള മറ്റൊരു കാരണം ഖരമാലിന്യങ്ങളും മെഡിക്കൽ വേസ്റ്റും അടിഞ്ഞുകൂടുന്നതാണ്. മാലിന്യസംസ്‌കരണത്തിനും നിർമ്മാർജ്ജനത്തിനും സംസ്ഥാന സർക്കാർ ഫലപ്രദമായ നടപടികളാണ് സ്വീകരിക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ് നേതൃത്വം വഹിക്കുന്നത്. ഇതിനായി അന്താരാഷ്ട്ര വിദഗ്ധരുടെ സഹായവും സർക്കാർ ലഭ്യമാക്കുന്നുണ്ട്. വേസ്റ്റ് ടു എനർജി പദ്ധതിയും ഇതിന്റെ ഭാഗമായാണ് നടപ്പാക്കുന്നത്.

പരിസ്ഥിതി വകുപ്പ് സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഫോർ ക്ലൈമറ്റ് ചേഞ്ചിന്റെ പരിഷ്‌ക്കരണം നടത്തിവരികയാണ്. പ്രതിസന്ധികളുടെ സാധ്യതകളെല്ലാം പരിഗണിച്ചുകൊണ്ടായിരിക്കും പരിഷ്‌ക്കരിച്ച നയം ആവിഷ്‌ക്കരിക്കുക.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കാലാവസ്ഥാ വ്യതിയാന പഠന ഇൻസ്റ്റിറ്റ്യൂട്ട് ഐ.പി.സി.സി കണ്ടെത്തലുകൾ കണക്കിലെടുത്തുകൊണ്ട് സംസ്ഥാന സാഹചര്യങ്ങൾ പരിഗണിച്ചുകൊണ്ട് ഒരു വിശദമായ പഠനം നടത്തിവരികയാണ്. ഇത് നല്ല പുരോഗതി കൈവരിച്ചിട്ടുണ്ട്. 2021 ഡിസംബറിൽ ഇത് പൂർത്തിയാകുമെന്നാണ് ശാസ്ത്രസാങ്കേതിക വകുപ്പ
ആഗോളതലത്തിൽ ഉണ്ടാകുന്ന പരിസ്ഥിതിവ്യതിയാനവും അതിന്റെ ഭാഗമായുള്ള ഭാരിച്ച മഴയുമെല്ലാം കേരളത്തിന്റെ പരിസ്ഥിതിയെ ഗൗരവമായി ബാധിക്കുന്നതാണ്.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രളയവും അതുപോലുള്ള പ്രകൃതിദുരന്തങ്ങളും അടിയന്തരമായി പരിഹരിക്കുന്നതിനുള്ള ഇടപെടലുകൾ അതാതു ഘട്ടത്തിൽ സംസ്ഥാന സർക്കാർ ചെയ്തിട്ടുണ്ട്. പ്രളയദുരന്തത്തെ പരിഹരിക്കുന്നതിന് നാം നടത്തിയ രക്ഷാപ്രവർത്തനവും ജീവനോപാധികൾ തിരിച്ചുനൽകുന്നതിനുവേണ്ടി നടത്തിയ ഇടപെടലുകൾ വലിയ ലോകശ്രദ്ധ നേടുകയും ചെയ്തു.

പാരിസ്ഥിതിക വ്യതിയാനവും കേരളത്തിന്റെ ഭൂമിശാസ്ത്രപരമായ സവിശേഷതയും കണക്കിലെടുത്ത് ദുരന്തങ്ങളിൽ നിന്ന് മാറിനിൽക്കാൻ പ്രാപ്തമാകുന്ന ദീർഘകാല പദ്ധതികളും സർക്കാർ ആസൂത്രണം ചെയ്യുന്നുണ്ട്. റി-ബിൽഡ് കേരള ലക്ഷ്യം വെയ്ക്കുന്നത് ഇത്തരത്തിലുള്ള ഇടപെടലാണ്.ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെ പാരിസ്ഥിതിക സവിശേഷതകളെ മനസ്സിലാക്കി ജീവിതം ക്രമപ്പെടുത്തുന്നതിനുള്ള സമഗ്രമായ നടപടികളാണ് സംസ്ഥാന സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിട്ടുള്ളത്. തണ്ണീർത്തട നെൽവയൽ സംരക്ഷണ നിയമം നടപ്പിലാക്കിയത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ്. ധവളപത്രം പുറത്തിറക്കിയും അതിന്റെ കൂടി അടിസ്ഥാനത്തിൽ വികസനകാഴ്ചപ്പാടുകൾ രൂപീകരിച്ചതും ഇതിന്റെ അടിസ്ഥാനത്തിലാണ്.

2035 ഓടെ കാർബൺ ന്യൂട്രൽ കേരളം എന്ന പദ്ധതി നടപ്പിലാക്കുന്നതിന് ഒരു നോഡൽ ഏജൻസിയെ നിയോഗിക്കുന്ന കാര്യം പരിശോധിക്കും. പരിസ്ഥിതി, ഗതാഗതം, തദ്ദേശസ്വയംഭരണം, അനെർട്ട്, കെ.എസ്.ഇ.ബി. തുടങ്ങിയ വകുപ്പുകളുടെ പിന്തുണ നൽകുന്നതിനുള്ള സംവിധാനവും ആലോചിക്കും. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ ഒരു അന്താരാഷ്ട്ര കാലാവസ്ഥാ വ്യതിയാന കോൺക്ലേവ് ഷെഡ്യൂൾ ചെയ്യുന്ന കാര്യവും പരിശോധിക്കും.
യു.കെ യിലെ ഗ്ലാസ്ഗോയിൽ യു എൻ എഫ് സി.സി.സി. യിലേക്കുള്ള 26-ാമത് സെഷനിൽ ഉയർന്നുവന്നിട്ടുള്ള കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ചു കൂടി 19 ന് ചേരുന്ന വർക്കിംഗ് ഗ്രൂപ്പ് പരിശോധിക്കും. പാരിസ്ഥിതിക സംരക്ഷണത്തിന് പ്രധാനമാണ് കാർബൺ ന്യൂട്രാലിറ്റിയിലേക്ക് എത്തിക്കുക എന്നത്. ഇതനുസരിച്ചുള്ള പദ്ധതികൾ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കുകയാണ്. ഇത് പരിശോധിച്ചാൽ ഹരിതഗ്രഹ വാതകങ്ങളുടെ ബഹിർഗമനത്തിന്റെ 91 ശതമാനവും സംഭാവന ചെയ്തത് ഊർജ്ജ മേഖലയാണെന്ന് കാണാം. അതുകൊണ്ട് ആ മേഖലയിൽ ഇടപെടുന്നതിനുള്ള സമീപനം സർക്കാർ സ്വീകരിക്കുന്നുണ്ട്.

സൗരോർജ്ജത്തിൽ നിന്നും കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്‌ക്കരിക്കുകയാണ്. പരമ്പരാഗതമായ ഊർജ്ജസ്രോതസ്സുകൾ ഉപയോഗിച്ച് ചെറുഗ്രാമങ്ങൾക്കും ഊർജ്ജം പ്രദാനം ചെയ്യുന്ന മൈക്രോ പവർ ഗ്രിഡുകൾ സ്ഥാപിക്കുന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്. വേനൽക്കാലത്ത് വൈദ്യുതി ഉപഭോഗം വർദ്ധിക്കുന്നതിനുള്ള ഒരു കാരണം ഊർജ്ജകാര്യക്ഷമമായ ഉപകരണങ്ങളുടെ അഭാവമാണ്. ഇത് കണക്കിലെടുത്ത് ചില നടപടികൾ സ്വീകരിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.നിലനിൽക്കുന്ന കെട്ടിടങ്ങളുടെ ഊർജ്ജഓഡിറ്റിംഗ് നിർബന്ധമാക്കുന്നതിനും ഉപഭോഗം കുറയ്ക്കുന്നതിനുമുള്ള നടപടികൾ ഇതിൽ പ്രധാനമാണ്.
പുതിയ നിർമ്മാണപ്രവർത്തനങ്ങൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്നതിന് നടപടി സ്വീകരിക്കും.
തെരുവുവിളക്കുകൾ എൽ ഇ ഡി യിലാക്കി മാറ്റുന്നതിനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്തും.ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കും. ഇതിന്റെ ഭാഗമായി ഇ-മൊബിലിറ്റി നയം കൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് രൂപം നൽകും.
സി എൻ ജി / ഹൈഡ്രജൻ പവർ / ബയോ ഫ്യൂവൽ എന്നിവയുടെ ഉപഭോഗം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.

സൈക്കിളുകളുടെ രൂപത്തിലുള്ള മോട്ടൊറൈസ്ഡ് അല്ലാത്ത ഗതാഗത സംവിധാനങ്ങൾ പ്രാത്സാഹിപ്പിക്കും. മണ്ണിനും നിലവിലുള്ള പരിസ്ഥിതിക്കും ദോഷംവരുത്താത്ത കൃഷിരീതികൾ കൊണ്ടുവരും. പരിസ്ഥിതിലോല പ്രദേശങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.ജൈവമാലിന്യത്തിന്റെ സംസ്‌കരണത്തിലൂടെ ഹരിതഗ്രഹ വാതകങ്ങളുടെ വർദ്ധനവ് തടയുന്നതിനുള്ള നടപടി സ്വീകരിക്കും.കാർബൺ ന്യൂട്രൽ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനം കാര്യക്ഷമമാക്കും. നിലനിൽക്കുന്ന പാരിസ്ഥിതിക സംരക്ഷണ പ്രവർത്തനത്തിലെ ദൗർബല്യങ്ങൾ പരിഹരിക്കാനും സർക്കാർ ലക്ഷ്യം വെയ്ക്കുന്നു. ഇതിന്റെ ഭാഗമായി സാമൂഹ്യ വനവത്ക്കരണ പദ്ധതിയുടെ ഭാഗമായി നമ്മുടെ പരിസ്ഥിതിക്ക് അനുയോജ്യമല്ലാത്ത നിരവധി മരങ്ങൾ പിഴുതുമാറ്റുന്ന സാഹചര്യം നിലനിൽക്കുന്നുണ്ട്.

യൂക്കാലിപ്റ്റസ്, അക്വേഷ്യ, വാറ്റൽ, തുടങ്ങിയ മരങ്ങൾ ഇതിന്റെ ഭാഗമായി കടന്നുവന്നവയാണ്. ഇവയെ പിഴുത്മാറ്റി ഓരോ പ്രദേശത്തിന്റെയും സവിശേഷതകൾ മനസ്സിലാക്കി മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. വനവത്ക്കരണ നടപടികൾ സ്വീകരിക്കും. റോഡിനു ഇരുവശവും മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇതിന്റെ ഭാഗമായി പരിഗണിക്കുന്നുണ്ട്. ഇത് സംബന്ധിച്ച ഒരു നയം സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച നയം രൂപീകരിക്കുന്നതിന് ഒരു കാബിനറ്റ് സബ് കമ്മിറ്റിയെയും രൂപീകരിച്ചിട്ടുണ്ട്.

Back to top button
error: