NEWS

മകൻ മൂന്ന് വര്‍ഷമായി ദുബായിലാണെന്ന് വീട്ടുകാർ, പക്ഷേ പാലക്കാട് വച്ച് കഞ്ചാവ് കടത്തി പിടിയിലായെന്ന് എക്സൈസ്; അമ്പരന്ന് വീട്ടുകാരും നാട്ടുകാരും

ഷിഹാബ് കഞ്ചാവ് കടത്തിയ കേസിൽ അറസ്റ്റിലായി എന്ന വിവരം അറിയിക്കാനാണ് എക്സൈസ്കാർ അയാളുടെ വീട്ടിലേയ്ക്കു വിളിച്ചത്. മകൻ ദുബായിലാണെന്നും നിങ്ങള്‍ക്ക് ആളു തെറ്റിയതാണെന്നും ഷിഹാബിന്റെ പിതാവ് പറഞ്ഞപ്പോൾ എക്സൈസിനും ആശയക്കുഴപ്പമായി. അവര്‍ ഷിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തപ്പോൾ വീട്ടുകാരും നാട്ടുകാരും ഞെട്ടി

തിരൂർ: ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് എക്സൈസിനെ വെട്ടിച്ച് പാഞ്ഞു പോയ കാറില്‍ നിന്ന് 54 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടിയത്.

കേസില്‍ തിരൂരങ്ങാടി സ്വദേശി രഞ്ജിത്, തിരൂര്‍ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റു ചെയ്തു. ഇതില്‍ ഷിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്സൈസ്കാർ വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.

തിരൂര്‍ കന്മനം സ്വദേശി ഷിഹാബ് ദുബായിലാണ് എന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്സൈസിനോട് പറഞ്ഞത്. ഇതോടെ അവർക്കും ആശയക്കുഴപ്പമായി. ഷിഹാബിന്റെ ഫോട്ടോ അവർ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകന്‍ ഇത്രയും നാള്‍ ദുബായിലാണെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് ബോധ്യമായത്. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിദേശത്താണ് എന്നായിരുന്നു വീട്ടുകാരും നാട്ടുകാരും കരുതിയിരുന്നത്.

ദിവസവും ശിഹാബ് ദുബായില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു. അവിടെ സൂപ്പര്‍ മാര്‍ക്കറ്റിലാണു ജോലിയെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതുകൊണ്ടാണ് ഷിഹാബ് അറസ്റ്റിലാണെന്ന് പറഞ്ഞിട്ടും വീട്ടുകാര്‍ വിശ്വസിക്കാതിരിക്കാന്‍ കാരണം. ഷിഹാബിന്റെ കൈവശം ഇന്തോനേഷ്യന്‍ സിം ഉണ്ടായിരുന്നു. ഇതുപയോഗിച്ച്‌ ഇന്റര്‍നെറ്റ് കോളാണ് ഇയാള്‍ ചെയ്തിരുന്നത്.

ദുബായില്‍ നിന്നാണെന്ന രീതിയില്‍ എല്ലാ മാസവും മുടങ്ങാതെ പണം അയക്കാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഷിഹാബിനെ ചോദ്യം ചെയ്തതോടെയാണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച കഥ പുറത്തായത്. ഏറെക്കാലവും ഇയാള്‍ തമിഴ്നാട്ടിലായിയിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് മലപ്പുറത്തും വന്ന് പോവാറുണ്ടായിരുന്നു. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി കടത്തിലൂടെ ലഭിച്ചിരുന്ന പണമാണ് ഇയാള്‍ വീട്ടിലേക്ക് അയച്ചിരുന്നത്.

അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതിയാണ് ഷിഹാബ്. ഷിഹാബിനെക്കുറിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കഞ്ചിക്കോട് ദേശീയ പാതയില്‍ ഇന്നലെ രാവിലെയാണ് എക്സൈസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കാറുകള്‍ നിര്‍ത്താതെ പോയത്. ഇതോടെ സംശയം തോന്നി പിന്തുടര്‍ന്നപ്പോഴാണ് കാറില്‍ നിന്നും അമ്പത് കിലോ കഞ്ചാവ് പിടികൂടിയത്.

അമിത വേഗതയില്‍ പോയ കാര്‍ കഞ്ചിക്കോട് വെച്ച്‌ ലോറിയിലിടിച്ച്‌ അപകടമുണ്ടായി. വാഹനത്തില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച  രഞ്ജിത്തിനെയും ഷിഹാബിനെയും  എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ചാക്കുകളിലായി കഞ്ചാവ് കണ്ടെത്തിയത്.

ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാര്‍ എക്സൈസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞു. ചെന്നൈയില്‍ നിന്നും തിരൂരിലേക്കാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. ഇവര്‍ സ്ഥിരമായി കഞ്ചാവ് കടത്തിയിരുന്നു എന്നും എക്സൈസ് വ്യക്തമാക്കി.

കഞ്ചാവ് കടത്ത് വ്യാപകമായതോടെയാണ് പരിശോധന ശക്തമാക്കിത്. കഴിഞ്ഞ ദിവസം മണ്ണാര്‍ക്കാട് ഒരു കാറില്‍ നിന്നും ഇരുന്നൂറ് കിലോ കഞ്ചാവും 357 ഗ്രാം ഹാഷിഷും പിടികൂടി.

Back to top button
error: