NEWS

എക്സ്റേയ്ക്ക് 126 വയസ്സ്, ഏബ്രഹാം വറുഗീസ്

അദൃശ്യമായ ശരീരഭാഗങ്ങളെ ദൃശ്യമാക്കി ചികിത്സയിൽ നൂതന മാർഗങ്ങൾ പ്രായോഗികമായി ഉപയോഗിക്കാൻ മനുഷ്യനെ പ്രാപ്തമാക്കി എന്നതാണ് ആ കണ്ടെത്തലിന്റെ പ്രത്യേകത. ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു ശാസ്ത്രനേട്ടത്തിന് സാക്ഷിയായി മാറിയ ദിനമാണ് നവംബർ 8

അദൃശ്യരശ്മികൾ മനുഷ്യ ശരീരത്തിൽ തുളച്ചു കയറി ശരീരഭാഗങ്ങളെ ദൃശ്യമാക്കിയ ആദ്യദിനമായിരുന്നു അത്. 1895നവംബർ 8.
അറിഞ്ഞുകൂടാത്ത എന്തിനെയും ‘X’ എന്നു വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമം അനുസരിച്ച് അതിനെ ‘X’വികിരണങ്ങള്‍ (X-RAYS) എന്ന് വിളിയ്ക്കാൻ അത് കണ്ടുപിടിച്ച ശാസ്ത്രഞ്ജൻ തീരുമാനിച്ചു.1901 ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നൊബേൽ സമ്മാനം ഈ ‘അജ്ഞാത-വികിരണങ്ങൾ’ കണ്ടെത്തിയതിന് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
കൂടാതെ ഇതിന്റെ സ്മരണയിൽ എല്ലാ വർഷവും നവംബർ 8 ലോകവികിരണശാസ്ത്രദിനമായി (INTERNATIONAL DAY OF RADIOLOGY) ആചരിക്കുകയും ചെയ്യുന്നു.

1895 നവംബർ 8
ജർമനിയുടെ വിൽഹെം കോൺറാഡ് റോൺട്ജൻ (1845 – 1923) ആണ് വൈദ്യശാസ്ത്ര രംഗത്തും ഭൗതികശാസ്ത്രരംഗത്തും അത്ഭുതം സൃഷ്ടിച്ച ‘എക്സ് – റേ’ കണ്ടുപിടിച്ചത്.
എക്സ് – റേ പുറപ്പെടുവിക്കുന്ന ഡിസ്ചാർജ് ട്യൂബിനും ഫോട്ടോഗ്രാഫിക് ഫിലിമിനുമിടയിൽ റോൺട്ജന്റെ ഭാര്യയുടെ കൈവച്ചാണ് ആദ്യത്തെ എക്സ് – റേഫിലിം നിർമ്മിച്ചത്. കൈയിലെ അസ്ഥികളും വിവാഹമോതിരവും തെളിഞ്ഞുകാണുന്ന ഭാര്യയുടെ കയ്യുടെ ആ ചിത്രം അങ്ങനെ റോൺട്ജന്റെ കണ്ടുപിടുത്തത്തോടൊപ്പം ചരിത്രത്തിന്റെയും ഭാഗമായി.

അദൃശ്യമായ ശരീരഭാഗങ്ങളെ ദൃശ്യമാക്കി ചികിത്സയിൽ നൂതന മാർഗങ്ങൾ പ്രായോഗികമായി ഉപയോഗിക്കാൻ മനുഷ്യനെ പ്രാപ്തമാക്കി എന്നതായിരുന്നു ആ കണ്ടെത്തലിന്റെ പ്രത്യേകത. ചികിത്സാരംഗത്ത് വിപ്ലവം സൃഷ്ടിച്ച ഒരു ശാസ്ത്രനേട്ടത്തിന് അങ്ങനെ സാക്ഷിയായി മാറിയ ദിനമാണ് നവംബർ 8.

ആദ്യമൊക്കെ ഇരുട്ട് (Dark Room) മുറികളിൽ ഡവലപ്പർ, ഫിക്സർ തുടങ്ങിയ കെമിക്കലുകളുടെ സഹായത്തോടെയായിരുന്നു എക്സ് റേ ഫിലിമുകൾ കഴുകിയെടുത്തുകൊണ്ടിരുന്നത്. പിന്നീട് ഇത് ഉണക്കിയെടുത്തായിരുന്നു രോഗികൾക്ക് കൊടുത്തിരുന്നതും.
ഇന്ന് ആ കഥയൊക്കെ മാറി. സി.ആറിന്റെ (Computed Radiography) വരവോടെ ഉണങ്ങിയ ഫിലിം അപ്പപ്പോൾ കയ്യിൽ കിട്ടുമെന്നായി.


ഇന്ന് അതിനുംമേലെ ഡി.ആർ(Direct Radiography) ഉണ്ട്. എക്സറെ ഷൂട്ട് ചെയ്യുമ്പോൾ തന്നെ ഡോക്ടർമാരുടെ കമ്പ്യൂട്ടറുകളിൽ പടം തെളിയുമെന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.
രോഗനിർണ്ണയത്തിലെയും ചികിത്സയിലെയും കാലതാമസമൊഴിവാക്കാനും ഇത് സഹായിക്കും. ഡിജിറ്റൽ എക്സ് റേ എന്ന് മിക്ക ആശുപത്രികളുടെയും മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററുകളുടെയും മുന്നിൽ ഇന്ന് ബോർഡ് കാണാം.

എക്സ് റേ യുടെ ചരിത്രം

1895 ൽ ജർമ്മനിയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. തണുപ്പ് തളംകെട്ടി നിൽക്കുന്ന നവംബർ മാസത്തിലെ ഒരു നട്ടുച്ചയ്ക്ക് അദ്ദേഹം താടിയുഴിഞ്ഞ് ആ കാഴ്ച കണ്ടിരുന്നു. ആ കണ്ണുകൾ കൗതുകവും ആശ്ചര്യവും കൊണ്ട് തുറിച്ചു.

വളരെ യാദൃച്ഛികമായാണ് തന്റെ ഇരുൾ നിറഞ്ഞ പരീക്ഷണശാലയിൽ ഒരുവശത്ത് അദ്ദേഹം ആ തിളക്കം കണ്ടത്. പരിശൂന്യമായ ഒരു ഗ്ലാസ്‌ ട്യൂബിലൂടെ (Vacuum Tube) ഇൻഡക്ഷൻ കോയിൽ ഉപയോഗിച്ച് ഇലക്ട്രോമാഗ്നെറ്റിക് തരംഗങ്ങളുടെ ഗതിവിഗതികൾ പഠിക്കുക ആയിരുന്നു അദ്ദേഹം. പ്രകാശത്തിന്‍റെ ഒരു നേർത്തകണികയ്ക്ക് പോലും കടക്കാനാകാത്ത വിധം കൊട്ടിയടയ്ക്കപ്പെട്ടതായിരുന്നു ആ മുറി. പിന്നെയിതെവിടുന്നാണ്…? ഗ്ലാസ്‌ ട്യൂബ് കറുത്ത തുണികൊണ്ട് മൂടിയിരുന്നെങ്കിലും അതിനെയും കടന്നു ചില തരംഗങ്ങൾ പുറത്തുവരുന്നതായിരിക്കും കാരണമെന്ന് അദ്ദേഹം അനുമാനിച്ചു. ഉറപ്പിക്കാനായി അദ്ദേഹം തന്‍റെ കൈ അതിനു പ്രതിരോധമായി വച്ചു. അദ്ദേഹത്തിന് ആശ്ചര്യം കൊണ്ട് ബോധക്ഷയമുണ്ടായില്ലെന്നേയുള്ളൂ.
കയ്യുടെ മൊത്തത്തിലുള്ള നിഴലിനുപകരം ചുമരിൽ തെളിഞ്ഞത്, കയ്യിലെ അസ്ഥികൂടത്തിന്റെ ഇരുണ്ടനിഴൽചിത്രം…!

ഉടനെ ഭാര്യ ബർത്തയെ വിളിച്ചു ഈ അത്ഭുതപ്രതിഭാസം കാണിച്ചുകൊടുത്തു. രണ്ടുപേരും ഒരുമിച്ചിരുന്നു അതിശയം കൂറി. അറിഞ്ഞുകൂടാത്ത എന്തിനും ‘X’ എന്ന് വിളിക്കണം എന്ന അലിഖിത ശാസ്ത്രനിയമം അനുസരിച്ച് അതിനെ ‘X വികിരണങ്ങള്‍’ (X-RAYS) എന്ന് വിളിയ്ക്കാമെന്ന് അവർ തീരുമാനിച്ചു.

അദ്ദേഹം ഒരു ഫോട്ടോഗ്രാഫിക് പ്ലേറ്റ് എടുത്തുകൊണ്ട് വന്നു. വെളിച്ചം പതിയുന്ന സ്ഥലത്ത് അത് വച്ചു. ബർത്തയോട്‌ അവരുടെ കൈ അതിനുമുകളിൽ വയ്ക്കാൻ പറഞ്ഞു. അങ്ങനെ ലോകത്തെ ആദ്യത്തെ X-RAY ചിത്രം ആ പരീക്ഷണശാലയിൽ പിറവിയെടുത്തു.

ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും ലോകത്തെ ആദ്യ X-RAY ഡിപ്പാർട്ട്മെന്‍റ് ഗ്ലാസ്ഗോയിൽ ആരംഭിച്ചു കഴിഞ്ഞിരുന്നു.1901 ൽ ഭൗതികശാസ്ത്രത്തിനുള്ള ആദ്യത്തെ നൊബേൽ സമ്മാനം ഈ ‘അജ്ഞാത-വികിരണങ്ങൾ’ കണ്ടെത്തിയതിന് അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.

വൈദ്യശാസ്ത്രത്തിന് പുറമെ എയർപോർട്ടുകളിൽ ലെഗ്ഗെജ് സ്കാൻ ചെയ്യുന്നതും ഈ X-വികിരണങ്ങൾ ഉപയോഗിച്ച് തന്നെയാണ്. പഴയകാല പെയിന്റ്റിങ്ങുകളുടെയും കാലപ്പഴക്കം നിർണ്ണയിക്കാനും XRAY ഉപയോഗിക്കുന്നു. പിന്നെ സ്പെക്ട്രോസ്കോപി, X RAY ക്രിസ്റ്റല്ലോഗ്രഫി, ബഹിരാകാശ ഗവേഷണം തുടങ്ങിയവയ്ക്കും ഇത് ഉപയോഗിക്കാറുണ്ട്.

നവംബർ 8. വില്ല്യം റോൺജൻ എന്ന മഹാനായ ശാസ്ത്രജ്ഞൻ ഈ അത്ഭുതവികിരണം കണ്ടെത്തിയ ദിവസം. അതിന്‍റെ സ്മരണയിൽ എല്ലാ വർഷവും ഈ ദിവസം ലോകവികിരണശാസ്ത്രദിനമായി (INTERNATIONAL DAY OF RADIOLOGY) ആചരിക്കുന്നു.

Back to top button
error: